ടി-20 ലോകകപ്പ് മത്സരത്തില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തിന് മുമ്പ് ഏറെ സമ്മര്‍ദമാണ് ഇന്ത്യക്കുള്ളത്. തുടര്‍ച്ചയായ മൂന്നാം ജയം മോഹിച്ചെത്തിയ ഇന്ത്യക്ക് സൗത്ത് ആഫ്രിക്ക ഏല്‍പിച്ച ആഘാതം താങ്ങാവുന്നതിനും അപ്പുറമായിരുന്നു.
അഞ്ച് വിക്കറ്റിനായിരുന്നു സൗത്ത് ആഫ്രിക്ക ഇന്ത്യയെ പരാജയപ്പെടുത്തിയത്. പെര്‍ത്തിലെ പിച്ചിന്റെ സകല ആനുകൂല്യങ്ങളും സൗത്ത് ആഫ്രിക്ക മുതലെടുത്തപ്പോള്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും പിടിമുറുക്കി ആധികാരികമായിട്ടായിരുന്നു അവര്‍ ജയം ആഘോഷിച്ചത്.
ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ വിജയം എന്ന ഒറ്റ ലക്ഷ്യമായിരിക്കും ഇന്ത്യക്ക് മുമ്പിലുണ്ടാകുക. സെമി ഫൈനല്‍ സാധ്യത സജീവമാക്കാനുള്ള സമ്മര്‍ദവും ഇന്ത്യക്ക് മേലുണ്ടാകും.
എന്നാല്‍ ബംഗ്ലാദേശാകട്ടെ സമ്മര്‍ദമേതുമില്ലാതെയാണ് മത്സരത്തെ നേരിടാനൊരുങ്ങുന്നതെന്നാണ് ബംഗ്ലാ നായകന്‍ ഷാകിബ് അല്‍ ഹസന്‍ പറയുന്നത്.
ഇന്ത്യയെ പോലെ മൂന്ന് മത്സരത്തില്‍ നിന്നും രണ്ട് ജയവും ഒരു തോല്‍വിയുമായി ഗ്രൂപ്പ് സ്റ്റാന്‍ഡിങ്‌സില്‍ മൂന്നാം സ്ഥാനത്താണ് ബംഗ്ലാദേശ്. നെറ്റ് റണ്‍ റേറ്റാണ് ഇന്ത്യയെയും ബംഗ്ലാദേശിനെയും വേര്‍തിരിക്കുന്നത്.
അഡ്‌ലെയ്ഡില്‍ നടക്കുന്ന മത്സരത്തില്‍ വിജയിക്കുന്ന ടീമിന് ഒരു അപ്പര്‍ഹാന്‍ഡ് ഗ്രൂപ്പില്‍ നേടാന്‍ സാധിക്കും.
ഇന്ത്യന്‍ ടീം സമ്മര്‍ദത്തിലാഴുമ്പോള്‍ കൂളായാണ് ബംഗ്ലാദേശ് നില്‍ക്കുന്നത്. തങ്ങള്‍ ഒന്നും നഷ്ടപ്പെടാനില്ലാത്തവരെ പോലെയാണെന്നാണ് ബംഗ്ലാ നായകന്‍ ഷാകിബ് അല്‍ ഹസന്‍ പറയുന്നത്.
‘ഇന്ത്യ എവിടെ കളിച്ചാലും കാണാന്‍ നിറയെ ആളുകളുണ്ടാകും. മികച്ച ഒരു മത്സരം തന്നെയായിരിക്കും നടക്കാന്‍ പോകുന്നത്. ലോകകപ്പിലെ ഫേവറിറ്റുകളാണ് ഇന്ത്യ. അവര്‍ ഇവിടെ വന്നിരിക്കുന്നത് കപ്പ് നേടാന്‍ തന്നെയാണ്. എന്നാല്‍ ഞങ്ങള്‍ അങ്ങനെയല്ല. ഇങ്ങനെയൊരു സാഹചര്യത്തില്‍ ഞങ്ങള്‍ ഇന്ത്യയെ തോല്‍പിച്ചാല്‍ അത് വലിയ വിഷമമായിരിക്കും. എന്തായാലും ഇന്ത്യയെ ഒന്ന് വിഷമിപ്പിക്കാന്‍ ഞങ്ങള്‍ ഒന്ന് കഠിനമായി പരിശ്രമിക്കും,’ ഷാകിബ് പറയുന്നു.
ഞങ്ങളിവിടെ വന്നിരിക്കുന്നത് ലോകകപ്പ് നേടാനല്ല. ഇന്ത്യ അത് നേടാന്‍ വേണ്ടി തന്നെയാണ് ഇവിടെ എത്തിയിരിക്കുന്നത്. ബംഗ്ലാദേശ് ഇന്ത്യയെ തോല്‍പിക്കുകയാണെങ്കില്‍ അതൊരു വേള്‍ഡ് കപ് അപ്‌സറ്റ് തന്നെയായിരിക്കും,’ ഷാകിബ് പറയുന്നു.
ഒന്നും നഷ്ടപ്പെടാനില്ലാത്ത ബംഗ്ലാദേശിനെ പേടിച്ചേ മതിയാകൂ എന്ന സന്ദേശമാണ് ബംഗ്ലാ നായകന്‍ നല്‍കുന്നത്.
തസ്‌കിന്‍ അഹമ്മദ് എന്ന വജ്രായുധത്തെ മുന്‍നിര്‍ത്തിയാവും ബംഗ്ലാദേശ് ഇന്ത്യക്കെതിരെ തന്ത്രങ്ങള്‍ മെനയുക. ബംഗ്ലാദേശ് വിജയം കണ്ട രണ്ട് മത്സരത്തിലും മാന്‍ ഓഫ് ദി മാച്ച് തസ്‌കിന്‍ തന്നെയായിരുന്നു.
നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ നാലോവര്‍ പന്തെറിഞ്ഞ് 25 റണ്‍സിന് നാല് വിക്കറ്റാണ് താരം സ്വന്തമാക്കിയത്. സിംബാബ്‌വേക്കെതിരായ മത്സരത്തില്‍ നാല് ഓവറില്‍ 19 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റാണ് തസ്‌കിന്‍ പിഴുതത്.
തസ്‌കിന്‍ അഹമ്മദിന്റെ ഡെലിവറികള്‍ക്കുള്ള ഉത്തരം ഇന്ത്യന്‍ ബാറ്റര്‍മാര്‍ കണ്ടെത്തിയാല്‍ മാത്രമേ അഡ്‌ലെയ്ഡില്‍ കാര്യങ്ങള്‍ ഇന്ത്യക്ക് അനുകൂലമാവുകയുള്ളൂ.
Content Highlight: Shakib Al Hasan says Bangladesh can defeat India in Adelaide