വടകരയില്‍ ഷാഫി പറമ്പിലിന് പകരം എന്നെ പരിഗണിക്കാമായിരുന്നു; സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ ഷമ മുഹമ്മദ്
India
വടകരയില്‍ ഷാഫി പറമ്പിലിന് പകരം എന്നെ പരിഗണിക്കാമായിരുന്നു; സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ ഷമ മുഹമ്മദ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 9th March 2024, 5:08 pm

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ അതൃപ്തി പരസ്യമാക്കി ഐ.ഐ.സി.സി വക്താവ് ഡോ. ഷമ മുഹമ്മദ്. വടകരയില്‍ ഷാഫി പറമ്പിലിന് പകരം തന്നെ പരിഗണിക്കാമായിരുന്നെന്ന് ഷമ പറഞ്ഞു.

വെള്ളിയാഴ്ച കോണ്‍ഗ്രസിന്റെ കേരളത്തിലെ 16 സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഷമ രംഗത്തെത്തിയത്. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ സ്ത്രീകളെ അവഗണിച്ചെന്ന് ഷമ കുറ്റപ്പെടുത്തി.

സംവരണ സീറ്റ് അല്ലായിരുന്നെങ്കില്‍ ആലത്തൂരില്‍ രമ്യ ഹരിദാസനെയും തഴഞ്ഞേനെയെന്നും ഷമ പറഞ്ഞു. ‘പാര്‍ട്ടി പരിപാടികളില്‍ സ്ത്രീകളെ സ്റ്റേജില്‍ ഇരുത്താന്‍ പോലും നേതാക്കള്‍ തയ്യാറാകാറില്ല. സ്ത്രീകള്‍ക്ക് എപ്പോഴും നല്‍കുന്നത് തോല്‍ക്കുന്ന സീറ്റാണ്. മലബാറിലും ന്യൂനപക്ഷ വിഭാഗത്തിലുള്ളവര്‍ ഉണ്ടായിരുന്നു. വടകരയില്‍ ഷാഫിക്ക് പകരം എന്നെ പരിഗണിക്കാമായിരുന്നു’, ഷമ പറഞ്ഞു.

കോണ്‍ഗ്രസിനെതിരെ ആരോപണങ്ങളുന്നയിച്ച് പത്മജ വേണുഗോപാല്‍ ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് അതൃപ്തി വെളിപ്പെടുത്തി മറ്റൊരു വനിത നേതാവും രംഗത്തെത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ തന്റെ പരാജയത്തിനായി കോണ്‍ഗ്രസ് നേതാക്കള്‍ പ്രവര്‍ത്തിച്ചെന്നുള്‍പ്പടെ ഗുരുതര ആരോപണങ്ങളാണ് പത്മജ ഉന്നയിച്ചത്.

തന്നെ ബി.ജെ.പിയാക്കിയത് കോണ്‍ഗ്രസ് തന്നെയാണെന്നും മനസ്സ് മടുത്താണ് കോണ്‍​ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നതെന്നും പത്മജ പറഞ്ഞിരുന്നു. തൃശൂരിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പാര്‍ട്ടിയില്‍ പലവട്ടം പരാതി അറിയിച്ചിട്ടും പരിഹാരമുണ്ടായില്ലെന്നും അവര്‍ ആരോപിച്ചു.

Content Highlight: Shama Muhammad against Congress after candidate announcement