പാകിസ്ഥാന് പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ ചരിത്ര വിജയം സ്വന്തമാക്കി ബംഗ്ലാദേശ് കടുവകള്‍. റാവല്‍പിണ്ടിയില്‍ നടന്ന മത്സരത്തില്‍ 10 വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് കടുവകള്‍ സ്വന്തമാക്കിയത്. ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ പാകിസ്ഥാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 448 റണ്‍സ് നേടി ഡിക്ലയര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് ബാറ്റ് ചെയ്ത ബംഗ്ലാദേശ് 565 റണ്‍സാണ് ഉയര്‍ത്തിയത്.
എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് വമ്പന്‍ തിരിച്ചടിയാണ് ബംഗ്ലാദേശ് ബൗളര്‍മാര്‍ നല്‍കിയത്. വെറും 146 റണ്‍സിനാണ് പാകിസ്ഥാനെ ബംഗ്ലാ ബൗളര്‍മാര്‍ തറ പറ്റിച്ചത്.
മെഹ്ദി ഹസന്റെ തകര്‍പ്പന്‍ സ്പിന്നില്‍ നാല് വിക്കറ്റുകളാണ് പാകിസ്ഥാന് നഷ്ടപ്പെട്ടത്. ഷൊരീഫുള്‍ ഇസ്‌ലാം, ഹസന്‍ മുഹമ്മദ്, നാഹിദ് റാണ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
ബംഗ്ലാദേശിന്റെ മിന്നും ഓള്‍ റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന്‍ മൂന്ന് മെയ്ഡന്‍ അടക്കം 17 ഓവറുകള്‍ എറിഞ്ഞ് 44 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് നിര്‍ണായക വിക്കറ്റുകളും നേടിയിരുന്നു. പാക് ഓപ്പണര്‍ അബ്ദുള്ള ഷഫാഖ് (37), സൗദ് ഷക്കീല്‍ (0), നസീം ഷാ (3) എന്നിവരുടെ വിക്കറ്റുകളാണ് താരം നേടിയത്. 2.59 എന്ന എക്കോണമിയിലാണ് താരം പന്ത് എറിഞ്ഞത്. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും ഇടകയ്യന്‍ സ്പിന്നര്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരമെന്ന നേട്ടം സ്വന്തമാക്കാനും താരത്തിന് സാധിച്ചിരിക്കുകയാണ്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇടംകൈയ്യന്‍ സ്പിന്നര്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന താരം, രാജ്യം, വിക്കറ്റ്
ഷാക്കിബ് അല്‍ ഹസന്‍ – ബംഗ്ലാദേശ് 706* വിക്കറ്റ്
ഡാനിയല്‍ വെറ്റോറി – ന്യൂസിലാന്‍ഡ് – 705 വിക്കറ്റ്
രവീന്ദ്ര ജഡേജ – ഇന്ത്യ – 568 വിക്കറ്റ്
രംഗന ഹെറാത്ത് – ശ്രീലങ്ക – 525 വിക്കറ്റ്
സനത് ജയസൂര്യ – ശ്രീലങ്ക – 440 വിക്കറ്റ്