| Tuesday, 17th April 2018, 3:04 pm

കഠ്‌വ; പ്രതികള്‍ക്ക് പിന്തുണയുമായി മുന്‍ ബി.ജെ.പി മന്ത്രിയുടെ നേതൃത്വത്തില്‍ വീണ്ടും പ്രതിഷേധ റാലി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: ജമ്മുകാശ്മീരിലെ കഠ്‌വയില്‍ മുസ്‌ലിം പെണ്‍കുട്ടിയെ ക്രൂരപീഡനത്തിന് ഇരയാക്കി കൊന്ന പ്രതികള്‍ക്ക് പിന്തുണയുമായി മുന്‍ ബി.ജെ.പി മന്ത്രിയുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലി. കഠ്‌വ സംഭവം സി.ബി.ഐ അന്വേഷിക്കണമെന്നും പരാതിക്കാരെ നുണപരിശോധനയ്ക്ക് വിധേയരാക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. നേരത്തെ പ്രതികളെ പിന്തുണച്ച് റാലി നടത്തിയതിന്റെ പേരില്‍ മന്ത്രിസഭയില്‍ നിന്നും രാജിവച്ച ലാല്‍ സിംഗിന്റെ നേതൃത്വത്തിലായിരുന്നു റാലി. ഇതില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും ഹിന്ദു ഏക്താ മഞ്ചിന്റെ പ്രവര്‍ത്തകരാണെന്നും റിപ്പോര്‍ട്ടുണ്ട്.


Read Also :ഇതൊന്നും കണ്ട് പേടിച്ചോടില്ല; മതത്തിന്റെ പേരും പറഞ്ഞു എന്റെ ശരീരം ആഘോഷിക്കുന്ന എല്ലാ സംഘികള്‍ക്കും നല്ല നമസ്‌കാരം; കത്തുവ പ്രതിഷേധചിത്രത്തിന്റെ പേരില്‍ നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരെ ദുര്‍ഗ


കാശ്മീര്‍ മന്ത്രിസഭയിലെ ബി.ജെ.പി മന്ത്രിമാരായ ഗംഗയും ലാല്‍ സിംഗും പ്രതികള്‍ക്ക് വേണ്ടി നടത്തിയ റാലിയില്‍ പങ്കെടുത്തത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കഠ്‌വ ബലാത്സംഗക്കേസില്‍ അറസ്റ്റിലായവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ദേശീയ പതാകയുമേന്തി റാലി നടത്തിയവരായിരുന്നു ഇരുവരും. ഹിന്ദു ഏക്താ മഞ്ചിന്റെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച് സംഘടിപ്പിച്ചിരുന്നത്. പ്രതിഷേധം രൂക്ഷമായപ്പോള്‍ ഇവര്‍ രാജിവെക്കുകയായിരുന്നു. പിന്നീട് പാര്‍ട്ടി പറഞ്ഞിട്ടാണ് തങ്ങള്‍ പ്രകടനത്തിന് പോയതെന്നും ഇവര്‍ പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് വീണ്ടും കത്തുവയില്‍ പ്രതികള്‍ക്ക് വേണ്ടി ഇവര്‍ പ്രകടനം നടത്തിയത്.


Read Also : ‘കത്തുവ ബലാത്സംഗക്കേസില്‍ പ്രതികള്‍ക്കായി റാലി നടത്തിയത് ബി.ജെ.പി നേതൃത്വം പറഞ്ഞിട്ട്’; വെളിപ്പെടുത്തലുമായി രാജിവെച്ച മന്ത്രി, വീഡിയോ


തങ്ങള്‍ നിരപരാധികളാണെന്നും നുണപരിശോധനയ്ക്ക് വിധേയരാക്കണമെന്നും കേസിലെ എട്ട് പ്രതികള്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് താഴ്വരയില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചതെന്നത് ശ്രദ്ധേയമാണ്. കേസിലെ പ്രതികളില്‍ ഏഴ് പേരെ കഴിഞ്ഞ ദിവസം ജില്ലാ സെഷന്‍സ് ജഡ്ജിയുടെ മുന്നില്‍ ഹാജരാക്കിയിരുന്നു. പ്രതികള്‍ക്ക് കുറ്റപത്രത്തിന്റെ പകര്‍പ്പ് നല്‍കാന്‍ ഉത്തരവിട്ട കോടതി കേസ് ഏപ്രില്‍ 28ന് പരിഗണിക്കുമെന്നും പറഞ്ഞിരുന്നു.

ജമ്മുവിനടുത്തുള്ള കഠ്‌വയിലെ രസന ഗ്രാമത്തിലെ വീടിന് സമീപത്ത് നിന്ന് ജനുവരി 10ന് കാണാതായ എട്ടുവയസുകാരിയെ ഏഴു ദിവസങ്ങള്‍ക്ക് ശേഷമാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. കേസില്‍ എട്ടുപേരാണ് ഇതുവരെ അറസ്റ്റിലായത്.

പെണ്‍കുട്ടിയുടെ കുടുംബമടങ്ങുന്ന ബക്കര്‍വാല്‍ മുസ്ലിം നാടോടി സമുദായത്തെ രസനയില്‍ നിന്നും ഭയപ്പെടുത്തി ആട്ടിയോടിക്കുന്നതിനായി റിട്ട റവന്യൂ ഉദ്യോഗസ്ഥനായ സഞ്ചി റാം ആണ് കൊലപാതകവും തട്ടിക്കൊണ്ടു പോകലും ആസൂത്രണം ചെയ്തത്.

Latest Stories

We use cookies to give you the best possible experience. Learn more