| Friday, 31st May 2024, 5:54 pm

അദ്ദേഹത്തിന് ഒറ്റയ്ക്ക് കളി മാറ്റിമറിക്കാന്‍ സാധിക്കും: ഷാക്കിബ് അല്‍ഹസന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ജൂണ്‍ ഒന്നിന് ബംഗ്ലാദേശുമായുള്ള സൗഹൃദമത്സരത്തോടെയാണ് ഇന്ത്യ ലോകകപ്പിന് തുടക്കം കുറിക്കുന്നത്. ഇതിനായി ഇന്ത്യന്‍ ടീം നേരത്തെ അമേരിക്കയിലെ ന്യൂയോര്‍ക്കിലെ ഈസ്റ്റ് മെഡോ സ്റ്റേഡിയത്തില്‍ എത്തുകയും പരിശീലനം ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ബംഗ്ലാദേശും ഇന്ത്യയും തമ്മിലുള്ള സന്നാഹ മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍.

ക്യാപ്റ്റനെന്ന നിലയില്‍ എല്ലാവര്‍ക്കും രോഹിത്തിനെ വലിയ ബഹുമാനമാണെന്നും അദ്ദേഹം മികച്ച രീതിയിലാണ് ഇന്ത്യയെ നയിക്കുന്നതെന്നും ഷാക്കിബ് പറഞ്ഞു.

‘കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ക്യാപ്റ്റന്‍ എന്ന നിലയില്‍ അദ്ദേഹം അസാധാരണമായ വ്യക്തിയാണ്. മികച്ച റെക്കോഡുകളാണ് അദ്ദേഹത്തിനുള്ളത്. എല്ലാ കളിക്കാരും അദ്ദേഹത്തെ ഒരു നേതാവെന്ന നിലയില്‍ ബഹുമാനിക്കുന്നുവെന്ന് ഞാന്‍ കരുതുന്നു. എതിരാളികളില്‍ നിന്ന് ഒറ്റയ്ക്ക് കളി മാറ്റിമറിക്കാന്‍ അദ്ദേഹത്തിന് കഴിയും,’ ഷാക്കിബ് പറഞ്ഞു.

ടി-20 ഇന്റര്‍നാഷണലില്‍ 151 മത്സരത്തിലെ 143 ഇന്നിങ്‌സില്‍ നിന്നും രോഹിത് 3947 റണ്‍സ് ആണ് നേടിയത്. അതില്‍ 121 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും രോഹിത് സ്വന്തമാക്കിയിട്ടുണ്ട്. 31.8 ആവറേജും 140 സ്‌ട്രൈക്ക് റേറ്റും ഉണ്ട് രോഹിത്തിന്. 5 സെഞ്ച്വറികളും 29 അര്‍ധ സെഞ്ച്വറിയും രോഹിത് അടിച്ചെടുത്തിട്ടുണ്ട്. 2024 ടി-20 ലോകകപ്പില്‍ ജൂണ്‍ അഞ്ചിന് അയര്‍ലാന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

2007ല്‍ എം.എസ് ധോണിയുടെ നേതൃത്വത്തിലാണ് ഇന്ത്യ അവസാനമായി ടി-20 ലോകകപ്പ് നേടിയത്. നീണ്ട 17 വര്‍ഷങ്ങള്‍ക്ക് ശേഷം ടി-20 ലോക കിരീടം രോഹിത്തിന്റെ കീഴില്‍ ഇന്ത്യ നേടിയെടുക്കുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.

Content Highlight: Shakib Al Hasan Talking About Rohit Sharma

We use cookies to give you the best possible experience. Learn more