|

നെഗറ്റീവ് കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ ഒരു പ്രത്യേക എനര്‍ജിയാണ്; വിശേഷങ്ങളുമായി ശാലു മേനോന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് ശാലു മേനോന്‍. നൃത്തകലയിലും തന്റെ പ്രതിഭ തെളിയിച്ച താരം ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് ഇപ്പോള്‍ ആഭിനയരംഗത്ത് സജീവമാവുന്നത്.

സീരിയലുകളില്‍ അഭിനയിക്കുമ്പോള്‍ നായികയായി അഭിനയിക്കുന്നതിലേക്കാള്‍ പ്രതിനായികയായി അഭിനയിക്കുന്നതാണ് താന്‍ ഏറെ ആസ്വദിക്കുന്നതെന്നും നെഗറ്റീവ് കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ ഒരു പ്രത്യേക എനര്‍ജിയാണെന്നാണ് താരം പറയുന്നത്.

കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിലാണ് ശാലു ഇക്കാര്യം വെളിപ്പെടുത്തുന്നത്.

‘അഞ്ച് വര്‍ഷത്തിന് ശേഷമാണ് ഒരു നെഗറ്റീവ് കഥാപാത്രം ഞാന്‍ ചെയ്യുന്നത്. എന്റെ അഭിനയ ജീവിതത്തിന്റെ തുടക്ക കാലത്ത് നെഗറ്റീവ് കഥാപാത്രങ്ങള്‍ ചെയ്തിരുന്നു.

അതിന് ശേഷം പിന്നീട് ചെയ്തതെല്ലാം പോസിറ്റീവ് കഥാപാത്രങ്ങള്‍ ആയിരുന്നു. ഇപ്പോള്‍ വീണ്ടും നെഗറ്റീവിലേക്ക് തിരിച്ചെത്തി. അനുപമ പക്കാ നെഗറ്റീവ് ഷേഡുള്ള ഒരു കഥാപാത്രമാണ്. ഒരുപാട് അഭിനയ സാധ്യതകള്‍ ഉള്ള റോള്‍. നന്നായി ആസ്വദിച്ചാണ് അത് ചെയ്യുന്നത്.

അല്ലെങ്കിലും നെഗറ്റീവ് റോള്‍ ചെയ്യുമ്പോള്‍ ഒരു പ്രത്യേക എനര്‍ജിയാണ്. നമുക്ക് എന്തൊക്കെയോ കൂടുതല്‍ ആ കഥാപാത്രത്തിനായി ചെയ്ത് വെക്കാനുണ്ട് എന്ന ഒരു ഫീല്‍,’ ശാലു പറയുന്നു.

അഭിനയത്തിന്റെ കാര്യത്തില്‍ സിനിമയിലും സീരിയലും തമ്മില്‍ ഒരു വ്യത്യാസവും തോന്നിയിട്ടില്ലെന്ന് ശാലു പറയുന്നു.

‘അഭിനയിക്കുന്ന സമയത്തെ അനുഭവങ്ങള്‍ ഒരേ പോലെ തന്നെയാണ്. ഔട്ട്പുട്ട് വരുമ്പോള്‍ ഒന്ന് ബിഗ് സ്‌ക്രീനും മറ്റൊന്ന് മിനിസ്‌ക്രീനും ആണെന്ന വ്യത്യാസം മാത്രമേയുള്ളു. ഒരു അഭിനേത്രി എന്ന നിലയില്‍ സിനിമയെയും സീരിയലിനെയും ഞാന്‍ രണ്ടായി കണ്ടിട്ടില്ല,’ താരം കൂട്ടിച്ചേര്‍ത്തു.

നിലവില്‍ 2 സീരിയലുകളിലാണ് താരം അഭിനയിക്കുന്നത്. ‘മഞ്ഞില്‍ വിരിഞ്ഞ പൂവ്’ എന്ന സീരിയലില്‍ പ്രതിഭ എന്ന കഥാപാത്രത്തേയും ‘തിങ്കള്‍ക്കലമാന്‍’ എന്ന സീരിയലില്‍ അനുപമ എന്ന കഥാപാത്രത്തേയുമാണ് താരം അവതരിപ്പിക്കുന്നത്. മികച്ച പ്രതികരണമാണ് ഇരു സീരിയലുകള്‍ക്കും ടെലിവിഷന്‍ പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Shalu Menon says doing character with negative shade is much enjoyable

Latest Stories