| Saturday, 1st June 2024, 8:03 am

ലോകകപ്പ് ചരിത്രത്തിലെ രണ്ട് പേരില്‍ ഒരാള്‍, ടി-20 വേള്‍ഡ് കപ്പ് ലെജന്‍ഡിന് ഇനിയെന്ത്? വമ്പന്‍ അപ്‌ഡേറ്റുമായി ബംഗ്ലാദേശ്

സ്പോര്‍ട്സ് ഡെസ്‌ക്

ഏറെ പ്രതീക്ഷകളോടെയാണ് ബംഗ്ലാദേശ് ഇത്തവണ ലോകകപ്പിനെത്തിയിരക്കുന്നത്. മോശമല്ലാത്ത ടീമുമായി വിന്‍ഡീസിലേക്ക് പറന്ന കടുവകളുടെ മടയിലെ പ്രധാനി ഇതിഹാസ താരം ഷാകിബ് അല്‍ ഹസന്‍ തന്നെയാണ്. ലോകം കണ്ട എക്കാലത്തെയും മികച്ച ഓള്‍ റൗണ്ടര്‍മാരില്‍ പ്രധാനിയായ ഷാകിബിനെ മുന്‍നിര്‍ത്തിക്കൊണ്ടുതന്നെയാണ് ബംഗ്ലാദേശ് ലോകകപ്പിനുള്ള തന്ത്രങ്ങള്‍ മെനയുന്നത്.

ഏറെ കാലമായി ക്രിക്കറ്റ് ഗ്രൗണ്ടില്‍ സജീവമായിരുന്ന ഷാകിബ് തന്റെ വിരമിക്കലിനെ കുറിച്ചുള്ള സൂചനകള്‍ നേരത്തെ തന്നെ നല്‍കിയിരുന്നു. അടുത്ത വര്‍ഷം പാകിസ്ഥാന്‍ ആതിഥേയത്വം വഹിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്ക് പിന്നാലെ താന്‍ അന്താരാഷ്ട്ര കരിയറിനോട് വിടപറയുമെന്നാണ് ഷാകിബ് പറഞ്ഞിരുന്നത്.

എന്നാല്‍ ടി-20 ഫോര്‍മാറ്റില്‍ തുടര്‍ന്നു കളിക്കാന്‍ ആഗ്രഹമുണ്ടെന്നാണ് ഷാകിബ് അല്‍ ഹസന്‍ പറയുന്നത്. 2007 മുതല്‍ ടി-20 ലോകകപ്പുകളില്‍ ബംഗ്ലാദേശിനെ പ്രതിനിധീകരിച്ച ഷാകിബ് ഇനിയൊരു ലോകകപ്പില്‍ കൂടി കടുവകളുടെ ഭാഗമാകാന്‍ ഒരുങ്ങുകയാണ്.

ബംഗ്ലാദേശ് ക്രിക്കറ്റ് പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.

2007ല്‍ ആരംഭിച്ച ടി-20 ലോകകപ്പിന്റെ ആദ്യ എഡിഷന്‍ മുതല്‍ 2024ലെ ഒമ്പതാം എഡിഷന്‍ വരെ എല്ലാ ലോകകപ്പിലും കളിച്ചത് രണ്ടേ രണ്ട് താരങ്ങള്‍ മാത്രമാണ്, അതില്‍ ഒരാളാണ് ഷാകിബ് അല്‍ ഹസന്‍. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയാണ് ഈ നേട്ടം സ്വന്തമാക്കിയ മറ്റൊരു താരം.

ചിത്രത്തിന് കടപ്പാട്: ക്രിക്ട്രാക്കര്‍

ചിത്രത്തിന് കടപ്പാട്: ക്രിക്ട്രാക്കര്‍

‘ഒന്നാമതായി, കരിയര്‍ ആരംഭിച്ചപ്പോള്‍ ഇത്രയും കാലത്തോളം കളിക്കളത്തില്‍ തുടരാന്‍ സാധിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. രണ്ടാമതായി, ടൂര്‍ണമെന്റ് ആരംഭിച്ചതുമുതല്‍ രോഹിത് ശര്‍മക്കൊപ്പം ഞാനും എല്ലാ ലോകകപ്പിലും പങ്കാളിയായിട്ടുണ്ട്. എന്നെ സംബന്ധിച്ച് ഇത് അഭിമാനത്തിന്റെ നിമിഷമാണ്. എനിക്ക് എന്റെ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ട്.

