പ്രളയദുരിതം എല്ലാം അടങ്ങിയെന്ന മട്ടില്‍ നവകേരളനിര്‍മ്മിതിക്കായി ആധികാരിക ചര്‍ച്ച നയിക്കുന്നവരും, സേഫ് സോണ്‍ ഫേസ്ബുക്ക് ദുരിതാശ്വാസ പ്രവര്‍ത്തകരും നിര്‍ബന്ധമായും ഒന്ന് ശ്രദ്ധിക്കുക.
ദുരിതങ്ങള്‍ അവസാനിച്ചിട്ടില്ല. ദയവായി ദുരിതങ്ങള്‍ അവസാനിച്ചെന്ന മട്ടിലുള്ള ചര്‍ച്ചകള്‍ സൃഷ്ടിക്കരുത്. ആലപ്പുഴ ജില്ലയിലെ കുട്ടനാടിന്റെ ഭാഗമായ ഒരുപാട് സ്ഥലങ്ങളില്‍ ഇനിയും കുടിവെള്ളവും ഭക്ഷണവും എത്താനുണ്ട്. തകഴി എടത്വ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളില്‍ ദിവസങ്ങളായി കണ്ടു വരുന്ന കാഴ്ചകള്‍ മനസ്സിനെ ഏറെ അസ്വസ്ഥമാക്കുന്നു. സര്‍ക്കാരിന്റെ വിതരണ സംവിധാനം കുട്ടനാട് ഭാഗങ്ങളില്‍ വലിയ പരാജയമാണ്. അത് തുറന്നു പറയാനുള്ള ആര്‍ജ്ജവമെങ്കിലും കുറഞ്ഞ പക്ഷം ഉണ്ടാവണം. നല്ലവരായ കുറേ മനുഷ്യര്‍ കൊണ്ട് വരുന്ന സാധനങ്ങള്‍ കൊണ്ടാണ് ദുരിതത്തില്‍ കഴിയുന്നവരില്‍ കുറച്ചെങ്കിലും
പേര്‍ പട്ടിണി കിടക്കാതെ മുന്നോട്ടു പോവുന്നത്. ചുവടെയുള്ള ചിത്രങ്ങള്‍ ഇന്ന് പകര്‍ത്തിയതാണ് (31/08/2018). കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ അംഗങ്ങളുള്ള കുടുംബത്തിന് പോലും നാല് കുപ്പി വെള്ളം മാത്രം കൊടുക്കാനേ ഞങ്ങള്‍ക്ക് കഴിയുന്നുള്ളു. കുടിവെള്ളത്തിനായി മനുഷ്യര്‍ തമ്മില്‍ വഴക്കിടുന്ന കാഴ്ചകള്‍, കുടുംബത്തിലേക്കു വേണ്ടി നാല് കുപ്പി വെള്ളത്തിനായി ചളി നിറഞ്ഞ വെള്ളത്തില്‍ നീന്തിക്കയറി വരുന്ന മനുഷ്യര്‍, “ഞങ്ങള്‍ക്ക് പുതിയ തുണി ഒന്നും വേണ്ട, വീട്ടില്‍ വെള്ളം കേറി നനഞ്ഞു പോയ പഴയ തുണികള്‍ ഒക്കെ ആറ്റിലെ വെള്ളത്തില്‍ കഴുകിയെടുക്കാന്‍ ഞങ്ങള്‍ക്ക് കുറച്ചു സോപ്പ് വാങ്ങിത്തരുമോ” എന്ന് ചോദിക്കുന്ന മനുഷ്യര്‍ ; കുട്ടനാട്ടിലെ ഉള്‍പ്രദേശങ്ങളിലേക്ക് പോയാല്‍ ഇങ്ങനെ ഒരുപാട് മനുഷ്യരെ കാണാം. അരിയും വെള്ളവും വാങ്ങിച്ചു കൊണ്ടിരുന്ന ചില കുടുംബങ്ങള്‍ ഇന്ന് നമ്മളോട് കുറച്ച് “ഉപ്പ്” ചോദിക്കുന്നു (ഞങ്ങളുടെ അവസ്ഥ അറിയാവുന്നത് കൊണ്ടാവാം അവര്‍ ഇത്രയും ദിവസം അത് ചോദിക്കാഞ്ഞത്). ഇങ്ങനെ വലിയ ഒരു ജനവിഭാഗം ഇവിടെ കണ്മുന്നില്‍ നരകിക്കുമ്പോള്‍ നവകേരള നിര്‍മ്മിതിയുടെ പ്രൊമോഷണല്‍ സോങ് കണ്ട് നിര്‍വൃതിയടഞ്ഞു കിടന്നുറങ്ങാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. കുഞ്ഞുങ്ങള്‍ ഉള്ള കുടുംബത്തിലേക്ക് നാല് കുപ്പി വെള്ളം വാങ്ങാന്‍ ഇക്കരക്ക് വള്ളം തുഴഞ്ഞെത്തിയ ഒരു
