തന്റെ രക്തത്തിനായി മുറവിളി കൂട്ടിയ സ്വന്തം നാട്ടുകാര്‍ക്ക് മുമ്പില്‍ നടത്തിയ വെടിക്കെട്ട്; ഒരു മരണ മാസ് സ്റ്റോറിയുടെ ഹൈലൈറ്റായാലോ...
Sports News
തന്റെ രക്തത്തിനായി മുറവിളി കൂട്ടിയ സ്വന്തം നാട്ടുകാര്‍ക്ക് മുമ്പില്‍ നടത്തിയ വെടിക്കെട്ട്; ഒരു മരണ മാസ് സ്റ്റോറിയുടെ ഹൈലൈറ്റായാലോ...
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 14th August 2024, 3:08 pm

ഈ കഥയിലെ നായകന്‍ കെവിന്‍ പീറ്റേഴ്‌സണ്‍. അദ്ദേഹം ആരെന്ന് ബോധ്യപ്പെടുത്തി തരാന്‍ ഒരു കമന്ററിയുടെയും ആവശ്യമില്ല. എങ്കിലും ചുരുക്കി പറയുമ്പോള്‍ സൗത്താഫ്രിക്കയില്‍ ജനിച്ച് ഇംഗ്ലണ്ട് ടീമിനെ പ്രതിനിധീകരിച്ച ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരുവനായി പേരെടുത്ത ഒരു കളിക്കാരന്‍.

1980 ജൂണ്‍ 27ന് സൗത്താഫ്രിക്കയിലെ പീറ്റര്‍മാരിറ്റ്‌സ്ബര്‍ഗിലായിരുന്നു പീറ്റേഴ്‌സണിന്റെ ജനനം. വളര്‍ന്നതും പഠനവുമൊക്കെ അവിടെ തന്നെ. ഒപ്പം ക്രിക്കറ്റിലേക്കും ചുവടുവെച്ചു.

ബാറ്റിങ്ങിലെ ടാലന്റില്‍ ആ വളര്‍ച്ച സൗത്താഫ്രിക്കയിലെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ടീമിലേക്കുമെത്തി. പക്ഷെ സൗത്താഫ്രിക്കന്‍ ദേശീയ ടീമിലേക്കുള്ള ലക്ഷ്യത്തിനിടെ അവിടത്തെ ക്വാട്ട സമ്പ്രദായത്തില്‍ തീര്‍ത്തും അതൃപ്തനായി. യുവാവായിരുന്ന പീറ്റേഴ്‌സണ്‍ മറ്റൊരു ഭാഗ്യം തേടി ഈ മില്ലേനിയത്തിന്റെ തുടക്കത്തില്‍ ഇംഗ്ലണ്ടിലേക്ക് പറക്കുന്നു. തന്റെ മാതാവ് ഒരു ഇംഗ്ലണ്ടുകാരിയായിരുന്നു എന്നതായിരുന്നു പീറ്റേഴ്‌സണ് അവിടമായുള്ള ബന്ധം.

ഇംഗ്ലണ്ടിലെത്തിയ ശേഷം പീറ്റേഴ്‌സണ്‍ നോട്ടിങ്ഹാംഷെയര്‍ കൗണ്ടി ടീമിലൂടെ തന്റെ കരിയറിനെ മാറ്റം വരുത്താനുള്ള ഒരു യാത്ര ആരംഭിക്കുന്നു. ടീമില്‍ മികച്ച പ്രകടനങ്ങള്‍ തന്നെ നടത്താന്‍ കഴിയുന്നുമുണ്ട്.

അത് കഴിഞ്ഞ് ഹാംഷെയര്‍ ടീമിലേക്കും എത്തുന്നു. അവിടെയും മികച്ച പ്രകടനങ്ങള്‍ തന്നെ തുടരുന്നു. ആ പ്രകടനങ്ങളുടെ ഫലമായി അധികം വൈകാതെ തന്നെ പിറ്റേഴ്‌സണ്‍ ഇംഗ്ലണ്ട് മാന്‍ഡേറ്റും നേടുന്നു.

അങ്ങനെ ഇംഗ്ലണ്ടിന് വേണ്ടി ഏകദിന മത്സരത്തിലൂടെ അരങ്ങേറ്റം കുറിച്ച് രണ്ടോ മൂന്നോ മത്സരങ്ങള്‍ കളിച്ച ശേഷം തന്റെ അന്താരാഷ്ട്ര കരിയറിന്റെ തുടക്കത്തില്‍ തന്നെ തന്റെ ജന്മദേശമായ സൗത്ത് ആഫ്രിക്കയില്‍ ഏകദിന മത്സര പരമ്പരക്കായി ഇംഗ്ലണ്ട് ടീമിനൊപ്പം പര്യടനം നടത്തേണ്ടി വരുന്ന ഒരു ദുര്‍ഘടമായ സന്ദര്‍ഭം പീറ്റേഴ്‌സണ് മുമ്പില്‍ കടന്നു വരുകയാണ്.

