മേനകയായി തിളങ്ങാന്‍ മധുബാല, 53ലെ ചെറുപ്പത്തെ ആഘോഷിച്ച് ആരാധകര്‍
Entertainment news
മേനകയായി തിളങ്ങാന്‍ മധുബാല, 53ലെ ചെറുപ്പത്തെ ആഘോഷിച്ച് ആരാധകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 19th March 2023, 10:18 pm

 

സാമന്ത ടൈറ്റില്‍ കഥാപാത്രത്തിലെത്തുന്ന ശാകുന്തളത്തിന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറക്കി. തെന്നിന്ത്യന്‍ സിനിമാ പ്രേമികള്‍ക്ക് ഏറെ പ്രിയങ്കരിയായ മധുബാലയുടെ ക്യാരക്ടര്‍ പോസ്റ്ററാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയത്. ചിത്രത്തില്‍ അപ്‌സരസ് മേനകയായിട്ടാണ് മധുബാലയെത്തുന്നത്. താരത്തിന്റെ അപ്‌സരയായുള്ള ചിത്രം ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

53 വയസുള്ള മധുബാലയെ മേനകയായി കാണുമ്പോള്‍ ഒട്ടും പ്രായം പറയുന്നില്ലല്ലോ എന്ന അത്ഭുതമാണ് താരത്തിന്റെ ആരാധകര്‍ പങ്കുവെക്കുന്നത്. എന്നിരുന്നാലും താരത്തിന്റെ പുതിയ ഫോട്ടോക്കും മേക്കോവറിനും വലിയ രീതിയിലുള്ള സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ലഭിച്ചുകൊണ്ടിരിക്കുന്നത്.

മലയാളത്തിലെ യുവ താരം ദേവ് മോഹനാണ് ചിത്രത്തില്‍ ‘ദുഷ്യന്തനാ’യി വേഷമിടുന്നത്. സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ നടനാണ് ദേവ് മോഹന്‍. ഏപ്രില്‍ 14ന് തിയേറ്ററിലെത്തുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ഗുണശേഖറാണ്.

മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഉള്‍പ്പടെ അഞ്ച് ഭാഷകളിലായിരിക്കും ചിത്രം പുറത്തിറങ്ങുന്നത്. വിവിധ ഭാഷകളിലിറങ്ങുന്ന ചിത്രം 3ഡിയായിരിക്കും. ശകുന്തള-ദുഷ്യന്തന്‍ പ്രണയത്തെ ശകുന്തളയുടെ വീക്ഷണകോണില്‍ നിന്നുമാണ് സിനിമ അവതരിപ്പിക്കുന്നത് എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

അല്ലു അര്‍ഹ, സച്ചിന്‍ ഖേഡേക്കര്‍, കബീര്‍ ബേദി, ഡോ. എം.മോഹന്‍ ബാബു, പ്രകാശ് രാജ്, ഗൗതമി, അദിതി ബാലന്‍, അനന്യ നാഗല്ല, ജിഷു സെന്‍ഗുപ്ത തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഗുണ ടീം വര്‍ക്സിന്റെ ബാനറില്‍ നീലിമ ഗുണ നിര്‍മിച്ചിരിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിലെ ദില്‍ രാജുവാണ്. വിജയ് നായകനായി പൊങ്കലിന് തിയേറ്ററുകളിലെത്തിയ വാരീസ് എന്ന സിനിമയും നിര്‍മിച്ചത് ദില്‍ രാജുവാണ്.

content highlight: shakunthalam movie madhubala character poster