| Monday, 9th April 2012, 9:57 am

ആയിരങ്ങള്‍ പട്ടിണി കിടക്കുമ്പോള്‍ ആയുധങ്ങള്‍ക്ക് പണം ചിലവഴിക്കുന്നത് നാണക്കേട്: ഇന്ത്യയ്ക്കും പാക്കിസ്ഥാനുമെതിരെ ബിലാവല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ആയിരങ്ങള്‍ ദാരിദ്ര്യത്തില്‍ കഴിയുമ്പോവും ഇന്ത്യയും പാക്കിസ്ഥാനും ആയുധങ്ങള്‍ക്ക് വേണ്ടി പണം ചിലവഴിക്കുന്നത് നാണക്കേടാണെന്ന്  പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവ് ബിലാവല്‍ ഭൂട്ടോ. പിതാവ് ആസിഫലി സര്‍ദാരിക്കൊപ്പം ഒരു ദിവസത്തെ ഇന്ത്യാസന്ദര്‍ശനത്തിനെത്തിയ അദ്ദേഹം ട്വിറ്ററിലൂടെയാണ് ഈ അഭിപ്രായമറിയിച്ചത്.

” ജനസംഖ്യയുടെ വലിയൊരു ഭാഗം കടുത്ത ദാരിദ്ര്യത്തില്‍ കഴിയുമ്പോള്‍ ആയുധങ്ങള്‍ക്കായി രാജ്യങ്ങള്‍ ( ഇന്ത്യയും പാക്കിസ്ഥാനും) ഒരുപാട് പണം ചിലവഴിക്കുന്നത് വലിയ നാണക്കേടാണ്” ബിലാവല്‍ പറഞ്ഞു. പരസ്പരം പലവട്ടം നശിപ്പിക്കാനുള്ള ആണവായുധങ്ങള്‍ ഇതിനകം തന്നെ ഇരുരാജ്യങ്ങളുടെയും കൈവശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വിദ്യാഭ്യാസം, ആരോഗ്യം, ബിസിനസ്, വിപണനം എന്നീ മേഖലയില്‍ ഇരുരാജ്യങ്ങളും കൂടുതല്‍ പണം ചിലവഴിക്കേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

“സമാധാനം നിങ്ങളോടൊപ്പം. ഞാന്‍ ദല്‍ഹിയിലെത്തി. ആദ്യ വരവ് എന്നതായിരുന്നു ബിലാവലിന്റെ ആദ്യ ട്വിറ്റര്‍ സന്ദേശം. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയോടും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനോടുമൊപ്പം ഉച്ചഭക്ഷണം കഴിച്ചുവെന്നും രുചികരമായ ഭക്ഷണമായിരുന്നുവെന്നും പരസ്പരം പഠിക്കേണ്ട പല കാര്യങ്ങളുമുണ്ടെന്നും പിന്നീട് ബിലാവല്‍ എഴുതി. പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു ഭക്ഷണം. സുള്‍ഫിക്കര്‍ അലി ഭൂട്ടോ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ബേനസീര്‍ ഭൂട്ടോ ഒപ്പം വന്നിരുന്ന കാര്യവും ബിലാവല്‍ അനുസ്മരിച്ചു.

We use cookies to give you the best possible experience. Learn more