ഞാനും രോഹിത് ശര്‍മയും മാത്രമാണ് എല്ലാ ടി-20 ലോകകപ്പുകളും കളിച്ചിട്ടുള്ളത്. ഇനിയൊരു ലോകകപ്പ് കൂടി കളിക്കാന്‍ സാധിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. പക്ഷേ അതിന് മുമ്പ് ഈ ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കേണ്ടതുണ്ട്. ബംഗ്ലാദേശ് കഴിഞ്ഞ തവണത്തെക്കാള്‍ മികച്ച പ്രകടനം കാഴ്ചവെക്കും,’ അദ്ദേഹം പറഞ്ഞു.

ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച റണ്‍ വേട്ടക്കാരില്‍ ഒന്നാമനാണ് ബംഗ്ലാ ഇതിഹാസം. 36 മത്സരത്തിലെ 35 ഇന്നിങ്‌സില്‍ നിന്നുമായി 47 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. 6.78 എക്കോണമിയിലും 16.48 സ്‌ട്രൈക്ക് റേറ്റിലും പന്തെറിയുന്ന ഷാകിബിന്റെ ഏറ്റവും മികച്ച വേള്‍ഡ് കപ്പ് ബൗളിങ് ഫിഗര്‍ 4/9 ആണ്.

ബാറ്റൈടുത്തപ്പോഴും ആരാധകര്‍ക്ക് വിരുന്നൊരുക്കിയ ഷാകിബ് റണ്‍വേട്ടക്കാരുടെ പട്ടികയില്‍ എട്ടാമനുമാണ്. 36 ഇന്നിങ്‌സില്‍ നിന്നും 23.93 ശരാശരിയിലും 143.40 സ്‌ട്രൈക്ക് റേറ്റിലും 742 റണ്‍സാണ് താരം സ്വന്തമാക്കിയത്. ലോകകപ്പില്‍ മൂന്ന് അര്‍ധ സെഞ്ച്വറികളാണ് താരത്തിന്റെ പേരിലുള്ളത്.

ലോകകപ്പിന് മുമ്പ് ഇന്ത്യക്കെതിരെയുള്ള സന്നാഹ മത്സരമാണ് ഇനി ബംഗ്ലാദേശിന് മുമ്പിലുള്ളത്. ജൂണ്‍ ഒന്നിന് നടക്കുന്ന മത്സരത്തിന് ഈസ്റ്റ് മെഡോയാണ് വേദി.

ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ ശ്രീലങ്കയെയാണ് ബംഗ്ലാദേശിന് നേരിടാനുള്ളത്. ഗ്രാന്‍ഡ് പ്രയറി സ്റ്റേഡിയത്തില്‍ ജൂണ്‍ എട്ടിനാണ് ക്ലാസിക് പോരാട്ടം അരങ്ങേറുന്നത്.

ബംഗ്ലാദേശ് സ്‌ക്വാഡ്

നജ്മുല്‍ ഹൊസൈന്‍ ഷാന്റോ (ക്യാപ്റ്റന്‍), തന്‍സിദ് ഹസന്‍, തൗഹിദ് ഹൃദോയ്, ആഫിഫ് ഹൊസൈന്‍, മെഹ്ദി ഹസന്‍, മഹ്‌മദുള്ള, ഷാകിബ് അല്‍ ഹസന്‍, സൗമ്യ സര്‍ക്കാര്‍, ജാകേര്‍ അലി (വിക്കറ്റ് കീപ്പര്‍), ലിട്ടണ്‍ ദാസ് (വിക്കറ്റ് കീപ്പര്‍), ഹസന്‍ മഹ്‌മൂദ്, മുസ്തഫിസുര്‍ റഹ്‌മാന്‍, റിഷാദ് ഹൊസൈന്‍, ഷോരിഫുള്‍ ഇസ്‌ലാം, തന്‍വീര്‍ ഇസ്‌ലാം, തന്‍സിം ഹസന്‍ സാകിബ്, താസ്‌കിന്‍ അഹമ്മദ്.

Content Highlight: Shakib Al Hassan about his T20 career

We use cookies to give you the best possible experience. Learn more