| Wednesday, 8th March 2023, 11:52 pm

മുസ്‌ലിം വിരുദ്ധത പറഞ്ഞ ജയരാജന്‍ മാപ്പ് പറയാത്തതെന്ത്? സി.പി.ഐ.എമ്മില്‍ സംഘപരിവാറിന്റെ സ്വാധീനം വ്യാപിക്കുന്നു: ഷമ മുഹമ്മദ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ നൗഫല്‍ ബിന്‍ യൂസഫിനെതിരെ സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ നടത്തിയ ‘ബിന്‍ ലാദന്‍’ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് ഷമ മുഹമ്മദ്. സി.പി.ഐ.എമ്മിന്റെ മുസ്‌ലിം വിരുദ്ധത പല കാലത്തും പല രീതികളില്‍ വെളിയില്‍ വന്നിട്ടുണ്ടെന്ന് ഷമ പറഞ്ഞു.

എം.വി ജയരാജന്‍ ‘നൗഫല്‍’ എന്ന പേര് കണ്ടയുടന്‍ ഒരു മാധ്യമപ്രവര്‍ത്തകനെ ബിന്‍ലാദനോട് ഉപമിച്ചത് സി.പി.ഐ.എമ്മില്‍ സംഘപരിവാറിന്റെ സ്വാധീനം വ്യാപകമായിരിക്കുന്നുവെന്നതിന്റെ തെളിവാണെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ഷമ മുഹമ്മദ് പറഞ്ഞു.

മുസ്‌ലിം വിരുദ്ധമായ ഒരു പ്രസ്താവന നടത്തിയിട്ടും ഈ നിമിഷം വരെ തിരുത്താനോ മാപ്പ് പറയാനോ സി.പി.ഐ.എമ്മിന്റെ ഉന്നത നേതാവായ എം.വി. ജയരാജന്‍ തയ്യാറായിട്ടില്ലെന്നും ഷമ പറഞ്ഞു.

‘മുസ്‌ലിം പേരുള്ളവന്‍ മോശപ്പെട്ട കാര്യങ്ങള്‍ ചെയ്യുമെന്നാണ് എം.വി. ജയരാജന്‍ പറയാതെ പറഞ്ഞത്. ഈ വാദത്തിന് സംഘപരിവാറിന്റെ ആശയത്തില്‍ നിന്ന് എന്താണ് വ്യത്യാസമുള്ളത്? ഏഷ്യാനെറ്റ് വാര്‍ത്താവിവാദത്തില്‍ ഉള്‍പ്പെട്ട മറ്റു മാധ്യമപ്രവര്‍ത്തകരുടെ പേര് പറയാനോ മതം നോക്കി മുദ്രകുത്താനോ ജയരാജന്‍ ശ്രമിച്ചില്ല എന്നതും ഇതിനോട് കൂട്ടി വായിക്കണം.

മുസ്‌ലിം വിരുദ്ധമായ ഒരു പ്രസ്താവന നടത്തിയിട്ടും ഈ നിമിഷം വരെ തിരുത്താനോ മാപ്പ് പറയാനോ സി.പി.ഐ.എമ്മിന്റെ ഉന്നത നേതാവായ എം.വി. ജയരാജന്‍ തയ്യാറായിട്ടില്ല.

ജയരാജനെതിരെ യാതൊരുവിധ നടപടിക്കും സി.പി.ഐ.എം തയ്യാറായിട്ടുമില്ല.
സമൂഹത്തില്‍ വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്ന രീതിയില്‍ മനുഷ്യ മനസ്സുകളിലേക്ക് വിഭാഗീയ ചിന്തകള്‍ കുത്തിവെക്കുന്ന ഇത്തരം നേതാക്കളെയും അവരുടെ പ്രസ്ഥാനങ്ങളെയും സമൂഹത്തില്‍ നിന്ന് അകറ്റിനിര്‍ത്താന്‍ നാം തയ്യാറാകണം.

മുസ്‌ലിം സമുദായത്തെ അപമാനിക്കുന്ന രീതിയില്‍ പേര് നോക്കി ചാപ്പയടിച്ച സി.പി.ഐ.എം നേതാവിന്റെ നിലപാടില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു,’ ഷമ മുഹമ്മദ് പറഞ്ഞു.

വ്യാജ വാര്‍ത്താ വിവാദത്തില്‍ എഷ്യാനെറ്റ് ന്യൂസിനെതിരെ സി.പി.ഐ.എം സംഘടിപ്പിച്ച പരിപാടിയില്‍ വെച്ചായിരുന്നു ഏഷ്യാനെറ്റ് റിപ്പോര്‍ട്ടറെ നൗഫല്‍ ബിന്‍ യൂസഫ് എന്നല്ല നൗഫല്‍ ബിന്‍ ലാദന്‍ എന്ന് വിളിക്കണോയെന്നായിരുന്നു എം.വി. ജയരാജന്‍ പറഞ്ഞിരുന്നത്.

എം.വി. ജയരാജന്റെ പരാമര്‍ശം വംശീയാധിക്ഷേപമല്ല നാക്ക് പിഴയാണെന്നായിരുന്നു സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രതികരണം.

Content Highlight:  Shama Muhammad protested against ‘Bin Laden’ reference against journalist Naufal bin Yusuf

We use cookies to give you the best possible experience. Learn more