'തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബി.ജെ.പിയുടെ ഏജന്റാണ് '; ഷെയിം ഓണ്‍ ഇലക്ഷന്‍ കമ്മീഷന്‍ ട്വിറ്ററില്‍ ട്രെന്റിംഗ്
Bihar Election
'തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബി.ജെ.പിയുടെ ഏജന്റാണ് '; ഷെയിം ഓണ്‍ ഇലക്ഷന്‍ കമ്മീഷന്‍ ട്വിറ്ററില്‍ ട്രെന്റിംഗ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 11th November 2020, 3:06 pm

ന്യൂദല്‍ഹി: ബീഹാര്‍ തെരഞ്ഞെടുപ്പിന് പിന്നാലെ ട്വിറ്ററില്‍ ട്രെന്റിംഗ് ആയി ഷെയിം ഓണ്‍ ഇലക്ഷന്‍ കമ്മീഷന്‍. നിരവധി പേരാണ് ഈ ഹാഷ്ടാഗ് ഉപയോഗിച്ച് ട്വീറ്റ് ചെയ്തുകൊണ്ടിരിക്കുന്നത്.

‘ ജനങ്ങള്‍ ആരെ പിന്തുണയ്ക്കുന്നു എന്നതിന് പ്രസക്തിയില്ല തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബി.ജെ.പിയെ പിന്തുണയ്ക്കുന്നത് തുടരും’ എന്നാണ് ഒരു ട്വിറ്റര്‍ ഉപയോക്താവ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ബാലറ്റ് പേപ്പര്‍ തിരിച്ചുകൊണ്ടുവരണം എന്നാണ് മറ്റൊരു ഉപയോക്താവിന്റെ ട്വീറ്റ്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബി.ജെ.പിയുടെ ഏജന്റ് ആണ് , കോണ്‍ഗ്രസ് തോറ്റത് തെരഞ്ഞടുപ്പ് കമ്മീഷനും ഇ.വി.എമ്മും മൂലമാണ്, പണവും അധികാരവും ഉണ്ടെങ്കില്‍ എന്താണ് സാധ്യമാവാത്തത്,
‘ഇലക്ഷന്‍ ചീറ്റര്‍ ഓഫ് ഇന്ത്യ’ എന്നാണ് ഇ.സി.ഐയുടെ പൂര്‍ണരൂപമായി ഒരു ഉപയോക്താവ് എഴുതിയിരിക്കുന്നത്.

ബി.ജെ..പിയും ജെ.ഡി.യുവുമുള്ള സഖ്യത്തില്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു, ബി.ജെ.പി, ജെ.ഡി.യു, ഇലക്ഷന്‍ കമ്മീഷന്‍ എന്നിവര്‍ സഖ്യമുണ്ടാക്കിയപ്പോള്‍ തെരഞ്ഞെടുപ്പ് വിജയിച്ചു എന്നായിരുന്നു മറ്റൊരു ഉപയോക്താവിന്റെ ട്വീറ്റ്.

ബീഹാര്‍ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ വിജയിച്ചതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു.

നേരത്തെ ഇ.വി.എം ക്രമക്കേട് ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ഉപഗ്രഹങ്ങളെ ഭൂമിയില്‍ നിന്ന് നിയന്ത്രിക്കാന്‍ സാധിക്കുമെങ്കില്‍ എന്തുകൊണ്ട് ഇ.വി.എം നിയന്ത്രിച്ചുകൂടാ എന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ് ചോദിച്ചത്.

എന്നാല്‍ കോണ്‍ഗ്രസിന്റെ ഈ ആരോപണത്തില്‍ മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തിയിരുന്നു.

ഇ.വി.എമ്മുകള്‍ അട്ടിമറിക്കാന്‍ കഴിയില്ലെന്നും ഇക്കാര്യം നിരവധി തവണ തെളിയിക്കപ്പെട്ടതാണെന്നുമായിരുന്നു ഡെപ്യൂട്ടി ഇലക്ഷന്‍ കമ്മീഷണര്‍ സുദീപ് ജെയിന്‍ പറഞ്ഞത്. ‘ഒന്നിലധികം തവണ ഇ.വി.എമ്മുകളുടെ സമഗ്രത സുപ്രീം കോടതി ശരിവെച്ചിട്ടുണ്ട്. 2017 ലും ഇലക്ഷന്‍ കമ്മീഷന്‍ ഇ.വി.എം ചലഞ്ച് വാഗ്ദാനം ചെയ്തിരുന്നു. ഇ.വി.എമ്മുകളുടെ സമഗ്രതയുമായി ബന്ധപ്പെട്ട് യാതൊരു സംശയവുമില്ല, അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത നല്‍കേണ്ടതില്ല,’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Shame on Election Commision hashtag trending, Bihar election