| Tuesday, 18th September 2018, 7:56 am

ലൗ ജിഹാദ് ആരോപിച്ച് മുസ്‌ലിം യുവാവിനെ ജീവനോടെ കത്തിച്ചുകൊന്ന ശംഭുലാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: ലൗ ജിഹാദ് ആരോപിച്ച് മുസ്‌ലിം യുവാവിനെ ജീവനോടെ പെട്രോളൊഴിച്ച് കത്തിച്ചുകൊന്ന ശംഭുലാല്‍ റെഗാര്‍ വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആഗ്രയില്‍ നിന്ന് മത്സരിക്കും. ഉത്തര്‍പ്രദേശ് നവനിര്‍മ്മാണ്‍ സേനയുടെ സ്ഥാനാര്‍ത്ഥിയായാണ് ശംഭുലാല്‍ മത്സരിക്കുക.

ശംഭുലാല്‍ സ്ഥാനാര്‍ത്ഥിയാകാമെന്ന് സമ്മതിച്ചതായി ഉത്തര്‍പ്രദേശ് നവനിര്‍മ്മാണ്‍ സേന നേതാവായ അമിത് ജനിയെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.

“ഉത്തര്‍പ്രദേശ് നവനിര്‍മ്മാണ്‍ സേന ആഗ്രയില്‍ നിന്ന് ശംഭുലാലിനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ജോധ്പൂരിലെ ജയിലിനുള്ളില്‍ വെച്ച് തന്നെ അദ്ദേഹം തെരഞ്ഞെടുപ്പില്‍ പങ്കെടുക്കും.”

ALSO READ: സ്വാതന്ത്ര്യ സമരത്തില്‍ കോണ്‍ഗ്രസ് വഹിച്ച പങ്ക് വളരെ വലുതെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത്

ശംഭുലാലുമായി അടുത്ത ബന്ധമാണുള്ളതെന്നും ജനി പറഞ്ഞു. ഹിന്ദുത്വ ആശയമുള്ളവരെ മാത്രമാണ് ഞങ്ങള്‍ക്ക് ആവശ്യം. ആഗ്രയില്‍ ശംഭുലാലിനേക്കാള്‍ മികച്ച സ്ഥാനാര്‍ത്ഥിയെ ഞങ്ങള്‍ക്ക് കിട്ടാനില്ല. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും- ജനി കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ബി.ജെ.പിയുടെ രാംശങ്കര്‍ കത്തേരിയ ആണ് ആഗ്രയിലെ എം.പി. ദളിത് സംവരണ സീറ്റാണ് ആഗ്രയിലേത്.

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് രാജസ്ഥാനില്‍ അഫ്രാസുല്‍ ഖാന്‍ എന്നയാളെ ശംഭുലാല്‍ കൊലപ്പെടുത്തിയത്. യുവാവിനെ മഴു ഉപയോഗിച്ച് വെട്ടിയശേഷം പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more