| Sunday, 11th August 2024, 4:58 pm

ഗ്ലോബല്‍ ടി-20യില്‍ അമ്പയറുമായി പൊരിഞ്ഞ കച്ചറ; ഷാക്കീബിന് എട്ടിന്റെ പണികിട്ടി

സ്പോര്‍ട്സ് ഡെസ്‌ക്

ബംഗ്ലാദേശ് ക്യാപ്റ്റനും ഓള്‍ റൗണ്ടറുമായ ഷാക്കീബ് അല്‍ ഹസന്‍ വിവാദങ്ങള്‍ സൃഷ്ടിക്കുന്നതില്‍ കേമനാണ്. പല മത്സരങ്ങളിലും അമ്പയര്‍മാരോട് കയര്‍ത്ത് സംസാരിച്ചും എതിര്‍ ടീമിനോട് കലഹിച്ചും അച്ചടക്ക നടപടിക്ക് താരം വിധേയനായിട്ടുണ്ട്.

ഇപ്പോള്‍ കാനഡയില്‍ നടന്നുകൊണ്ടിരിക്കുന്ന ഗ്ലോബല്‍ ടി-20 മത്സരത്തിലും അമ്പയറോട് കയര്‍ത്ത് സംസാരിച്ച ഷാക്കീബിന്റെ പെരുമാറ്റമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യുന്നത്.

ടൂര്‍ണമെന്റിലെ എലിമിനേറ്ററില്‍ ടൊറന്റോ നാഷണല്‍സിനെതിരെ സൂപ്പര്‍ ഓവര്‍ കളിക്കാന്‍ അദ്ദേഹം വിസമ്മതിച്ചതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഇത് ബംഗ്ലാ ടൈഗേഴ്‌സിന് ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകുന്നതിനും കാരണമായി. എലിമിനേറ്ററില്‍ ബംഗ്ലാ കടുവകളും ടൊറന്റോയും മത്സരിക്കേണ്ടിയിരുന്നെങ്കിലും തുടര്‍ച്ചയായ മഴ കാരണം മത്സരം നടന്നില്ല.

പോയിന്റ് ടേബിളിലെ സ്ഥാനവും ലീഗ് ഘട്ടത്തില്‍ ടൊറന്റോയ്ക്കെതിരെയുള്ള വിജയവും കണക്കിലെടുക്കുമ്പോള്‍ ബംഗ്ലാ കടുവകള്‍ മുന്നേറേണ്ടതായിരുന്നു. എന്നാല്‍ വിജയിയെ തീരുമാനിക്കാന്‍ സൂപ്പര്‍ ഓവര്‍ നടത്താനാണ് മാച്ച് റഫറി തീരുമാനമെടുത്തത്. നിയമമനുസരിച്ച് ഒരു മത്സരത്തിന് റിസള്‍ട്ട് ഉണ്ടാകണമെങ്കില്‍ അഞ്ച് ഓവറെങ്കിലും കളിക്കണം. മത്സരം ടൈ ആയാല്‍ സൂപ്പര്‍ ഓവര്‍ ഉപയോഗിക്കും.

ഫീല്‍ഡ് അമ്പയര്‍ ഷാക്കിബിനെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അത് കേള്‍ക്കാന്‍ താരം തയ്യാറായില്ല. അത് ന്യായമല്ലെന്നാണ് ഷാക്കീബിന് തോന്നിയത്. തുടര്‍ന്ന് അമ്പയര്‍ ടൊറന്റോ നാഷണല്‍സിനെ വിജയികളായി പ്രഖ്യാപിക്കുകയും ക്വാളിഫയര്‍ രണ്ടിലേക്ക് യോഗ്യത നേടുകയും ചെയ്തു.

Content Highlight: Shakib Hassan In Big Setback At Global T20

We use cookies to give you the best possible experience. Learn more