| Tuesday, 7th November 2023, 4:24 pm

കാവ്യനീതിയെന്ന് ആരാധകര്‍, 'വിവാദനായകന്‍' പുറത്ത്; ഷാകിബിന് ബംഗ്ലാദേശിന്റെ അവസാന മത്സരം കളിക്കാനാകില്ല

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പിലെ ശേഷിക്കുന്ന മത്സരം കളിക്കാന്‍ സാധിക്കാതെ ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷാകിബ് അല്‍ ഹസന്‍ പുറത്ത്. പരിക്ക് മൂലമാണ് താരം ലോകകപ്പില്‍ നിന്നും പുറത്തായിരിക്കുന്നത്.

കഴിഞ്ഞ ദിവസം നടന്ന ശ്രീലങ്ക – ബംഗ്ലാദേശ് മത്സരത്തിനിടെയാണ് ഷാകിബിന് പരിക്കേറ്റത്. ഇടതുകയ്യിലെ ചൂണ്ടുവിരലിനാണ് പരിക്കേറ്റിരിക്കുന്നത്. എക്‌സ് റേ പരിശോധനക്ക് ശേഷം നവംബര്‍ 11ന് ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന ബംഗ്ലാദേശിന്റെ അവസാന മത്സരത്തില്‍ ഷാകിബിന് കളിക്കാന്‍ സാധിക്കില്ല എന്ന് ഉറപ്പായിരിക്കുകയാണ്.

മത്സരത്തിന് മുമ്പ് തന്നെ ഷാകിബിന് പരിക്കേറ്റിരുന്നതായി ബംഗ്ലാദേശ് ഫിസിയോ ബെയ്ജദുല്‍ ഇസ്‌ലാം വ്യക്തമാക്കിയിരുന്നു. പ്രൊടക്ടീവ് ടേപ്പ് ഉപയോഗിച്ച് വിരല്‍ ചുറ്റിയും പെയ്ന്‍ കില്ലര്‍ കഴിച്ചുമാണ് ഷാകിബ് മത്സരത്തിനിറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. മത്സരത്തിനിടെ പരിക്ക് വഷളാവുകയും PIP ജോയിന്റിന് പൊട്ടലേല്‍ക്കുകയും ചെയ്തു.

പരിക്കില്‍ നിന്നും മടങ്ങിയെത്താന്‍ മൂന്ന് – നാല് ആഴ്ചകള്‍ വേണമെന്നതിനാല്‍ അദ്ദേഹത്തിന് ലോകകപ്പിലെ ശേഷിക്കുന്ന മത്സരം നഷ്ടമാകുമെന്ന് ഉറപ്പായിരിക്കുകയാണ്. കഴിഞ്ഞ മത്സരത്തിലെ വിവാദങ്ങള്‍ക്കുള്ള തിരിച്ചടിയാണെന്നാണ് ആരാധകര്‍ പറയുന്നത്.

കഴിഞ്ഞ ദിവസം നടന്ന ശ്രീലങ്ക – ബംഗ്ലാദേശ് മത്സരത്തിനിടെയുള്ള സംഭവങ്ങളാണ് ഷാകിബിന് ക്രിക്കറ്റ് ആരാധകരുടെ മനസില്‍ പ്രതിനായക സ്ഥാനം നല്‍കിയത്. ശ്രീലങ്കന്‍ സൂപ്പര്‍ താരം ഏയ്ഞ്ചലോ മാത്യൂസിനെ ടൈംഡ് ഔട്ടിലൂടെ പുറത്താക്കിയതാണ് ഷാകിബിനെതിരെ ആരാധക രോഷമുയരാന്‍ കാരണം.

സധീര സമരവിക്രമ പുറത്തായതിന് പിന്നാലെ കൃത്യസമയത്ത് ക്രീസിലെത്തി ഗാര്‍ഡ് സ്വീകരിക്കാതിരിക്കുകയും ആദ്യ പന്ത് ഫേസ് ചെയ്യാതിരിക്കുകയും ചെയ്തതോടെയാണ് മാത്യൂസിനെതിരെ ബംഗ്ലാദേശ് ടൈംഡ് ഔട്ട് അപ്പീല്‍ ചെയ്തത്. അപ്പീല്‍ പിന്‍വലിക്കുന്നില്ലെന്ന് ബംഗ്ലാ നായകന്‍ വ്യക്തമാക്കിയതോടെ മാത്യൂസിന് തിരിച്ചുനടക്കേണ്ടി വരികയായിരുന്നു.

അതേസമയം, മത്സരത്തില്‍ ബംഗ്ലാദേശ് മൂന്ന് വിക്കറ്റിന് വിജയിച്ചിരുന്നു. ശ്രീലങ്ക ഉയര്‍ത്തിയ 280 റണ്‍സിന്റെ വിജയലക്ഷ്യം ബംഗ്ലാദേശ് ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി മറികടക്കുകയായിരുന്നു.

ചരിത് അസലങ്കയുടെ സെഞ്ച്വറിയാണ് ശ്രീലങ്കയെ മോശമല്ലാത്ത ടോട്ടല്‍ പടുത്തുയര്‍ത്താന്‍ സഹായിച്ചത്. എന്നാല്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്റോയുടെയും ക്യാപ്റ്റന്‍ ഷാകിബ് അല്‍ ഹസന്റെയും സെഞ്ച്വറിയോളം പോന്ന അര്‍ധ സെഞ്ച്വറികള്‍ ബംഗ്ലാ കടുവകള്‍ക്ക് തുണയായി.

ഷാന്റോ 90 റണ്‍സ് നേടിയപ്പോള്‍ 82 റണ്‍സാണ് ഷാകിബ് സ്വന്തമാക്കിയത്. ബാറ്റിങ്ങിനൊപ്പം ബൗളിങ്ങിലും കരുത്ത് കാട്ടിയതോടെ മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും ഷാകിബിനെ തന്നെയായിരുന്നു.

Content highlight: Shakib Al Hasan ruled out from World Cup

We use cookies to give you the best possible experience. Learn more