| Thursday, 28th September 2023, 3:21 pm

രോഹിത് ശര്‍മക്ക് അതിന് സാധിക്കുമെങ്കില്‍ നിനക്ക് എന്താ പ്രത്യേകത; ബംഗ്ലാ ക്യാമ്പില്‍ പൊട്ടിത്തെറി തുടരുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ബംഗ്ലാ താരങ്ങള്‍ക്കിടെ വീണ്ടും വാക്‌പോര്. ക്യാപ്റ്റന്‍ ഷാകിബ് അല്‍ ഹസനും ഓപ്പണര്‍ തമീം ഇഖ്ബാലും തമ്മിലുള്ള അസ്വാരസ്യങ്ങളാണ് പുതിയ തലത്തിലേക്ക് മാറിയിരിക്കുന്നത്.

ലോകകപ്പിനുള്ള ബംഗ്ലാദേശ് സ്‌ക്വാഡ് പ്രഖ്യാപിച്ചപ്പോള്‍ തമീം ഇഖ്ബാലിന്റെ പേര് ഉള്‍പ്പെട്ടിരുന്നില്ല. ക്രിക്കറ്റ് ബോര്‍ഡിന്റെ രാഷ്ട്രീയ ഇടപെടലുകളാണ് തന്റെ പുറത്താവലിന് കാരണമെന്നാണ് തമീം പറയുന്നത്.

ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ ബാറ്റിങ് ഓര്‍ഡറില്‍ താഴേക്കിറങ്ങണമെന്നും അല്ലാത്ത പക്ഷം ടീമില്‍ നിന്നും പുറത്താകാന്‍ തയ്യാറായിക്കൊള്ളാനും ബി.സി.ബിയിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞതായി തമീം ആരോപിച്ചു.

‘ആരോ ഒരാള്‍ എന്നെ വിളിച്ച് ബാറ്റിങ് ഓര്‍ഡറില്‍ താഴേക്കിറങ്ങണമെന്നും അല്ലാത്ത പക്ഷം ടീമില്‍ നിന്നും പുറത്താകാന്‍ തയ്യാറായിക്കൊള്ളാനും പറഞ്ഞു. ഇത് കേട്ട ഞാന്‍ ഞെട്ടിപ്പോയി. എന്റെ 17 വര്‍ഷത്തെ കരിയറില്‍ ഞാന്‍ ഒരിക്കലും ബാറ്റിങ് ഓര്‍ഡറില്‍ താഴേക്കിറങ്ങിയിട്ടില്ല,’ തമീം പറഞ്ഞു.

തമീമിന്റെ ഈ വാക്കുകളോട് പ്രതികരിച്ചിരിക്കുകയാണ് ക്യാപ്റ്റന്‍ ഷാകിബ് അല്‍ ഹസന്‍. തമീമിന്റേത് വെറും ബാലിശമായ പിടിവാശിയാണെന്നായിരുന്നു ഷാകിബിന്റെ പ്രതികരണം.

‘ഏഴാം നമ്പറില്‍ നിന്നും ഓപ്പണറുടെ റോളിലേക്ക് മാറിയാണ് രോഹിത് ശര്‍മ തന്റെ കരിയര്‍ കെട്ടിപ്പടുത്തത്. തമീം ചിലപ്പോള്‍ മൂന്നാം നമ്പറിലും നാലാം നമ്പറിലും ബാറ്റ് ചെയ്യാറുണ്ട്. ഇതൊരു വലിയ കാര്യമാണോ? ഇതെന്റെ ബാറ്റാണ്, അതുകൊണ്ട് ഞാന്‍ കളിക്കുമെന്ന ബാലിശമായ പിടിവാശിയണ് അവന്റേത്. ഒരു താരം ടീമിന് വേണ്ടി എല്ലാ പൊസിഷനിലും ബാറ്റ് ചെയ്യാന്‍ തയ്യാറായിരിക്കണം,’ ഷാകിബ് പറഞ്ഞു.

നേരത്തെ, ലോകകപ്പിന് പരിഗണിക്കുകയാണങ്കില്‍ താന്‍ ഫിറ്റല്ലെന്ന കാര്യം പരിഗണിക്കണമെന്നും ലോകകപ്പിലെ അഞ്ച് മത്സരങ്ങളില്‍ കൂടുതല്‍ തനിക്ക് കളിക്കാന്‍ കഴിയില്ലെന്നും തമീം ഇക്ബാല്‍ പറഞ്ഞതോടെയായിരുന്നു തമീം-ഷാകിബ് പോരിന് തുടക്കമായത്.

ഇതിനുപിന്നാലെയാണ് തമീമിന്റെ ആവശ്യം അനുവദിച്ചാല്‍ താന്‍ ലോകകപ്പില്‍ കളിക്കില്ലെന്ന പ്രതികരണവുമായി ബംഗ്ലാ നായകന്‍ ഷാകിബ് രംഗത്ത് വന്നത്. ഒടുവില്‍ സ്‌ക്വാഡ് പ്രഖ്യാപിച്ചപ്പോള്‍ തമീമിന് ഇടം ലഭിച്ചിരുന്നില്ല.

ഒക്ടോബര്‍ ഏഴിനാണ് ബംഗ്ലാദേശിന്റെ ആദ്യ മത്സരം. ധര്‍മശാലയില്‍ നടക്കുന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാനാണ് എതിരാളികള്‍.

ബംഗ്ലാദേശ് സ്‌ക്വാഡ്:

ഷാകിബ് അല്‍ ഹസന്‍ (ക്യാപ്റ്റന്‍), മുഷ്ഫിഖര്‍ റഹീം, ലിട്ടണ്‍ ദാസ്, നജ്മുല്‍ ഹുസൈന്‍ ഷാന്റോ, തൗഹിദ് ഹൃദോയ്, മെഹിദി ഹസന്‍ മിറാസ്, താസ്‌കിന്‍ അഹമ്മദ്, മുസ്തഫിസുര്‍ റഹ്മാന്‍, ഹസന്‍ മഹ്മൂദ്, ഷരിഫുള്‍ ഇസ്‌ലാം, നാസും അഹമ്മദ്, മെഹ്ദി ഹസന്‍, തന്‍സിദ് ഹസന്‍, തന്‍സിം ഹസന്‍, മഹ്മദുള്ള.

Content Highlight: Shakib Al Hassan slams Tamim Iqbal

We use cookies to give you the best possible experience. Learn more