വെണ്ണല തൈക്കാട്ട് ശ്രീമഹാദേവ ക്ഷേത്രത്തിലെ മഹാശിവരാത്രി ആഘോഷത്തിലെ മുഖ്യാതിഥിയായി ഷക്കീല. വെണ്ണല ക്ഷേത്രത്തെ കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ടെന്നും 2001 മുതല്‍ ഇവിടെ വരാന്‍ ആഗ്രഹിക്കുന്നതാണെന്നും ഷക്കീല പറഞ്ഞു. തന്നെ വിശിഷ്ടാതിഥിയായി വിളിച്ചതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ ഷക്കീല കോഴിക്കോട് ഹൈലൈറ്റ് മാളില്‍ പ്രവേശനം നിഷേധിച്ച സംഭവവും കണ്ണീരോടെ ഓര്‍ത്തെടുത്തു.
‘ഇങ്ങനെ ഒരു പരിപാടിയിലേക്ക് എന്നെ ക്ഷണിച്ചതില്‍ നന്ദി. ഇവിടെ വരാന്‍ 2001 മുതല്‍ ആഗ്രഹിക്കുന്നതാണ്. തമിഴ്‌നാട്ടില്‍ ഒരുപാട് ക്ഷേത്രങ്ങളില്‍ മുമ്പ് പോയിട്ടുണ്ട്. അവസാനം കേരളത്തില്‍ വന്നപ്പോള്‍ ഒരു പ്രശ്‌നമുണ്ടായിരുന്നു. ഒരു മാളിലേക്ക് ഞാന്‍ വരുന്നുണ്ടെന്ന് അറിഞ്ഞതാണ് പ്രശ്‌നമായത്.
അതെന്തുകൊണ്ടായിരുന്നു എന്ന് ഇപ്പോഴാണ് മനസിലാവുന്നത്. കാരണം ദൈവത്തിന് മറ്റൊരു പ്ലാനുണ്ടായിരുന്നു. മാളില്‍ ഞാന്‍ പോവുകയായിരുന്നുവെങ്കില്‍ ഇരുന്നൂറോ മുന്നൂറോ ആളുകളെ അവിടെ വരികയുള്ളൂ. എന്നാല്‍ ഇവിടെ ആയിരക്കണക്കിന് ആളുകളെ കാണാം. അതുകൊണ്ട് ഇത് ശിവ ഭഗവാനില്‍ നിന്നും കിട്ടിയ നീതിയാണെന്ന് കരുതുന്നു,’ ഷക്കീല പറഞ്ഞു.
ഒമര്‍ ലുലു സംവിധാനം ചെയ്ത നല്ല സമയം എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചിനായിരുന്നു ഷക്കീല കോഴിക്കോട് ഹൈലൈറ്റ് മാളില്‍ വരാനിരുന്നത്. എന്നാല്‍ അവസാനം നിമിഷം പരിപാടിക്ക് മാള്‍ അധികൃതര്‍ അനുമതി നിഷേധിക്കുകയായിരുന്നുവെന്ന് ഒമര്‍ ലുലു പറഞ്ഞു. ട്രെയിലര്‍ ലോഞ്ചിന് നേരത്തേ അനുമതി നല്‍കിയിരുന്നെന്നും, മുഖ്യാതിഥിയായി ഷക്കീല എത്തുന്നു എന്നറിഞ്ഞതോടെയാണ് മാള്‍ അധികൃതര്‍ അനുമതി നിഷേധിച്ചതെന്നും സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. മുഖ്യാതിഥിയായി ക്ഷണിച്ചശേഷം ഷക്കീലയെ ഒഴിവാക്കി പരിപാടി നടത്തുന്നത് ശരിയല്ലെന്നും ഒമര്‍ ലുലു പുറത്തുവിട്ട വീഡിയോയില്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍, ട്രെയിലര്‍ ലോഞ്ചില്‍ ഷക്കീല പങ്കെടുക്കുന്ന കാര്യം അവസാന നിമിഷമാണ് അറിഞ്ഞതെന്നായിരുന്നു മാള്‍ അധികൃതര്‍ പറഞ്ഞിരുന്നത്. കൂടുതല്‍ സുരക്ഷയൊരുക്കാതെ പരിപാടി നടത്താനാകില്ലെന്ന് സംവിധായകനെ അറിച്ചിരുന്നെന്നും ട്രെയിലര്‍ ലോഞ്ചില്‍ പങ്കെടുക്കാന്‍ ഷക്കീലക്ക് അനുമതി നിഷേധിച്ചിട്ടില്ലെന്നും മാള്‍ അധികൃതര്‍ പുറത്തുവിട്ട വിശദീകരണ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
Content Highlight: Shakeela was the chief guest at Mahashivratri celebrations in vennala