അഡ്‌ലെയ്ഡില്‍ വെച്ച് ഇന്ത്യയോട് തോല്‍ക്കേണ്ടി വന്നതിന്റെ നിരാശ വ്യക്തമാക്കി ബംഗ്ലാദേശ് നായകന്‍ ഷാകിബ് അല്‍ ഹസന്‍. ഇന്ത്യയോട് അവസാന ഓവറില്‍ അഞ്ച് റണ്‍സിന് തോല്‍ക്കേണ്ടി വന്നിതിന് പിന്നാലെയാണ് ഷാകിബ് അല്‍ ഹസന്‍ നിരാശ പ്രകടമാക്കിയത്.
ഇന്ത്യക്കെതിരായ മത്സരത്തില്‍ എന്നും തങ്ങള്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കാറുള്ളതെന്നും എന്നാല്‍ അവസാന നിമിഷം, വിജയത്തിന് തൊട്ടടുത്തെത്തുമ്പോള്‍ എപ്പോഴും കാലിടറി വീഴുകയാണ് പതിവെന്നും അദ്ദേഹം പറയുന്നു.
‘അതെ, ഇന്ത്യക്കെതിരെ കളിക്കുമ്പോള്‍ എപ്പോഴും സംഭവിക്കുന്നത് ഇത് തന്നെയാണ്. ഞങ്ങള്‍ എപ്പോഴും വിജയത്തിന് തൊട്ടടുത്ത് വരെ എത്താറുണ്ട്. എന്നാല്‍ വിജയിക്കാന്‍ മാത്രം ഞങ്ങള്‍ക്കായിട്ടില്ല.
ഇത് വളരെ മികച്ച ഒരു ഗെയിം തന്നെയായിരുന്നു. കാണികള്‍ മത്സരത്തിന്റെ ഓരോ നിമിഷവും ആസ്വദിക്കുകയായിരുന്നു. കാണികള്‍ മാത്രമല്ല ഞങ്ങള്‍ രണ്ട് ടീമും ആസ്വദിച്ചാണ് കളിച്ചത്. അതുതന്നെയാണ് ഞങ്ങള്‍ക്കാവശ്യമുള്ളതും.
മത്സരത്തിന്റെ അവസാനം ഒരു ടീം എന്തായാലും ജയിക്കുകയും മറ്റേ ടീം തോല്‍ക്കുകയും വേണം,’ മത്സരത്തിന് ശേഷം പോസ്റ്റ് മാച്ച് പ്രസന്റേഷനില്‍ ഷാകിബ് അല്‍ ഹസന്‍ പറഞ്ഞു.
നേരത്തെ, ടോസ് നേടിയ ബംഗ്ലാ നായകന്‍ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ നേരത്തെ തന്നെ നഷ്ടമായ ഇന്ത്യ കെ.എല്‍. രാഹുലിന്റെയും മുന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെയും ഇന്നിങ്‌സിന്റെ ബലത്തില്‍ മികച്ച സ്‌കോര്‍ കെട്ടിപ്പടുക്കുകയായിരുന്നു.
44 പന്തില്‍ നിന്നും പുറത്താകാതെ 64 റണ്‍സ് നേടിയ വിരാടും 32 പന്തില്‍ നിന്നും 50 റണ്‍സുമായി രാഹുലും ബാറ്റിങ്ങില്‍ തിളങ്ങി. 16 പന്തില്‍ നിന്നും 30 റണ്‍സുമായി സൂര്യകുമാര്‍ യാദവ് മികച്ച പിന്തുണയും നല്‍കി.
മൂവരുടെയും തകര്‍പ്പന്‍ ഇന്നിങ്‌സിന്റെ ബലത്തില്‍ ഇന്ത്യ നിശ്ചിത ഓവറില്‍ 184ന് ആറ് എന്ന നിലയില്‍ ഇന്നിങ്‌സ് അവസാനിപ്പിക്കുകയായിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് സ്വപ്‌നതുല്യമായ തുടക്കമായിരുന്നു ലഭിച്ചത്. ഓപ്പണര്‍ ലിട്ടണ്‍ ദാസിന്റെ അര്‍ധ സെഞ്ച്വറിയുടെ മികവില്‍ ബംഗ്ലാ കടുവകള്‍ മുന്നേറുമ്പോള്‍ മഴയെത്തുകയും മത്സരം നിര്‍ത്തി വെക്കുകയുമായിരുന്നു.
മഴക്ക് ശേഷം 16 ഓവറില്‍ 151 എന്ന് വിജയലക്ഷ്യം പുനര്‍നിര്‍ണയിക്കുകയായിരുന്നു. എന്നാല്‍ പെട്ടന്ന് തന്നെ ലിട്ടണ്‍ ദാസ് പുറത്തായതോടെ ബംഗ്ലാദേശിന്റെ വിജയവും അകന്നുപോവുകയായിരുന്നു.