'അബ്ബാസ്' പ്രവാചക നിന്ദയില്‍ അസ്വസ്ഥരായ മുസ്‌ലിം രാജ്യങ്ങളെ തണുപ്പിക്കാനുള്ള അടവ്; അല്ലെങ്കില്‍ എങ്ങനെയാണ് പെട്ടെന്നൊരു മുസ്‌ലിം മോദിയുടെ ജീവതത്തിലേക്കുവന്നത്: ഷമ മുഹമ്മദ്
Kerala News
'അബ്ബാസ്' പ്രവാചക നിന്ദയില്‍ അസ്വസ്ഥരായ മുസ്‌ലിം രാജ്യങ്ങളെ തണുപ്പിക്കാനുള്ള അടവ്; അല്ലെങ്കില്‍ എങ്ങനെയാണ് പെട്ടെന്നൊരു മുസ്‌ലിം മോദിയുടെ ജീവതത്തിലേക്കുവന്നത്: ഷമ മുഹമ്മദ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 19th June 2022, 11:06 am

ന്യൂദല്‍ഹി: പ്രവാചക നിന്ദയെ തുടര്‍ന്ന് അസ്വസ്ഥരായ മുസ്‌ലിം രാജ്യങ്ങളെ തണുപ്പിക്കാനുള്ള അടവാണ് മോദിയുടെ മുസ്‌ലിം സുഹൃത്ത് അബ്ബാസിന്റെ കഥയെന്ന് കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദ്.

അല്ലെങ്കില്‍ എവിടെനിന്നാണിപ്പോള്‍ പെട്ടെന്ന് ഒരു മുസ്‌ലിം മോദിയുടെ ജീവതത്തിലേക്കുവന്നതെന്നും ഷമ ചോദിച്ചു. ട്വീറ്റിലൂടെയായിരുന്നു അവരുടെ പ്രതികരണം.

‘മുഹമ്മദ് നബിയെ ബി.ജെ.പി വക്താവ് അധിക്ഷേപിച്ചതില്‍ മുസ്‌ലിം രാജ്യങ്ങള്‍ അപലപിച്ചതിന് ശേഷം അവരെ സമാധാനിപ്പിക്കാന്‍ മോദിയുടെ പുതിയ കഥയാണ് അബ്ബാസ്. അല്ലെങ്കില്‍ എങ്ങനെയാണ് അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് പെട്ടെന്ന് മുസ്‌ലിങ്ങള്‍ കടന്നുവന്നത്,’ ഷമ മുഹമ്മദ് ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പങ്കുവെച്ച ബ്ലോഗിലൂടെയായിരുന്നു കഴിഞ്ഞ ദിവസം ബാല്യകാല സുഹൃത്തായ അബ്ബാസിനെ പരിചയപ്പെടുത്തിയിരുന്നത്. പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഇതിനെതിരെ ട്രോളുകള്‍ സജീവമായിരുന്നു.

തന്റെ കുട്ടിക്കാല സുഹൃത്ത് എന്ന് പറഞ്ഞുകൊണ്ട് അബ്ബാസ് എന്നയാളെക്കുറിച്ച് മോദി പറയുന്ന കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ട്രോളുകളായി നിറയുന്നത്. തന്റെ അമ്മയുടെ 100ാമത് പിറന്നാളിന്റെ ഭാഗമായി പങ്കുവെച്ച കുറിപ്പിലായിരുന്നു അബ്ബാസ് എന്ന കുട്ടിക്കാല സുഹൃത്തിനെക്കുറിച്ചും മോദി പറഞ്ഞത്.

തീവ്ര ഹിന്ദുത്വ, മുസ്ലിം വിരുദ്ധ അജണ്ടകളുമായി പ്രവര്‍ത്തിക്കുന്ന ബി.ജെ.പി സര്‍ക്കാരിന്റെ പ്രധാനമന്ത്രി തന്റെ മുസ്‌ലിം സുഹൃത്തിനെക്കുറിച്ച് ഇത്ര ‘സ്നേഹത്തോടെ’ പറയുന്നതിനെയാണ് ട്രോളന്മാര്‍ ഏറ്റെടുത്തിരിക്കുന്നത്.

‘എന്റെ പിതാവിന്റെ ഒരു അടുത്ത സുഹൃത്ത് ഞങ്ങളുടെ തൊട്ടടുത്ത ഗ്രാമത്തില്‍ താമസിച്ചിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം അദ്ദേഹത്തിന്റെ മകന്‍ അബ്ബാസിനെ എന്റെ പിതാവ് ഞങ്ങളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു.

അബ്ബാസ് ഞങ്ങളുടെ കൂടെ താമസിച്ചു. ഞങ്ങളുടെ കൂടെ താമസിച്ചാണ് അവന്‍ അവന്റെ പഠനം പൂര്‍ത്തിയാക്കിയത്.

എല്ലാ വര്‍ഷവും ഈദിന് എന്റെ അമ്മ അബ്ബാസിന് പ്രിയപ്പെട്ട ഭക്ഷണം ഉണ്ടാക്കിയിരുന്നു,’ എന്നായിരുന്നു മോദി പറഞ്ഞത്.