ജയിച്ചിട്ടും കൊല്‍ക്കത്തക്ക് നാണക്കേട്; എല്ലാം കൊണ്ടും സ്‌ട്രോങ്ങാണ് പക്ഷെ ഒരിടത്ത് പാളി!
Sports News
ജയിച്ചിട്ടും കൊല്‍ക്കത്തക്ക് നാണക്കേട്; എല്ലാം കൊണ്ടും സ്‌ട്രോങ്ങാണ് പക്ഷെ ഒരിടത്ത് പാളി!
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 30th March 2024, 11:55 am

ഇന്നലെ നടന്ന ഐ.പി.എല്‍ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 7 വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം. ടോസ് നേടിയ കൊല്‍ക്കത്ത ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ചലഞ്ചേഴ്സിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സ് ആണ് റോയല്‍ ചലഞ്ചേഴ്‌സ് നേടാന്‍ സാധിച്ചത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ 16.5 ഓവറില്‍ കൊല്‍ക്കത്ത 186 റണ്‍സ് നേടി വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

കൊല്‍ക്കത്ത ബൗളിങ് നിരയില്‍ ഹര്‍ഷിദ് റാണ, ആന്ദ്രെ എന്നിവര്‍ രണ്ടു വിക്കറ്റും രണ്ട് വിക്കറ്റും സുനില്‍ നരേന്‍ ഒരു വിക്കറ്റും നേടി. എന്നാല്‍ കെ.കെ.ആറിന്റെ കണക്ക് കൂട്ടലുകള്‍ തെറ്റിച്ചത് മിച്ചല്‍ സ്റ്റാര്‍ക്കാണ്. 24.75 കോടിക്ക് വാങ്ങിയ സ്റ്റാര്‍ക്കിന് ഒരു വിക്കറ്റ് പോലും നേടാന്‍ സാധിച്ചില്ല. മാത്രമല്ല 47 റണ്‍സ് വിട്ടുകൊടുത്ത് എക്സ്പെന്‍സീവ് ഓവര്‍ മാത്രമാണ് സ്റ്റാര്‍ക്ക് സമ്മാനിച്ചത്. നാല് ഓവറില്‍ 47 റണ്‍സാണ് സ്റ്റാര്‍ക്ക് വിട്ടുകൊടുത്തത്. 11.75 എന്ന എക്കണോമിയിലാണ് താരത്തിന്റെ ബൗളിങ്. കഴിഞ്ഞ മത്സരത്തിലും സ്റ്റാര്‍ക്കിന് കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല. ഇതോടെ രണ്ട് കളിയിലുമായി 8 ഓവറില്‍ വിക്കറ്റോ മെയ്ഡന്‍ ഓവറോ എടുക്കാതെ 100 റണ്‍സാണ് സ്റ്റാര്‍ക്ക് വിട്ടുകൊടുത്തത്.

ഇതോടെ താളം കണ്ടെത്താനാവാതെ ഇഴയുന്ന സ്റ്റാര്‍ക്കിനെ എന്ത് ചെയ്യണമെന്ന് അറിയാതെ അട്ടം നോക്കിയിരിക്കുകയാണ് ഗംഭീറും കൊല്‍ക്കത്തയും.

കൊല്‍ക്കത്ത ഓപ്പണര്‍ സുനില്‍ നരേന്‍ കാഴ്ചവെച്ച ഇലക്ട്രിക് സ്‌ട്രൈക്കില്‍ റൈഡേഴ്‌സ് തുടക്കത്തിലെ കുതിക്കുകയായിരുന്നു. 22 പന്തില്‍ നിന്ന് അഞ്ചു സിക്‌സറും രണ്ടു ഫോറും ഉള്‍പ്പെടെയാണ് നരേന്‍ എതിരാളികളെ അടിച്ചുതകര്‍ത്തത്.

കെ.കെ.ആറിന് വേണ്ടി വെങ്കിടേഷ് അയ്യര്‍ 30 പന്തില്‍ നാല് സിക്‌സറും മൂന്ന് ബൗണ്ടറിയും ഉള്‍പ്പെടെ 50 റണ്‍സ് നേടി തന്റെ ആദ്യ അര്‍ധ സെഞ്ച്വറി തികച്ചു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 24 പന്തില്‍ നിന്ന് രണ്ട് സിക്‌സറും ബൗണ്ടറിയും അടക്കം 39 റണ്‍സ് നേടി ടീമിനെ വിജയത്തില്‍ എത്തിച്ചു.

പരാജയപ്പെട്ടെങ്കിലും ടീമിന് വേണ്ടി മികച്ച പ്രകടനമാണ് വിരാട് കാഴ്ചവെച്ചത്. ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്സ് സ്‌കോര്‍ ഉയര്‍ത്തിയത് വിരാട് കോഹ്ലിയുടെ തകര്‍പ്പന്‍ പ്രകടനത്തിലാണ്. 59 പന്തില്‍ നാല് സിക്സറും നാല് ഫോറും അടക്കം 84 റണ്‍സാണ് താരം നേടിയത്. ഇന്നിങ്‌സിലെ അവസാന പന്ത് വരെ വിരാട് ക്രീസില്‍ തുടര്‍ന്നു. ടൂര്‍ണമെന്റിലെ ഓറഞ്ച് ക്യാപ്പ് നിലവില്‍ വിരാടിനാണ്.

 

Content Highlight: Shame on Kolkata despite winning