Advertisement
Kerala News
വിമര്‍ശനങ്ങളും പാര്‍ട്ടി ഇടപെടലും; രോഹിത് ശര്‍മക്കെതിരായ അധിക്ഷേപ പോസ്റ്റ് പിന്‍വലിച്ച് ഷമ മുഹമ്മദ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 03, 06:49 am
Monday, 3rd March 2025, 12:19 pm

കണ്ണൂര്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കെതിരായ അധിക്ഷേപ പോസ്റ്റ് പിന്‍വലിച്ച് കോണ്‍ഗ്രസ് നേതാവ് ഷമ മുഹമ്മദ്. പാര്‍ട്ടിയുടെ നിര്‍ദേശപ്രകാരമാണ് ഷമ പോസ്റ്റ് പിന്‍വലിച്ചത്. പരസ്യമായുള്ള അഭിപ്രായ പ്രകടനങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് പാര്‍ട്ടി മുന്നറിയിപ്പ് നല്‍കിയതായാണ് വിവരം.

ഇതിനെ തുടര്‍ന്നാണ് ഷമ പോസ്റ്റ് പിന്‍വലിച്ചത്. കായിക താരത്തിന് ചേരാത്ത തരത്തില്‍ തടിയനാണ് രോഹിത് ശര്‍മയെന്നും അദ്ദേഹം ഇന്ത്യ കണ്ട ഏറ്റവും മോശം ക്യാപ്റ്റന്മാരില്‍ ഒരാളാണെന്നുമാണ് ഷമ പറഞ്ഞത്. എക്‌സ് പോസ്റ്റിലൂടെയായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ അധിക്ഷേപ പരാമര്‍ശം.

രോഹിത് ശര്‍മ ശരീരഭാരം കുറയ്‌ക്കേണ്ടതുണ്ടെന്നും ഷമ പോസ്റ്റില്‍ പറഞ്ഞിരുന്നു. വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് നിരവധി ആളുകളാണ് ഷമക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്.

ഒരാളുടെ ശരീരഭാഷയെ അധിക്ഷേപിക്കുന്നത്, ചെയ്യുന്നതില്‍ വെച്ച് ഏറ്റവും വലിയ കുറ്റമാണെന്ന് സോഷ്യല്‍ മീഡിയ പ്രതികരിച്ചു. ഇത്തരം പരാമര്‍ശങ്ങള്‍ രോഹിത് ശര്‍മ എന്ന വ്യക്തിയെ മാത്രമല്ല, ഏതൊരു സാധാരണക്കാരനെയും മാനസികമായി ബുദ്ധിമുട്ടിക്കുമെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടി.

ഇതിനിടെ രോഹിത് ശര്‍മയെ ലോകോത്തര കളിക്കാരന്‍ എന്ന് വിശേഷിപ്പിച്ച എക്‌സ് ഉപഭോക്താവിനോടും ഷമ സമാനമായി പ്രതികരിച്ചിരുന്നു.

‘രോഹിത് ശര്‍മയുടെ മുന്‍ഗാമികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അദ്ദേഹത്തിന്റെ ലോകോത്തര നിലവാരം എന്താണ്? രോഹിത് ഒരു ശരാശരി ക്യാപ്റ്റനും കൂടാതെ ഇന്ത്യയുടെ ക്യാപ്റ്റനാകാന്‍ ഭാഗ്യം ലഭിച്ച ഒരു ശരാശരി കളിക്കാരനുമാണ്,’ ഷമയുടെ മറുപടി.

ചാമ്പ്യന്‍സ് ട്രോഫിയില്‍ ന്യൂസിലാന്‍ഡിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ രോഹിത് 17 പന്തില്‍ 15 റണ്‍സെടുത്ത് പുറത്തായതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാവ് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചത്.

വിമര്‍ശങ്ങള്‍ ഉയര്‍ന്നതോടെ, ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ഉള്‍പ്പെടെ ഫിറ്റ് ആവണമെന്നാണ് തന്റെ നിലപാടെന്നും രോഹിതിന് കുറച്ച് തടി കൂടുതലാണെന്ന് തോന്നിയെന്നും അത് തുറന്ന് പറഞ്ഞതിനാണ് വിമര്‍ശനങ്ങള്‍ ഉയരുന്നതെന്നും ഷമ പ്രതികരിച്ചിരുന്നു.

Content Highlight: Shama Mohamed withdraws abusive post against Rohit Sharma