ന്യൂദൽഹി: ഷമ മുഹമ്മദ് ആരുമല്ലെന്ന കെ.പി.സി.സി.സി അധ്യക്ഷൻ കെ. സുധാകരന് മറുപടിയായി തന്റെ ഐ.ഡി ഫേസ്ബുക്കിൽ പങ്കുവെച്ച് ഷമ മുഹമ്മദ്.
എ.ഐ.സി.സിയുടെ വക്താവ് എന്ന് കാണിക്കുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഐ.ഡിയാണ് ഷമ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.
ഷമ മുഹമ്മദ് പാർട്ടിയുടെ ആരുമല്ലെന്നും വിമർശനത്തെ കുറിച്ച് അവരോട് തന്നെ ചോദിച്ചാൽ മതി എന്നുമായിരുന്നു സുധാകരൻ ഷമയുടെ വിമർശനത്തോട് പ്രതികരിച്ചത്.
കോൺഗ്രസിന്റെ ലോക്സഭാ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ സ്ത്രീ പ്രാതിനിധ്യമില്ലെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ച് ഷമ മുഹമ്മദ് രംഗത്തെത്തിയിരുന്നു.
മലബാറിൽ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ളവർ ഉണ്ടെന്നും വടകരയിൽ ഷാഫി പറമ്പിലിന് പകരം തന്നെ പരിഗണിക്കാമായിരുന്നു എന്നും ഷമ പറഞ്ഞിരുന്നു.
സംവരണ സീറ്റ് ആയതുകൊണ്ടാണ് ആലത്തൂരിൽ രമ്യ ഹരിദാസനെ പരിഗണിച്ചതെന്നും അല്ലെങ്കിൽ അവരെയും തഴഞ്ഞേനെ എന്നും ഷമ കുറ്റപ്പെടുത്തിയിരുന്നു.
പാർട്ടി പരിപാടികളിൽ സ്ത്രീകളെ സ്റ്റേജിൽ ഇരുത്താൻ പോലും നേതാക്കൾ തയ്യാറാകില്ലെന്നും ഷമ ചൂണ്ടിക്കാട്ടിയിരുന്നു.
എ.ഐ.സി.സിയുടെ വക്താവായ ഷമ കോൺഗ്രസിന്റെ ദേശീയ മാധ്യമ പാനലിസ്റ്റുമാണ്.
CONTENT HIGHLIGHT: Shama Muhammad against Sudhakaran; shares her AICC ID