| Sunday, 28th January 2024, 5:09 pm

ഇത് ചരിത്രം, 97ന് ശേഷം ഇതാദ്യം; സ്റ്റാര്‍ക് എറിഞ്ഞ് പരിക്കേല്‍പിച്ചവന്‍ തന്നെ ഓസ്‌ട്രേലിയയെ ഗാബയിലിട്ട് കത്തിച്ചു

സ്പോര്‍ട്സ് ഡെസ്‌ക്

തങ്ങളുടെ കോട്ടയെന്ന് ക്രിക്കറ്റ് ലോകം വിശേഷിപ്പിച്ച ഗാബയില്‍ വെസ്റ്റ് ഇന്‍ഡീസിനോട് എട്ട് റണ്‍സിന്റെ പരാജയമേറ്റുവാങ്ങിയതിന്റെ ഞെട്ടലിലാണ് ഓസ്‌ട്രേലിയ. കരീബിയന്‍സ് മുമ്പില്‍ വെച്ച 216 റണ്‍സ് ചെയ്‌സ് ചെയ്തിറങ്ങിയ ഓസ്‌ട്രേലിയ 207 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.

1997ന് ശേഷം ഇതാദ്യമായാണ് വെസ്റ്റ് ഇന്‍ഡീസ് ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഒരു ടെസ്റ്റ് മത്സരം വിജയിക്കുന്നത്. ആ മത്സരം നടന്നതാകട്ടെ ഗാബയിലും. ഈ വിജയത്തോടെ പരമ്പര 1-1ന് സമനിലയില്‍ അവസാനിപ്പിക്കാനും വെസ്റ്റ് ഇന്‍ഡീസിനായി.

വിന്‍ഡീസിന്റെ ഈ ചരിത്ര വിജയത്തില്‍ ടീം ഒന്നടങ്കം നന്ദി പറയേണ്ടത്. ഷമര്‍ ജോസഫ് എന്ന വലംകയ്യന്‍ പേസറോടാണ്. രണ്ടാം ഇന്നിങ്‌സില്‍ മാത്രം ഏഴ് വിക്കറ്റുകള്‍ വീഴ്ത്തിയാണ് ഷമര്‍ ജോസഫ് ഓസീസിനെ തകര്‍ത്തെറിഞ്ഞത്.

പരിക്കിനെ വെല്ലുവിളിച്ചുകൊണ്ടാണ് ജോസഫ് ഓസീസിനെതിരെ പന്തെറിഞ്ഞത്.

വിന്‍ഡീസിന്റെ രണ്ടാം ഇന്നിങ്‌സില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ടോ ക്രഷിങ് യോര്‍ക്കര്‍ അക്ഷരാര്‍ത്ഥത്തില്‍ ജോസഫിന്റെ കണങ്കാല്‍ തകര്‍ത്തിരുന്നു. ഇന്നിങ്‌സിന്റെ 73ാം ഓവറില്‍ 193ന് ഒമ്പത് എന്ന നിലയില്‍ നില്‍ക്കവെയാണ് താരത്തിന് പരിക്കേല്‍ക്കുന്നത്.

ഇതോടെ ഷമര്‍ ജോസഫ് റിട്ടയര്‍ഡ് ഔട്ടായി മടങ്ങുകയായിരുന്നു. ഫിസിയോസിന്റെയും സഹ താരങ്ങളുടെയും സഹായത്തോടെയാണ് ജോസഫ് കളം വിട്ടത്.

എന്നാല്‍ താരത്തിന്റെ കാലിന് പൊട്ടലോ ചതവോ ഒന്നും തന്നെയില്ലെന്നും മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണെന്നും വിന്‍ഡീസ് അറിയിച്ചിരുന്നു. ആരോഗ്യം വീണ്ടെടുത്ത താരം രണ്ടാം ഇന്നിങ്‌സില്‍ പന്തെറിയാനെത്തുകയായിരുന്നു.

രണ്ടാം ഇന്നിങ്‌സില്‍ 11.5 ഓവര്‍ പന്തെറിഞ്ഞാണ് ഷമര്‍ ജോസഫ് ഏഴ് വിക്കറ്റുകള്‍ സ്വന്തമാക്കിയത്. കാമറൂണ്‍ ഗ്രീന്‍, ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, അലക്‌സ് കാരി, മിച്ചല്‍ സ്റ്റാര്‍ക്, പാറ്റ് കമ്മിന്‍സ്, ജോഷ് ഹെയ്‌സല്‍വുഡ് എന്നിവരെയാണ് ജോസഫ് പുറത്താക്കിയത്.

ആദ്യ ഇന്നിങ്‌സില്‍ ഒരു വിക്കറ്റും താരം നേടിയിരുന്നു. പരമ്പരയിലെ ആദ്യ മത്സരത്തില്‍ അഞ്ച് വിക്കറ്റ് നേടിയ ഷമര്‍ ജോസഫ് 13 വിക്കറ്റാണ് പരമ്പരയില്‍ ആകെ വീഴ്ത്തിയത്.

ഈ പ്രകടനത്തിന് പിന്നാലെ മത്സരത്തിന്റെ താരമായും പരമ്പരയുടെ താരമായും തെരഞ്ഞെടുത്തത് ഷമര്‍ ജോസഫിനെ തന്നെയായിരുന്നു.

Content Highlight: Shamar Joseph’s brilliant bowling against Australia

We use cookies to give you the best possible experience. Learn more