കുടുംബത്തിന്റെ ചിത്രങ്ങള്‍ ചുവടെയുണ്ട് (ഇന്ന് പകര്‍ത്തിയത് :31/08/2018). വലിയ ഒരു ജനത ഇവിടെ ദുരിതത്തില്‍ നിന്നും കരകയറാന്‍ കഴിയാതെ നട്ടം തിരിയുമ്പോള്‍ സാധനങ്ങള്‍ സ്റ്റോക്ക് ചെയ്തു നശിപ്പിക്കുന്ന (stocking only, no distribution) സര്‍ക്കാരിന്റെ കളക്ഷന്‍ പോയിന്റ് ആയ ആലപ്പുഴ എസ് ഡി കോളേജിലെ ദൃശ്യങ്ങളും (വീഡിയോ- പകര്‍ത്തിയത് 29/08/2018) ചുവടെ ചേര്‍ക്കുന്നു. അര്‍ഹതപ്പെട്ടവര്‍ക്ക് സാധനങ്ങള്‍ വിതരണം ചെയ്യുന്നതില്‍ സര്‍ക്കാര്‍ സംവിധാനം പരാജയമാണെന്ന് സമ്മതിക്കാത്ത കുറേ സഖാക്കള്‍ ഈ നാടിന്റെ ശാപമാണെന്ന് പറയാതെ വയ്യ (കൂടുതലും പ്രായമായവരാണ്). യാഥാര്‍ത്ഥ്യം തുറന്നു പറഞ്ഞാല്‍ അത് പാര്‍ട്ടിക്ക് ക്ഷീണം ഉണ്ടാക്കുമെന്ന് വിശ്വസിച്ചു, വായും മൂടിക്കെട്ടിയിട്ടു ന്യായീകരിക്കുന്ന ഇക്കൂട്ടരോട് പാര്‍ട്ടി സംവിധാനവും സര്‍ക്കാര്‍ സംവിധാനവും രണ്ടാണെന്ന് പറഞ്ഞു കൊടുക്കാനുള്ള സമയം ഞങ്ങള്‍ക്കില്ല.. “നാട് സ്വസ്ഥമായി ഉറങ്ങാതെ ഞങ്ങള്‍ ഉറങ്ങില്ല” എന്ന മനസ്സോടെ ഒപ്പം നിന്ന് പ്രവര്‍ത്തിക്കുന്ന സഖാക്കളുമുണ്ട് ഇവിടെ..
പറഞ്ഞു വന്നത് എന്തെന്നാല്‍, സഹായിക്കാന്‍ മനസ്സുള്ളവര്‍ ദയവായി മുന്നോട്ട് വരിക. ഇവിടുത്തെ അവസ്ഥ നേരില്‍ കണ്ടു ബോധ്യപ്പെട്ടാല്‍ മാത്രം സഹായിച്ചാല്‍ മതി, അത്രയേ ഞങ്ങള്‍ പറയുന്നുള്ളു. അങ്ങനെ മുന്നോട്ടു വന്ന് സത്യം ബോധ്യപ്പെട്ടവര്‍ ഇപ്പോള്‍ കൂടെ നിന്ന് സഹായിക്കുന്നുണ്ട്, ഈ നേരം വരെയും. നാളത്തേക്ക് കുറേ കുടുംബങ്ങള്‍ക്ക് ആവശ്യസാധനങ്ങളുടെ “കിറ്റ്” തയ്യാറാക്കുകയാണ് ഞങ്ങളിപ്പോള്‍ (10:25pm). കിറ്റ് എന്ന് പറയുമ്പോള്‍ വലിയ കാര്യത്തിലൊന്നുമില്ല, ഒരു കിറ്റില്‍ നാലരക്കിലോ അരി, കുറച്ചു പയര്‍, പരിപ്പ്, ഒരു പാക്കറ്റ് ബിസ്‌ക്കറ്റ്, രണ്ടു കുപ്പി വെള്ളം, ഒരു മെഴുകുതിരി, ഒരു തീപ്പെട്ടി ; തീര്‍ന്നു. ഇത്രേ ഉള്ളു ഞങ്ങളുടെ കിറ്റ്. വിതരണം ചെയ്യുന്ന സമയത്ത് സാഹചര്യം പോലെ വെള്ളംകുപ്പി കൂടുതല്‍ കൊടുക്കും. പത്തു പേരടങ്ങുന്ന കുടുംബം