ഐ.സി.സി ടി-20 ലോകകപ്പിലെ സൂപ്പര്‍ 8ല്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെയാണ് നേരിടുന്നത്. കഴിഞ്ഞ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ 47 റണ്‍സിന് പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസവുമായാണ് രോഹിത് ശര്‍മയും സംഘവും ബംഗ്ലാദേശിനെതിരെ കളത്തില്‍ ഇറങ്ങുന്നത്.
എന്നാല്‍ സൂപ്പര്‍ 8ലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയോട് ബംഗ്ലാദേശ് പരാജയപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യയ്‌ക്കെതിരെ വിജയിച്ചു കൊണ്ട് സെമി ഫൈനല്‍ സാധ്യതകള്‍ നിലനിര്‍ത്താനായിരിക്കും ബംഗ്ലാദേശ് ലക്ഷ്യമിടുക.
ഇന്ത്യയ്‌ക്കെതിരെയുള്ള ഈ മത്സരത്തില്‍ ഒരു ചരിത്രനേട്ടമാണ് ബംഗ്ലാദേശ് നായകന്‍ ഷാകിബ് അല്‍ ഹസനെ കാത്തിരിക്കുന്നത്. ഇന്ത്യക്കെതിരെ ഒരു വിക്കറ്റ് നേടാന്‍ ഷാകിബിന് സാധിച്ചാല്‍ ടി-20 ലോകകപ്പില്‍ 50 വിക്കറ്റുകള്‍ നേടുന്ന ചരിത്രത്തിലെ ആദ്യ താരമെന്ന നേട്ടത്തിലേക്ക് ബംഗ്ലാദേശി നായകന് നടന്നുകയറാം. ടി-20 ലോകകപ്പിന്റെ ഒമ്പത് പതിപ്പുകളില്‍ കളിച്ച ഷാക്കിബ് 41 മത്സരങ്ങളില്‍ നിന്നും 49 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്.
ടി-20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരം, ടീം, വിക്കറ്റുകളുടെ എണ്ണം എന്നീ ക്രമത്തില്‍
ഷാകിബ് അല്‍ ഹസന്‍-ബംഗ്ലാദേശ്-49
ഷാഹിദ് അഫ്രീദി-പാകിസ്ഥാന്‍-39
ലസിത് മലിംഗ-ശ്രീലങ്ക-39
വനിന്ദു ഹസരങ്ക-ശ്രീലങ്ക-37
സയിദ് അജ്മല്‍-പാകിസ്ഥാന്‍-36
ഈ ലോകകപ്പില്‍ ബംഗ്ലാദേദേശ് നായകന്‍ നാലു മത്സരങ്ങളില്‍ നിന്നും രണ്ടു വിക്കറ്റ് കളാണ് നേടിയിട്ടുള്ളത്. ടി-20യില്‍ 127 മത്സരങ്ങളില്‍ നിന്നും 148 വിക്കറ്റുകളാണ് താരം നേടിയിട്ടുള്ളത്.
ഇന്ത്യക്കെതിരെ രണ്ട് വിക്കറ്റുകള്‍ കൂടി നേടാന്‍ സാധിച്ചാല്‍ മറ്റൊരു നേട്ടവും ഷാക്കിബിന് സ്വന്തം പേരിലാക്കി മാറ്റാം. രണ്ട് വിക്കറ്റ് കൂടി നേടിയാല്‍ ടി-20യില്‍ 150 വിക്കറ്റുകള്‍ നേടുന്ന രണ്ടാമത്തെ ബൗളര്‍ ആയി മാറാനും ഷാക്കിബിന് സാധിക്കും. 164 വിക്കറ്റുകള്‍ നേടിയ ന്യൂസിലാന്‍ഡ് സ്റ്റാര്‍ പേസര്‍ ടിം സൗത്തിയാണ് ഈ നേട്ടം കൈവരിച്ച ആദ്യ താരം.
Content Highlight: Shakib Al Hasan Waiting For a New Milestone in T20