വെസ്റ്റ് ഇന്‍ഡീസും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള രണ്ടാം ടെസ്റ്റ് പ്രൊവിഡന്‍സ് ഗയാന നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ആരംഭിച്ചിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ആദ്യ ഇന്നിങ്സില്‍ 54 ഓവറില്‍ 160 റണ്‍സ് നേടി ഓള്‍ ഔട്ട് ആവുകയായിരുന്നു ടീം.
തുടക്കംതന്നെ വമ്പന്‍ തിരിച്ചടിയായിരുന്നു ടീമിന്. നാലാം ഓവറില്‍ ഓപ്പണര്‍ ടോണി ഡി സോര്‍സിയെ ഒരു റണ്‍സിന് പറഞ്ഞയച്ച് ജയ്ഡന്‍ സീല്‍സ് വിക്കറ്റ് നേടി തുടക്കം കുറിക്കുകയായിരുന്നു. പിന്നീട് എയ്ഡന്‍ മാര്‍ക്രത്തെ 14 റണ്‍സിന് പുറത്താക്കി ഷമര്‍ ജോസഫും വേട്ട തുടങ്ങി.
പിന്നീട് ഷമറിന്റെ വിളയാട്ടമായിരുന്നു ഗ്രൗണ്ടില്‍. 5 വിക്കറ്റുകളാണ് താരം ടീമിന് വേണ്ടി സ്വന്തമാക്കിയത്. ക്യപ്റ്റ്റന്‍ തെമ്പ ബാവുമ (0), ഡേവിഡ് ബെഡിങ് ഹാം (28), കൈല്‍ വെറെയെന്നെ (21), കേശവ് മഹാരാജ് (0) എന്നിവരെയാണ് താരം പുറത്താക്കിയത്. സ്വന്തം മണ്ണില്‍ അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ മിന്നും പ്രകടനമാണ് താരം സ്വന്തമാക്കിയത്.
ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡും താരം സ്വന്തമാക്കിയിരിക്കുകയാണ്. വെസ്റ്റ് ഇന്ഡീസിന് വേണ്ടി ഗയാനയില്‍ ഫൈഫര്‍ നേടുന്ന രണ്ടാമത്തെ താരമാകാനാണ് ഷമര്‍ ജോസഫിന് സാധിച്ചത്. ഇത് ഷമറിന്റെ മൂന്നാമത്തെ ഫൈഫറാണ്. ഓസ്‌ട്രേലിയയോട് രണ്ട് തവണ താരം അഞ്ച് വിക്കറ്റ് നേടിയിരുന്നു.
രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ 14 ഓവര്‍ എറിഞ്ഞ് മൂന്ന് മെയ്ഡന്‍ അടക്കമാണ് താരത്തിന് അഞ്ച് വിക്കറ്റ് നേടാന്‍ സാധിച്ചത്. 33 റണ്‍സ് വിട്ടുകൊടുത്ത് 2.36 എന്ന കിടിലന്‍ എക്കണോമിയിലാണ് താരം പന്തെറിഞ്ഞത്.
ഷമറിന് പുറമേ ജയ്ഡന്‍ സീല്‍സ് മൂന്ന് വിക്കറ്റും ജയ്സന്‍ ഹോള്‍ഡര്‍, ഗുഡകേഷ് മോട്ടി എന്നിവര്‍ ഓരോ വിക്കറ്റും നേടി. പ്രോട്ടിയാസിന് വേണ്ടി അവസാനഘട്ടത്തില്‍ പിടിച്ചുനിന്നത് ഡാന്‍ പെഡിറ്റാണ്. 38 റണ്‍സാണ് താരം പുറത്താകാതെ നേടിയത്. ടോപ് സ്‌കോററും ഡാനായിരുന്നു.
എന്നാല്‍ ആദ്യ ഇന്നിങ്സില്‍ തുടര്‍ ബാറ്റിങ്ങിന് ഇറങ്ങിയ വിന്‍ഡീസിനും ഇതേ ഗതി തന്നെയായിരുന്നു. നിലവില്‍ ആദ്യദിനം അവസാനിച്ചപ്പോള്‍ 28.2 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സാണ് വിന്‍ഡീസിന് നേടാന്‍ സാധിച്ചത്.
Content Highlight: Shamar Joseph In Record Achievement In Guyana