|

ഒരേ ദിവസം ഇറങ്ങിയ ടൊവിനോ, പെപ്പെ ചിത്രങ്ങൾ, അതിലൊന്ന് കണ്ട് ലാലേട്ടൻ അടിപൊളിയെന്ന് പോസ്റ്റിട്ടു: എഡിറ്റർ ഷമീർ മുഹമ്മദ്‌

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ന് മലയാളത്തിലെ തിരക്കുള്ള എഡിറ്ററാണ് ഷമീർ മുഹമ്മദ്. ഈയിടെ തിയേറ്ററിൽ വലിയ വിജയമായ ടർബോ എഡിറ്റ്‌ ചെയ്തത് ഷമീർ ആയിരുന്നു.

ഷമീർ എഡിറ്റ്‌ ചെയ്ത അങ്കമാലി ഡയറീസും ഒരു മെക്സിക്കൻ അപാരതയും ഒരു ദിവസം റിലീസായ അനുഭവം പറയുകയാണ് ഷമീർ. തന്നോട് ഈ കാര്യം ആദ്യം പറയുന്നത് ലിജോ ജോസ് പെല്ലിശ്ശേരിയാണെന്നും രണ്ടിന്റെയും അണിയറ പ്രവർത്തകർ ഏത്‌ ചിത്രമാണ് കൂടുതൽ ഇഷ്ടമെന്ന് ചോദിക്കാറുണ്ടായിരുന്നുവെന്നും ഷമീർ പറഞ്ഞു. ആ സമയത്താണ് താൻ വർക്ക്‌ ചെയ്യുന്ന വില്ലൻ എന്ന ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കുന്നതെന്നും ഷമീർ പറഞ്ഞു. ക്ലബ്ബ് എഫ്. എമ്മിനോട് സംസാരിക്കുകയായിരുന്നു ഷമീർ.

‘അങ്കമാലി ഡയറീസും ഒരു മെക്സിക്കൻ അപാരതയും ഒരേ ദിവസം റിലീസായി. അത് ആദ്യം എന്നോട് പറയുന്നത് ലിജോ ചേട്ടനാണ്. എനിക്കറിയില്ലായിരുന്നു ഒരേ ദിവസമാണ് റിലീസെന്ന്.

ലിജോ ചേട്ടൻ ഒരു ദിവസം വന്നിട്ട് പറഞ്ഞു, നിനക്ക് ലോട്ടറി അടിച്ചല്ലോയെന്ന്. ഞാൻ എന്താണെന്ന് ചോദിച്ചപ്പോൾ ലിജോ ചേട്ടൻ പറഞ്ഞു, നിന്റെ രണ്ട് പടവും ഒരേ ദിവസമാണ് റിലീസെന്ന്. എന്നിട്ട് ഈ രണ്ട് പടത്തിന്റെ ആളുകളും എന്നോട് ചോദിക്കും, നിനക്ക് ഏത്‌ പടമാണ് ഇഷ്ടം, ഏത്‌ പടമാണ് നല്ലത് ഏതാണ് ഓടുകയെന്നെല്ലാം. രണ്ടിന്റെയും ആളുകൾ ചോദിക്കുമായിരുന്നു.

മെക്സിക്കനും അങ്കമാലിയും റിലീസ് ആവുന്ന ദിവസമായിരുന്നു ലാലേട്ടന്റെ വില്ലന്റെ ഷൂട്ട് തുടങ്ങുന്നത്. സിനിമകൾ റിലീസായി ഉച്ചയൊക്കെ ആയപ്പോൾ അറിയാൻ കഴിഞ്ഞു. രണ്ട് സിനിമയും കുഴപ്പമില്ലാത്ത അഭിപ്രായങ്ങൾ നേടി.

ആദ്യത്തെ ദിവസം മെക്സിക്കനായിരുന്നു ആളുകൾ കൂടുതൽ. പിന്നെ രണ്ട് മൂന്ന് ദിവസം കൂടി കഴിഞ്ഞപ്പോൾ അങ്കമാലി ഡയറീസിനായി ആളുകൾ കൂടുതൽ. അങ്ങനെ ഒരു ദിവസം ലാൽ സാർ എന്നോട് ചോദിച്ചു, നിന്റെ ഒരു പടം ഇറങ്ങിയല്ലോ അത് കാണാൻ പറ്റുമോയെന്ന്.

ഞാൻ നേരെ ലിജോ ചേട്ടന്റെ അടുത്ത് ചെന്ന് പറഞ്ഞു, മടിച്ച് നിക്കണ്ട ലാലേട്ടന് ഇപ്പോൾ തന്നെ പടം കൊടുത്തേക്കെന്ന്. അങ്ങനെ ലാൽ സാറിന് പടം കൊടുത്തു. ലിജോ ചേട്ടൻ അദ്ദേഹത്തെ കാണാൻ വന്നു.

ലാൽ സാർ അങ്ങനെ അപൂർവം പടങ്ങൾക്കൊക്കെയെ കണ്ടിട്ട് പോസ്റ്റ്‌ ഇട്ടിട്ടുള്ളൂ. അങ്കമാലി ഡയറീസ് കണ്ടിട്ട് ഓൺലൈനിൽ പുള്ളി സിനിമയെ കുറിച്ച് പോസ്റ്റ്‌ ചെയ്തു. അടിപൊളി പടമാണ് എന്നൊക്കെ പറഞ്ഞിട്ട്,’ ഷമീർ മുഹമ്മദ്‌ പറയുന്നു.

Content Highlight: Shameer Muhammadh Talk About Mohanlal