| Tuesday, 13th September 2022, 12:07 pm

കേരളം വെര്‍ട്ടിക്കലല്ലേ, 18 ദിവസം വേണ്ടി വരും, യു.പി അങ്ങനെയല്ലല്ലോ; ഭാരത് ജോഡോ യാത്രയില്‍ ഷമ മുഹമ്മദ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഭാരത് ജോഡോ യാത്ര കേരളത്തില്‍ 18 ദിവസം നടത്തുന്നതില്‍ വിചിത്രമായ വിശദീകരണവുമായി കോണ്‍ഗ്രസ് നേതാവ് ഷമ മുഹമ്മദ്. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു ഷമ മുഹമ്മദിന്റെ പ്രതികരണം. ബി.ജെ.പി ഭരിക്കുന്ന യു.പിയില്‍ ഭാരത് ജോഡോ യാത്ര രണ്ട് ദിവസം മാത്രം നടക്കുന്നതിനെതിരെ വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഷമ മുഹമ്മദ് വിഷയത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

കേരളം വെര്‍ട്ടിക്കലായ സംസ്ഥാനമാണെന്നും കാല്‍നട യാത്രയായതിനാല്‍ നടക്കാന്‍ എളുപ്പമുള്ള സംസ്ഥാനങ്ങള്‍ നോക്കി തെരഞ്ഞെടുത്തതാണെന്നുമാണ് ഷമ മുഹമ്മദ് പറഞ്ഞത്.

‘നമ്മള്‍ ഇത് നേരിട്ട് പോകുന്ന ഒരു യാത്രയാണ്, കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ. സ്‌ട്രെയിറ്റ് ലൈനായാണ് പോകുന്നത്. കേരളം വെര്‍ട്ടിക്കലായ സംസ്ഥാനമാണ്. യു,.പി ഹൊറിസോണ്ടലായ സംസ്ഥാനമാണ്.

എവിടെയാണോ നടക്കാന്‍ പറ്റുന്നത് ഞങ്ങള്‍ ആ റൂട്ട് ആണ് നടക്കുന്നത്. ജനങ്ങളെ അസ്വസ്ഥമാക്കണ്ട എന്ന് കരുതിയാണ്. അവര്‍ കാറില്‍ പോകുന്ന ജനങ്ങളാണല്ലോ. അവരെ അസ്വസ്ഥമാക്കാന്‍ പറ്റില്ലല്ലോ. ഞങ്ങള്‍ തെരഞ്ഞെടുത്തതെല്ലാം പദയാത്രക്കുള്ള റൂട്ട് ആണ്,’ ഷമ മുഹമ്മദ് പറയുന്നു.

ഈ കാരണം ഉയര്‍ത്തി കോണ്‍ഗ്രസും ബി.ജെ.പിയും വിമര്‍ശിക്കുന്നത് ഭാരത് ജോഡോ യാത്ര നടക്കുന്നതില്‍ അവര്‍ക്കുള്ള പേടി കാരണമാണെന്നും ഷമ മുഹമ്മദ് പറയുന്നു. യാത്ര ശക്തമായി തന്നെ മുന്നോട്ടു പോകുമെന്നും ഷമ മുഹമ്മദ് പറഞ്ഞു.

18 ദിവസം കേരളത്തില്‍ പര്യടനം നടത്തുന്ന രാഹുല്‍ യു.പിയില്‍ രണ്ട് ദിവസം മാത്രമാണ് യാത്ര നടത്തുന്നത്. ഇതാണോ ബി.ജെ.പിയെ നേരിടാനുള്ള വഴിയെന്നുമായിരുന്നു സി.പി.ഐ.എമ്മിന്റെ വിമര്‍ശനം. രാഹുല്‍ ഗാന്ധിയുടെ ക്യാരിക്കേച്ചര്‍ പങ്കുവെച്ചുകൊണ്ടായിരുന്നു സി.പി.ഐ.എമ്മിന്റെ പ്രതികരണം.

Content Highlight: Shama mohamed says kerala is vertical state and that is why bharat jodo takes more days in kerala

We use cookies to give you the best possible experience. Learn more