ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തിലെ ആദ്യ മത്സരത്തില്‍ തന്നെ ഇന്ത്യക്ക് കാലിടറിയിരുന്നു. ബംഗ്ലാദേശിന്റെ ബൗളിങ്ങിന് മുമ്പില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കാതെ ഇന്ത്യന്‍ ടീം നിലംപൊത്തിയിരുന്നു.
41.2 ഓവറില്‍ 186 റണ്‍സിന് ഇന്ത്യ ഓള്‍ ഔട്ടാവുകയായിരുന്നു. 73 റണ്‍സ് നേടിയ കെ.എല്‍. രാഹുലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.
ബംഗ്ലാദേശ് നായകന്‍ ഷാകിബ് അല്‍ ഹസന്‍ നയിച്ച ബൗളിങ് നിരയോട് മുട്ടിനില്‍ക്കാന്‍ പോലും ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍മാര്‍ക്ക് സാധിച്ചില്ല.
പത്ത് ഓവര്‍ പന്തെറിഞ്ഞ് കേവലം 36 റണ്‍സ് മാത്രം വിട്ടുനല്‍കി അഞ്ച് വിക്കറ്റാണ് ഷാകിബ് പിഴുതത്. 3.60 എക്കോണമിയിലായിരുന്നു ഷാകിബിന്റെ സംഹാരതാണ്ഡവം.
ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും ഷാകിബിന് മുമ്പില്‍ ഉത്തരമില്ലാതെ വീണു. ഇവര്‍ക്ക് പുറമെ വാഷിങ്ടണ്‍ സുന്ദര്‍, ഷര്‍ദുല്‍ താക്കൂര്‍, ദീപക് ചഹര്‍ എന്നിവരും ഷാകിബിന്റെ പരിചയ സമ്പന്നതയുടെ ചൂടറിഞ്ഞിരുന്നു.
എഷ്യാ കപ്പിലും ടി-20 ലോകകപ്പിലും മികച്ച ഫോമില്‍ കളിച്ച വിരാടിനെ കേവലം ഒമ്പത് റണ്‍സിനാണ് ഷാകിബ് പുറത്താക്കിയത്. വിരാടിനെ പുറത്താക്കിയ ബംഗ്ലാ നായകന്‍ ലിട്ടണ്‍ ദാസിന്റെ പ്രകടനും ഇക്കൂട്ടത്തില്‍ എടുത്ത് പറയേണ്ടതാണ്.
ബംഗ്ലാദേശിന്റെ സീനിയര്‍ താരമായ ഷാകിബ് ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെക്കുകയും വിജയത്തിന് അടിസ്ഥാനമാവുകയും ചെയ്യുമ്പോഴാണ് ഇന്ത്യന്‍ നിരയില്‍ പല സീനിയര്‍ താരങ്ങളും ടീമിന് ബാധ്യതയാകുന്നത്.
ഇന്ത്യയുടെ പല സീനിയര്‍ താരങ്ങളും പ്രതീക്ഷക്കൊത്ത് ഉയര്‍ന്നിരുന്നില്ല. അതില്‍ പ്രധാനിയാണ് ഓപ്പണര്‍ ശിഖര്‍ ധവാന്‍. ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനത്തില്‍ ക്യാപ്റ്റന്റെ റോളിലും ധവാനെത്തിയിരുന്നു. എന്നാല്‍ ആ പരമ്പരയില്‍ ഇന്ത്യ പരാജയപ്പെടുകയായിരുന്നു.
ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ 17 പന്ത് നേരിട്ട് വെറും ഏഴ് റണ്‍സ് മാത്രമെടുത്താണ് താരം പുറത്തായത്. ഒരു കാലത്ത് ഇന്ത്യയുടെ ഏകദിന മത്സരത്തില്‍ മാറ്റിവെക്കാന്‍ സാധിക്കാത്ത താരമായിരുന്ന ധവാന്‍ ഇപ്പോള്‍ ടീമിന് ബാധ്യത മാത്രമാണ്.
ഏകദിനത്തില്‍ ടെസ്റ്റ് കളിക്കുന്ന ധവാന് ഇപ്പോള്‍ ആ പഴയ ഇംപാക്ട് ഉണ്ടാക്കാന്‍ സാധിക്കുന്നില്ല.
മികച്ച ഫോമില്‍ കളിക്കുന്ന ശുഭ്മന്‍ ഗില്ലിനെയടക്കം എടുത്ത് പുറത്ത് കളഞ്ഞിട്ടാണ് ബി.സി.സി.ഐ ധവാനെ പോലുള്ള സീനിയര്‍ താരങ്ങള്‍ക്ക് അവസരം നല്‍കുന്നത് എന്നതാണ് ആരാധകരെ ചൊടിപ്പിക്കുന്നത്.
‘മര്യാദക്ക് കളിക്കാണേലും വേണ്ടില്ല, ഇയാള്‍ കളിക്കേം ഇല്ല ബാക്കിയുള്ളോരെ കളിപ്പിക്കേം ഇല്ല’ ‘ഷാകിബിനെയൊക്കെ കാണുമ്പോഴാ ഇവിടെയുള്ള ഓരോന്നിനെ എടുത്ത് കിണറ്റിലിടാന്‍ തോന്നുന്നത്’ തുടങ്ങി മോശം പ്രകടനത്തിന് പിന്നാലെ വിമര്‍ശനവുമായി ആരാധകരും രംഗത്തെത്തുന്നുണ്ട്.
അതേസമയം, 187 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശിന് ആദ്യ വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോയുടെ വിക്കറ്റാണ് ബംഗ്ലാദേശിന് നഷ്ടമായത്. ഷാന്റോയെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ കൈകളിലെത്തിച്ച് ഗോള്‍ഡന്‍ ഡക്കാക്കി ദീപക് ചഹറാണ് തിരിച്ചയച്ചത്.
ഏഴ് ഓവര്‍ പിന്നിടുമ്പോള്‍ 18 റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയിലാണ് ബംഗ്ലാദേശ്.