ടി-20യില്‍ വിരമിച്ചു, ടെസ്റ്റിലും ഏകദിനത്തിലും വൈകാതെ വിരമിക്കും; തുറന്ന് പറഞ്ഞ് ബംഗ്ലാദേശ് ഇതിഹാസം
Sports News
ടി-20യില്‍ വിരമിച്ചു, ടെസ്റ്റിലും ഏകദിനത്തിലും വൈകാതെ വിരമിക്കും; തുറന്ന് പറഞ്ഞ് ബംഗ്ലാദേശ് ഇതിഹാസം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 26th September 2024, 2:55 pm

ഇന്റര്‍നാഷണല്‍ ടി-20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ബംഗ്ലാദേശിന്റെ എക്കാലത്തെയും മിന്നും താരം ഷാക്കിബ് അല്‍ ഹസന്‍. മാത്രമല്ല ഇന്റര്‍നാഷണല്‍ ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും ഏകദിന മത്സരങ്ങളില്‍ നിന്നും വിരമിക്കുന്നതിനെക്കുറിച്ചും താരം തുറന്നു സംസാരിച്ചു.

ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ബംഗ്ലാദേശ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്.

2006 മുതല്‍ ടി-20 ഫോര്‍മാറ്റില്‍ സ്ഥിര സാന്നിധ്യമായ താരം 129 മത്സരങ്ങളിലെ 126 ഇന്നിങ്‌സില്‍ നിന്ന് 149 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. ടി-20 ഐയില്‍ 2551 റണ്‍സും സ്വന്തം പേരില്‍ രേഖപ്പെടുത്തി.

2025ല്‍ പാകിസ്ഥാനില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ആയിരിക്കും അവസാന ഏകദിന ടൂര്‍ണമെന്റ് എന്നും ഷാക്കിബ് വെളിപ്പെടുത്തി. മാത്രമല്ല 2024 അവസാനം സൗത്ത് ആഫ്രിക്കയോട് മിര്‍പൂരില്‍ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയോടെ ക്രിക്കറ്റിന്റെ ദീര്‍ഘ ഫോര്‍മാറ്റിലും വിരമിക്കാന്‍ തയ്യാറെടുക്കുകയാണെന്നും താരം പറഞ്ഞു.

2009ല്‍ മഷ്‌റഫെ മൊര്‍ത്താസ പരിക്ക് മൂലം പുറത്തായതിനെ തുടര്‍ന്ന് ഷാക്കിബ് എല്ലാ ഫോര്‍മാറ്റിലും ബംഗ്ലാദേശിന്റെ ക്യാപ്റ്റനായിരുന്നു. ഷാക്കിബിന് കീഴില്‍ ബംഗ്ലാദേശ് 47 ഏകദിനങ്ങളിലെ 22 മത്സരത്തിലും വിജയിച്ചു.

2006 തന്റെ ക്രിക്കറ്റ് കരിയര്‍ തുടങ്ങിയ ഷാക്കിബ് 247 ഏകദിന മത്സരത്തിലെ 234 ഇന്നിങ്‌സില്‍ നിന്ന് 7570 റണ്‍സും 134* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും നേടിയിട്ടുണ്ട്. ബൗളിങ്ങില്‍ 247 മത്സരത്തിലെ 241 ഇന്നിങ്‌സില്‍ നിന്ന് 317 വിക്കറ്റും താരത്തിനുണ്ട്.

2007 ടെസ്റ്റ് മത്സരത്തില്‍ അരങ്ങേറിയ ഷാക്കിബ് 69 ടെസ്റ്റ് മത്സരത്തിലെ 126 ഇന്നിങ്‌സില്‍ 4543 റണ്‍സും 217 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരത്തിനുണ്ട്. മാത്രമല്ല 242 വിക്കറ്റും ഷാക്കിബ് നേടി.

ഇന്ത്യയ്‌ക്കെതിരെ നടന്ന ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ 32 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 25 റണ്‍സുമാണ് ഷാക്കിബ് നേടിയത്. പക്ഷെ വിക്കറ്റൊന്നും നേടാന്‍ താരംത്തിന് സാധിച്ചില്ലായിരുന്നു. മാത്രമല്ല 129 റണ്‍സും താരത്തിന് ബൗളിങ്ങില്‍ വഴങ്ങേണ്ടി വന്നു.

ഇന്ത്യയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശ് 280 റണ്‍സിന്റെ കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. രണ്ടാം ടെസ്റ്റ് സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ കാണ്‍പൂരിലാണ് നടക്കുന്നത്.

 

 

Content Highlight: Shakib Al Hasan announced T20I retirement, expected to play final Test Against South Africa