| Friday, 16th February 2024, 1:50 pm

ബേസിലിന്റെ ബോളിവുഡ് എന്‍ട്രി; രണ്‍വീര്‍ സിങ്ങിനെ നായകനാക്കി ശക്തിമാന്‍ 2026ലെത്തും; പിങ്ക്‌വില്ലയുടെ റിപ്പോര്‍ട്ട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ബോളിവുഡ് താരം രണ്‍വീര്‍ സിങ്ങ് നായകനാകുന്നത് മൂന്ന് ബിഗ് ബജറ്റ് ചിത്രങ്ങളില്‍. സിങ്കം എഗൈന്‍, ഡോണ്‍ 3, ശക്തിമാന്‍ എന്നിവയാണ് ഈ ബിഗ് ബജറ്റ് ചിത്രങ്ങള്‍.

ഇതില്‍ ശക്തിമാന്‍ സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നത് ബേസില്‍ ജോസഫ് ആണെന്നാണ് പിങ്ക്‌വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്.

‘ഡോണ്‍ 3’ സിനിമയുടെ ഷൂട്ടിങ്ങ് കഴിഞ്ഞാല്‍ ശക്തിമാന്റെ ഷൂട്ട് ആരംഭിക്കുമെന്നും മൂന്ന് വര്‍ഷത്തിലേറെയായി ആ സിനിമക്ക് വേണ്ടി സ്‌ക്രിപ്റ്റ് തയ്യാറാക്കുകയായിരുന്നെന്നും പിങ്ക്‌വില്ല പറയുന്നു.

ഒടുവില്‍ ശക്തിമാനോട് നീതി പുലര്‍ത്താന്‍ സാധിക്കുന്ന ഒരു സ്‌ക്രിപ്റ്റ് തയ്യാറാക്കിയെന്നും ബേസില്‍ ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നതെന്നുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സോണി പിക്ചേഴ്സ് ഇന്ത്യയും സാജിദ് നദിയാദ്വാലയുമാകും ശക്തിമാന്റെ നിര്‍മാതാക്കള്‍.

രണ്‍വീര്‍ സിങ്ങ് ആദ്യം ഭാഗമാവുക സിങ്കം എഗൈനിലാകും. ചിത്രത്തില്‍ അജയ് ദേവ്ഗണ്‍, കരീന കപൂര്‍, അര്‍ജുന്‍ കപൂര്‍, ജാക്കി ഷ്‌റോഫ് എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുമ്പോള്‍ രണ്‍വീര്‍ സിങ്ങിനൊപ്പം അക്ഷയ് കുമാര്‍, ദീപിക പദുക്കോണ്‍, ടൈഗര്‍ ഷ്‌റോഫ് എന്നിവര്‍ അതിഥി വേഷത്തിലെത്തും. ഈ വര്‍ഷം ഏപ്രില്‍ അവസാനം വരെയാകും രണ്‍വീര്‍ സിങ്ങ് സിങ്കം എഗൈനിന്റെ ഷൂട്ടിങ്ങിന്റെ ഭാഗമാകുക.

ശേഷം രണ്‍വീര്‍ സിങ്ങ് ‘ഡോണ്‍ 3’ സിനിമയുടെ ഷൂട്ടിങ്ങിലേക്ക് കടക്കും. ഫര്‍ഹാന്‍ അക്തര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ഡോണ്‍ 3 ഇന്ത്യയിലും വിദേശത്തുമായി ഏഴ് മാസത്തിനുള്ളില്‍ ഷൂട്ട് ചെയ്ത് 2025 മാര്‍ച്ചോടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതിന് ശേഷമാകും ശക്തിമാന്‍ ഷൂട്ടിങ്ങ് ആരംഭിക്കുന്നത്. സോണി പിക്‌ചേഴ്‌സ് നിര്‍മിക്കുന്ന ശക്തിമാന്‍ സംവിധാനം ചെയ്യുന്നത് ബേസില്‍ ആകുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ബേസില്‍ ഇതുസംബന്ധിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. സിങ്കം എഗൈന്‍ 2024ലും ‘ഡോണ്‍ 3’ 2025ലും ‘ശക്തിമാന്‍’ 2026ലുമാകും റിലീസിനെത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: Shaktiman Will Be Basil Joseph’s Bollywood Entry With Ranveer Singh

We use cookies to give you the best possible experience. Learn more