മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചാര്‍ലിയിലൂടെ എഡിറ്റിങ് രംഗത്തേക്ക് കടന്നുവന്നയാളാണ് ഷമീര്‍ മുഹമ്മദ്. ഒമ്പത് വര്‍ഷത്തെ കരിയറില്‍ അമ്പതോളം ചിത്രങ്ങള്‍ എഡിറ്റ് ചെയ്തിട്ടുണ്ട്. റാം ചരണിനെ നായകനാക്കി ഷങ്കര്‍ സംവിധാനം ചെയ്യുന്ന ഗെയിംചേഞ്ചറിലൂടെ തെലുങ്കിലും ഷമീര്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ചു.വില്ലന്‍ സിനിമയുടെ സെറ്റില്‍ വെച്ച് മോഹന്‍ലാലുമായുണ്ടായ അനുഭവം പങ്കുവെക്കുകയാണ് ഷമീര്‍.
താന്‍ എഡിറ്റ് ചെയ്ത അങ്കമാലി ഡയറീസും, മെക്‌സിക്കന്‍ അപാരതയും ഒരേദിവസം റിലീസ് ചെയ്തിരുന്നുവെന്നും രണ്ടിനും മികച്ച അഭിപ്രായം ലഭിച്ചെന്നും ഷമീര്‍ പറഞ്ഞു. അങ്കമാലി ഡയറീസിന്റെ എഡിറ്റര്‍ താനാണെന്ന് അറിഞ്ഞപ്പോള്‍ ആ സിനിമ കാണാന്‍ മോഹന്‍ലാല്‍ ആഗ്രഹം പ്രകടിപ്പിച്ചുവെന്നും ഷമീര്‍ പറഞ്ഞു.
ആ കാര്യം താന്‍ ലിജോയോട് പറഞ്ഞപ്പോള്‍ തന്റെ കൈയിലുള്ള ഫയല്‍ കാണിച്ചുകൊടുക്കാന്‍ പറഞ്ഞെന്നും മോഹന്‍ലാലിന് ആ സിനിമ കാണിച്ചുകൊടുത്തെന്നും ഷമീര്‍ പറഞ്ഞു. സിനിമ കണ്ട ശേഷം മോഹന്‍ലാല്‍ സിനിമ ഇഷ്ടമായെന്ന് പറഞ്ഞ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തുവെന്നും അതൊരു വലിയ കാര്യമായി തോന്നിയെന്നും ഷമീര്‍ കൂട്ടിച്ചേര്‍ത്തു. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ഷമീര്‍ ഇക്കാര്യം പറഞ്ഞത്.
‘അങ്കമാലി ഡയറീസും മെക്‌സിക്കന്‍ അപാരതയും ഞാന്‍ എഡിറ്റ് ചെയ്ത പടങ്ങളാണ്. രണ്ട് സിനിമയുടെയും റിലീസ് ഒരേ ദിവസമായിരുന്നു. രണ്ട് സിനിമയും റിലീസിന് മുമ്പ് കണ്ടത് ഞാന്‍ മാത്രമാണ്. എന്നോട് പലരും ചോദിച്ചു, ‘ഏത് സിനിമയാവും ഓടാന്‍ ചാന്‍സ്’ എന്ന്. രണ്ടും വേറെ വേറെ ഴോണറായതുകൊണ്ട് രണ്ടും ഹിറ്റാവുമെന്ന് എനിക്ക് അറിയാമായിരുന്നു. അതുപോലെ തന്നെ സംഭവിച്ചു.
രണ്ട് പടവും റിലീസായ സമയത്ത് ഞാന്‍ വില്ലന്റെ സെറ്റിലായിരുന്നു. അങ്കമാലിക്ക് പോസിറ്റീവ് റിപ്പോര്‍ട്ട്‌സ് കിട്ടിയപ്പോള്‍ ലാലേട്ടന്‍ എന്നെ വിളിച്ചിട്ട് ‘താനല്ലേ ആ പടത്തിന്റെ എഡിറ്റര്‍, അത് കാണാന്‍ വല്ല വഴിയുമുണ്ടോ? എന്ന് ചോദിച്ചു. ലിജോയോട് ചോദിച്ചിട്ട് പറയാമെന്ന് ഞാന്‍ പറഞ്ഞു. ലിജോയെ വിളിച്ച് ചോദിച്ചപ്പോള്‍ ധൈര്യമായിട്ട് കൊടുത്തോ എന്ന് പറഞ്ഞു. ലാലേട്ടന് ആ സിനിമ ഇഷ്ടപ്പെട്ടു, പുള്ളി അതിനെപ്പറ്റി ഫേസ്ബുക്കില്‍ പോസ്റ്റുമിട്ടു,’ ഷമീര്‍ പറഞ്ഞു.
Content Highlight: Shameer Muhammed about the experience with Mohanlal