സ്വന്തം നാട്ടുകാര്‍ക്ക് മുമ്പില്‍ മറ്റൊരു രാജ്യത്തിന് വേണ്ടി കളിക്കാന്‍ വരുന്നതിനോട് ആളുകള്‍ എങ്ങിനെ പ്രതികരിക്കുമെന്ന ഒരു ആശങ്ക അവിടെ നിലനില്‍ക്കുന്നുമുണ്ടായിരുന്നു.

പ്രതീക്ഷിച്ചതുപോലെ തന്നെ ഇംഗ്ലണ്ട് ടീമിനൊപ്പം സൗത്ത് ആഫ്രിക്കയില്‍ വന്നിറങ്ങിയ പീറ്റേഴ്‌സണ് തന്റെ രക്തത്തിനായി മുറവിളികൂട്ടുന്ന ആള്‍കൂട്ടത്തില്‍ നിന്നും തികച്ചും ഒരു ശത്രുതാപരമായ സ്വീകരണമായിരുന്നു ലഭിച്ചത്.

രാജ്യത്തിന്റെ പല ഭാഗത്ത് നിന്നും ആ വെറുപ്പ് പീറ്റേഴ്‌സണെ തേടിയെത്തി. എന്തിനേറെ പറയുന്നു സൗത്താഫ്രിക്കന്‍ ക്യാപ്റ്റന്‍ ഗ്രെയം സ്മിത്ത് പോലും അത്തരം ആളുകളുടെ പക്ഷക്കാരനായിരുന്നു.

‘It was cut-throat stuff. My parents were in shock. My mother was crying when they’re swearing and shouting ‘traitor’. People were hysterical,’ അന്ന് ആളുകളില്‍ നിന്നുമുണ്ടായ ആ അനുഭത്തെ കുറിച്ച് പീറ്റേഴ്‌സണ്‍ തന്നെ പിന്നീട് പറയുകയുണ്ടായി.

പരമ്പര തുടങ്ങി. ആദ്യ മത്സരം നടന്ന ജോഹനാസ്ബര്‍ഗില്‍ ടോസ് നേടി ഫീല്‍ഡിങ്ങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ടീമിനായി പീറ്റേഴ്‌സണ്‍ മൈതാനത്തേക്കിറങ്ങിയപ്പോള്‍ സ്റ്റേഡിയത്തിലുള്ള സൗത്ത് ആഫ്രിക്കന്‍ ആരാധകരിലെ ആ വെറുപ്പ് വീണ്ടും ആളിക്കത്തി.

ഫീല്‍ഡിലുള്ള പീറ്റേഴ്‌സനെ അവര്‍ തരം കിട്ടുമ്പോഴെല്ലാം മോശമായിത്തന്നെ അധിക്ഷേപിച്ചുകൊണ്ടേയിരുന്നു…

എന്നാല്‍ ആ അധിക്ഷേപത്തില്‍ ഒട്ടും പതറാതെ, അത്തരം ആളുകളുടെ മുമ്പില്‍ വെച്ചുതന്നെ ഒരു ഉജ്ജ്വല ക്യാച്ച് പീറ്റേഴ്‌സണ്‍ സ്വന്തമാക്കുന്നുണ്ട്. മഴ മൂലം ഉപേക്ഷിച്ച ആ മത്സരത്തില്‍ ബാറ്റ് ചെയ്യാനിറങ്ങിയപ്പോഴും ആളുകള്‍ തുടര്‍ന്ന ആ കൂവലില്‍ പതറാതെയും പുറത്താകാതെയും 22 റണ്‍സും പീറ്റേഴ്‌സണ്‍ സ്വന്തമാക്കി.

ഇനിയാണ് ആ പറഞ്ഞ മാസ്…

പില്‍ക്കാലങ്ങളില്‍ സമ്മര്‍ദങ്ങളില്‍ തളരാതെ മുന്നേറിയ പീറ്റേഴ്‌സണ്‍, ഏഴ് മത്സരങ്ങളുള്ള ആ പരമ്പരയില്‍ ഒരു തകര്‍പ്പന്‍ സെഞ്ച്വറിയിലൂടെ തുടക്കം കുറിക്കുകയും പിന്നീടുള്ള മത്സരങ്ങളില്‍ തന്നെ അധിക്ഷേപിച്ച ആളുകള്‍ക്ക് താന്‍ എന്താണെന്ന് ശരിക്കുമറിയിച്ച് കൊടുക്കുകയുമാണ്.

