ഇന്ന് മലയാളത്തിലെ തിരക്കുള്ള എഡിറ്ററാണ് ഷമീർ മുഹമ്മദ്. ഈയിടെ തിയേറ്ററിൽ വിജയമായ മമ്മൂട്ടി ചിത്രം ടർബോയും ഇപ്പോൾ തിയേറ്ററിൽ തകർത്തോടുന്ന ടോവിനോ തോമസ് ചിത്രം അജയന്റെ രണ്ടാം മോഷണവുമെല്ലാം എഡിറ്റ് ചെയ്തിട്ടുള്ളത് ഷമീർ മുഹമ്മദാണ്.
ഓരോ സിനിമയും എഡിറ്റ് ചെയ്യുമ്പോൾ അത് കാണാൻ പോകുന്ന പ്രേക്ഷകരെ കുറിച്ച് താൻ ഓർക്കാറുണ്ടെന്നും അതനുസരിച്ചാണ് സിനിമ എഡിറ്റ് ചെയ്യാറുള്ളതെന്നും ഷമീർ മുഹമ്മദ് പറയുന്നു. ചില സാധനങ്ങൾ കൂടുതൽ കാണിച്ചാൽ ബോറാവുമെന്നും പ്രേക്ഷകർക്ക് ഒരു ക്ഷമയുടെന്നും ഷമീർ പറയുന്നു. വില്ലൻ എന്ന ചിത്രത്തിലെ മോഹൻലാലിന്റെ ഇമോഷണൽ സീനുകൾ താൻ കട്ട് ചെയ്തിട്ടില്ലെന്നും അത് വളരെ ഇഷ്ടപ്പെട്ട ഒന്നാണെന്നും ഷമീർ മുഹമ്മദ് പറഞ്ഞു.
‘ഞാനൊരു പടത്തിൽ വർക്ക് ചെയ്യുന്ന സമയത്ത് ആ ചിത്രത്തിന്റെ പ്രേക്ഷകർ ആരാണെന്ന് നോക്കാറുണ്ട്. ചില പടങ്ങൾ ഒരു നാല്പത് വയസിന് മുകളിൽ ഉള്ളവരായിരിക്കും കൂടുതൽ കാണാൻ പോവുന്നത്. ചില ചിത്രങ്ങൾ ചെറുപ്പക്കാരായിരിക്കും കാണുക. അതുപോലെ എല്ലാവരും കാണുന്ന ടൈപ്പ് സിനിമകളുമുണ്ട്.
ഓരോരുത്തർക്കും ഓരോ ക്ഷമയുണ്ടാവും. അവർക്ക് മനസിലാവുന്ന ഒരു രീതിയുണ്ടാവും. ചില സാധനങ്ങൾ കൂടുതൽ കാണിച്ചാൽ ബോറടിക്കും. ചിലത് കുറച്ച് മാത്രം കാണിച്ചാൽ മതിയാവും. എപ്പോഴും ആയൊരു മൈൻഡ് സെറ്റ് നോക്കിയാണ് ഞാൻ ഫിലിം എഡിറ്റ് ചെയ്യാറുള്ളത്.
വില്ലൻ എന്ന ചിത്രത്തിലെ ലാലേട്ടന്റെ ഇമോഷണൽ സീൻ എടുത്താൽ, അതിലെ ക്ലാപ് ബോർഡ് മാത്രമേ ഞാൻ കട്ട് ചെയ്തിട്ടുള്ളൂ അതിനുശേഷം ഉള്ളതൊന്നും ഞാൻ തൊട്ടിട്ടില്ല. ആ ഷോട്ടിൽ സ്കേലിങ് ഒന്നുമില്ല. ക്യാമറ സൂം ചെയ്താണ് ആ ഷോട്ട് എടുത്തിട്ടുള്ളത്. ആ ഷോട്ട് എഡിറ്റ് ചെയ്യുന്ന സമയത്ത് എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു. സിനിമ കണ്ടിട്ട് നമ്മളൊരു ജഡ്ജ്മെന്റിൽ എത്തുമല്ലോ,’ഷമീർ മുഹമ്മദ് പറയുന്നു.
ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ചിത്രമായിരിന്നു വില്ലൻ. മോഹൻലാൽ മാത്യു മാഞ്ഞൂരാൻ എന്ന കഥാപാത്രമായി എത്തിയ ചിത്രത്തിൽ മഞ്ജു വാര്യരായിരുന്നു നായിക. സിനിമ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ചിത്രത്തിലെ മോഹൻലാലിന്റെ പ്രകടനം വലിയ ചർച്ചയായി മാറിയിരുന്നു.
Content Highlight: Shameer Muhammad Talk About Performance of Mohanlal In Villain Movie