എന്തുകൊണ്ടാണ് താന്‍ ലിമിറ്റഡ് ഓവര്‍ ഫോര്‍മാറ്റിലെ ഏറ്റവും മികച്ച ഓള്‍ റൗണ്ടറായതെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച താരം ഷാകിബ് അല്‍ ഹസന്‍. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ഡെഡ് റബ്ബര്‍ മാച്ചില്‍ തന്റെ വിശ്വരൂപം പുറത്തെടുത്താണ് ഷാകിബ് വീണ്ടും ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചത്.
71 പന്തില്‍ നിന്നും 75 റണ്‍സ് നേടി ബാറ്റിങ്ങില്‍ ടീമിന്റെ നെടുംതൂണായ ഷാകിബ് പത്ത് ഓവര്‍ പന്തെറിഞ്ഞ് 35 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി ബൗളിങ്ങിലും കസറിയിരുന്നു.
ഒരു ഒ.ഡി.ഐയില്‍ മൂന്ന് വിക്കറ്റ് നേട്ടവും 50 റണ്‍സും തികയ്ക്കുന്ന താരങ്ങളുടെ പട്ടികയില്‍ ഈ പ്രകടനത്തോടെ തന്റെ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിക്കാനും ഷാകിബിനായി. ഒമ്പത് തവണയാണ് ഷാകിബ് ഈ നേട്ടം കൈവരിച്ചത്.
പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും പരാജയപ്പെട്ട ബംഗ്ലാദേശ് പരമ്പര നഷ്ടപ്പെടുത്തിയിരുന്നു. മുഖം രക്ഷിക്കാനെങ്കിലും മൂന്നാം മത്സരത്തില്‍ വിജയം അനിവാര്യമായിരുന്ന ബംഗ്ലാ കടുവകളെ ഷാകിബ് വിജയത്തിലേക്ക് കൈപിടിച്ചുനടത്തുകയായിരുന്നു.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബംഗ്ലാദേശിന് മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. ടീം സ്‌കോര്‍ ഒന്നില്‍ നില്‍ക്കവെ ലിട്ടണ്‍ ദാസ് ഡക്കായി മടങ്ങി. 17ല്‍ നില്‍ക്കവെ ക്യാപ്റ്റന്‍ തമീം ഇഖ്ബാലും പുറത്തായി.
എന്നാല്‍ വണ്‍ ഡൗണായെത്തിയ നജ്മുല്‍ ഹൊസൈന്‍ ഷാന്റോയും നാലാമന്‍ മുഷ്ഫിഖര്‍ റഹീമും ചേര്‍ന്ന് മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി ടീമിന്റെ രക്ഷകരായി. 17ാം റണ്‍സില്‍ തുടങ്ങിയ പാര്‍ട്ണര്‍ഷിപ്പ് 115ാം റണ്‍സിലാണ് അവസാനിച്ചത്. റണ്ണൗട്ടിലൂടെ ഷാന്റോയെ പുറത്താക്കി ജോസ് ബട്‌ലറാണ് ടീമിന് ബ്രേക് ത്രൂ നല്‍കിയത്.
എന്നാല്‍ ഇംഗ്ലണ്ടിന് ആശ്വസിക്കാന്‍ ഒട്ടും ഭാഗ്യമുണ്ടായിരുന്നില്ല. പിന്നാലെയെത്തിയ ഷാകിബിന്റെ വെടിക്കെട്ടിനായിരുന്നു ചാറ്റോഗ്രാം സാക്ഷ്യം വഹിച്ചത്. ടീം സ്‌കോര്‍ 153ല്‍ നില്‍ക്കവെ 70 റണ്‍സ് നേടിയ മുഷ്ഫിഖര്‍ റഹീം പുറത്തായെങ്കിലും ഷാകിബ് അടി തുടര്‍ന്നുകൊണ്ടേയിരുന്നു. 246ാം റണ്‍സില്‍ ഒമ്പതാം വിക്കറ്റായാണ് ഷാകിബ് പുറത്താവുന്നത്.
Modhumoti Bank Limited ODI Series: Bangladesh vs England | 3rd ODI
ഓവറിലെ അടുത്ത പന്തില്‍ തന്നെ മുസ്തഫിസുര്‍ റഹ്‌മാനെ മടക്കി ജോഫ്രാ ആര്‍ച്ചര്‍ ബംഗ്ലാ ഇന്നിങ്‌സിന് വിരമാമമിട്ടു.
247 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ടിന് മികച്ച തുടക്കം ലഭിച്ചിരുന്നു. ആദ്യ വിക്കറ്റില്‍ 54 റണ്‍സാണ് ഓപ്പണര്‍മാര്‍ ടീം സ്‌കോറിലേക്ക് സംഭാവന ചെയ്തത്.