തുടര്‍ച്ചയായ മത്സരങ്ങളില്‍ മിന്നുന്ന ബാറ്റിങ്ങ് പെര്‍ഫോര്‍മന്‍സുമായി അവരെ നിശബ്ദരാക്കി താന്‍ എന്താന്നെന്നും, തന്റെ രീതി എങ്ങനെയാണെന്നുമുള്ള മറുപടിയിലൂടെ അവര്‍ക്കൊരു തക്കതായ മുന്നറിയിപ്പും പീറ്റേഴ്‌സണ്‍ കൊടുത്തു.

അതിഗംഭീരവും സ്‌ഫോടനാത്മകവുമായ ഇന്നിങ്‌സുകളുടെ ഒരു ശൃംഖലയുമായി തുടര്‍ന്നുള്ള മത്സരങ്ങളില്‍ പീറ്റേഴ്‌സണ്‍ അരങ്ങുവാണപ്പോള്‍ പിന്നീടുള്ള സ്‌കോറുകള്‍ ഇപ്രകാരമായിരുന്നു.

രണ്ടാം ഏകദിനം 96 പന്തില്‍ നിന്നും 108* റണ്‍സ്, മൂന്നാം ഏകദിനം 37 പന്തില്‍ 33 റണ്‍സ്, നാലാം ഏകദിനം 85 പന്തില്‍ 75 റണ്‍സ്, അഞ്ചാം ഏകദിനം 69 പന്തില്‍ 100*, ആറാം ഏകദിനം മഴമൂലം ഉപേക്ഷിച്ചതിനാല്‍ ബാറ്റ് ചെയ്യാന്‍ അവസരം കിട്ടിയില്ല, ഏഴാം ഏകദിനം 110 പന്തില്‍ 116.

നിര്‍ഭാഗ്യവശാല്‍ ഇംഗ്ലണ്ടിന് 4 -1ന് സൗത്താഫ്രിക്കയോട് പരമ്പര അടിയറവ് വെക്കേണ്ടി വന്നു. പക്ഷേ തകര്‍പ്പന്‍ മൂന്ന് സെഞ്ച്വറികളും ഒരു അര്‍ധ സെഞ്ച്വറിയും അടക്കം 6 ഇന്നിങ്ങ്‌സുകളില്‍ നിന്നായി 454 റണ്‍സാണ് താരം നേടിയത്. പരമ്പരയിലെ ടോപ് സ്‌കോററായ പീറ്റേഴ്‌സണ്‍ രണ്ട് പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു.

സൗത്ത് ആഫ്രിക്കയുടെ കരുത്തുറ്റ ബൗളിങ് ആക്രമണത്തെയും അതില്‍ തന്നെ സ്ലെഡ്ജ് ചെയ്തവരേയെല്ലാം തിരിഞ്ഞ് പിടിച്ചും സ്വതസിദ്ധമായ KP സ്‌റ്റൈലില്‍ തല്ലിത്തകര്‍ത്തും മുന്നേറിയ താരം പരമ്പരയിലെ ഹീറോയായി മാറുകയായിരുന്നു.

എന്തിനേറെ പറയുന്നു, ഇംഗ്ലണ്ടിന് വേണ്ടി കളിക്കാന്‍ താരുമാനിച്ച തന്റെ അന്താരാഷ്ട്ര കരിയറിലെ അവിടന്നങ്ങോട്ടേക്കുള്ള യാത്രയിലും ഇതേ പ്രകടനം അദ്ദേഹം ആവര്‍ത്തിച്ചു.

2005ല്‍ ആഷസ് പരമ്പരക്കെത്തിയ മൈറ്റി ഓസീസിന്റെ പുകള്‍പ്പറ്റ ബൗളിങ് ആക്രമണത്തെ തെല്ലും വിലകല്‍പ്പിക്കാതെ അറ്റാക്കിങ് മനോഭാവത്തോടെ നേരിട്ട മാസ് ബാറ്റിങ് ഡിസ്‌പ്ലേകളിലൂടെ കുറച്ചുകാലത്തേക്കെങ്കിലും ഡേവിഡ് ബെക്കാമിനെ പോലും പിന്നിലാക്കിക്കൊണ്ട് ബ്രിട്ടീഷ് ഐക്കണുകളുടെ ജനപ്രിയ ചാര്‍ട്ടില്‍ കെവിന്‍ പീറ്റേഴ്‌സണ്‍ എന്ന ആരാധകരുടെ പ്രിയപ്പെട്ട KP വളരെ പെട്ടെന്ന് തന്നെ ഉയര്‍ന്നു വരികയും ചെയ്ത അവവസ്ഥയിലേക്ക് വരെ കാര്യങ്ങള്‍ എത്തുകയുമുണ്ടായി…

 

ഷമീല്‍ സലാ

 

 

Content Highlight: Shameel Salah writes about Kevin Pietersen