ആണെങ്കില്‍ ഞങ്ങള്‍ മാക്‌സിമം ആറു കുപ്പി വരെ വെള്ളം കൊടുക്കാറുണ്ട്. ഇത്ര ഗതികെട്ട അവസ്ഥയാണ് ഈ കുട്ടനാട്ടില്‍. സഹായിക്കാന്‍ ഒപ്പമുള്ള പ്രിയപ്പെട്ട സുഹൃത്ത് Prijith Pth വഴി ഞങ്ങളുടെ കൂടെ കൂടിയ ബ്രിട്ടീഷ് നാടകക്കാരന്‍ “നിക്ക് ഫിനേഗന്‍” ഞങ്ങളുടെ ആവേശമായി ഒപ്പമുണ്ട്. മനുഷ്യത്വം എന്ന സാധനത്തിന് അതിര്‍ത്തികളില്ല എന്ന് ബോധ്യപ്പെടുത്തിത്തന്ന മനുഷ്യന്‍. അടുക്കാനും പെറുക്കാനും ചുമക്കാനും നടക്കാനും വിശന്നിരിക്കാനും ആള്‍ ഒപ്പത്തിനൊപ്പമുണ്ട് (ചുവടെയുള്ള ആദ്യ ചിത്രത്തില്‍ “നിക്ക്” ഉണ്ട്)..
കുട്ടനാടിന്റെ യാഥാര്‍ത്ഥ്യം പുറം ലോകം അറിയുന്നുണ്ടാവില്ല.. കാലിത്തീറ്റ വേണം, അരി വേണം, വെള്ളം വേണം,; ഇവിടുള്ള മനുഷ്യര്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും കഴിഞ്ഞു കൂടാനുള്ളത് മാത്രം തന്നാല്‍ മതി. ഒരു കാര്യം കൂടി; അധികപ്പറ്റായി തോന്നരുത് ; കുഞ്ഞുങ്ങള്‍ക്കും പ്രായമായവര്‍ക്കും പുതക്കാന്‍ കുറേ പുതപ്പുകളും വേണം.. ഒരു വലിയ ജനത ഇവിടെ സഹായങ്ങള്‍ക്കായി കാത്ത് കിടപ്പുണ്ട്, ദയവ് ചെയ്ത് ഈ അപേക്ഷ അവഗണിക്കരുത്. സാധനങ്ങള്‍ ആവശ്യത്തിലധികം കിട്ടുന്ന ഒരു ന്യൂനപക്ഷത്തെ മുന്‍നിറുത്തി (ഈ ന്യൂനപക്ഷം സാമ്പത്തികമായും രാഷ്ട്രീയമായും മേല്‍ക്കയ്യുള്ളവരാണ് എന്നത് വസ്തുത) ഞങ്ങളുടെ അപേക്ഷയെ തരം താഴ്ത്തരുത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ പറ്റി മനപ്പൂര്‍വ്വം പറയാത്തതാണ്, എന്തെന്നാല്‍; പറഞ്ഞു തുടങ്ങിയാല്‍ പിന്നെ നിയന്ത്രണം വിട്ടു പോവും. അത്രക്ക് ദ്രോഹമാണ് ഈ വ്യവസ്ഥ ഇവിടുത്തെ ഭൂരിപക്ഷം ജനങ്ങളോട് ചെയ്യുന്നത്.. സ്വന്തം വീട് ചളി നിറഞ്ഞു കിടക്കുമ്പോഴും ഓടി നടന്ന് അന്യന്റെ വീടുകളില്‍ എന്തെങ്കിലും എത്തിക്കാന്‍ ശ്രമിക്കുന്ന അപൂര്‍വ്വം ചില, വിരലിലെണ്ണാവുന്ന നല്ലവരായ വാര്‍ഡ് മെമ്പര്‍മാര്‍ മാത്രമാണ് ഇതിനപവാദം. ഇവരെക്കൊണ്ടും ഞങ്ങളെപ്പോലുള്ളവരെയും കൊണ്ടും ഒന്നും കൂട്ടിയാല്‍ കൂടുന്നതല്ല കുട്ടനാട്ടിലെ ദുരിതാശ്വാസം..
പിന്തുണ ആവശ്യമാണ്. സഹായിക്കാന്‍ മനസ്സുള്ളവര്‍ ബന്ധപ്പെടുക ;
നീതാഞ്ജലി- 9846945397
ഹരി -7736481067
ചാന്ദിനി -9207881073
ശ്രീകാന്ത് 7510784001
ലേഖ 9495328467