| Wednesday, 4th December 2019, 10:01 am

ഭീമ കൊറേഗാവ് സംഘര്‍ഷം; കേസുകള്‍ പിന്‍വലിക്കുമെന്ന് ഉദ്ധവ് താക്കറെ; രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട കേസുകള്‍ പിന്‍വലിക്കില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഭീമ-കൊറേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസുകള്‍’മഹാ വികാസ് അഘാഡി സര്‍ക്കാര്‍ പിന്‍വലിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ.

എന്നാല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റുചെയ്യപ്പെട്ടവര്‍ക്കെതിരായ കേസുകളും മാവോയിസ്റ്റ് സംഘടനകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെ അറസ്റ്റിലായവര്‍ക്കെതിരായ കേസും പിന്‍വലിക്കില്ലെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘കെട്ടിച്ചമച്ച എല്ലാ കേസുകളും പിന്‍വലിക്കണമെന്നാണ് ഞങ്ങളുടെ അഭിപ്രായം. വാസ്തവത്തില്‍ ഭീമ കൊറെഗാവ് അക്രമത്തില്‍ കേസുകള്‍ പിന്‍വലിക്കാനുള്ള നടപടിക്രമങ്ങള്‍ മുന്‍ സര്‍ക്കാരും ആരംഭിച്ചിരുന്നു. ഗുരുതരമായ ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ അല്ലാത്ത എല്ലാ കേസുകളും പിന്‍വലിക്കാനാണ് മുന്‍സര്‍ക്കാരുകളും തയ്യാറായത്. ആ നടപടികള്‍ മഹാ വികാസ് അഘാഡി സര്‍ക്കാര്‍ വേഗത്തിലാക്കും- താക്കറെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ആറെയിലെ പ്രവര്‍ത്തകര്‍ക്കെതിരായ കേസുകളും നാനാര്‍ റിഫൈനറി കേസുകളും താക്കറെ സര്‍ക്കാര്‍ പിന്‍വലിച്ചതിന് പിന്നാലെ ഭീമ കൊറെഗാവ് അക്രമത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളും ഇന്ദു മില്‍ പ്രക്ഷോഭത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന എന്‍.സി.പി എം.എല്‍.എ പ്രകാശ് ഗജ്ഭിയേ ഉദ്ധവ് താക്കറെക്ക് കത്തയച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഭീമ കൊറെഗാവില്‍ പങ്കെടുത്ത യുവാക്കള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ ചുമത്തപ്പെട്ട കേസുകള്‍ പിന്‍വലിക്കണമെന്നും ഇന്ദു മില്‍ ഭൂമി പ്രക്ഷോഭത്തില്‍ ചുമത്തപ്പെട്ട കേസുകളും പിന്‍വലിക്കണമെന്ന് ഉദ്ധവിന് കത്ത് നല്‍കിയതായി എന്‍.സി.പി എം.എല്‍.എ നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്ധവ് താക്കറെ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

2018 ജനുവരി ഒന്നിന് ഭീമ – കൊറേഗാവിലുണ്ടായ ജാതീയ സംഘര്‍ഷത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് നിരവധി ദളിത് ആക്ടിവിസ്റ്റുകളെയും അക്കാദമിസ്റ്റുകളെയും സ്ത്രീകളേയും പൂനെ പൊലീസ് കേസിലുള്‍പ്പെടുത്തിയിരുന്നു. ബാബാ സാഹേബ് അംബേദ്കറുടെ സ്മാരകത്തിനായി ഇന്ദു മില്‍ ഭൂമി കൈമാറണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയ യുവാക്കള്‍ക്കെതിരെയും വ്യാജ കേസുകള്‍ ചുമത്തിയിരുന്നു.

ദളിത് സമുദായത്തോട് നീതി പുലര്‍ത്തുന്നതിന് ഈ കേസുകളെല്ലാം പിന്‍വലിക്കണമെന്നായിരുന്നു പ്രകാശ് ഗജ്ഭിയേ കത്തില്‍ പറഞ്ഞത്.

We use cookies to give you the best possible experience. Learn more