ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജി വിട്ട് അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി ഏത് ക്ലബ്ബിലേക്ക് ചേക്കേറുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. താരത്തിന്റെ ക്ലബ്ബ് മാറ്റത്തില്‍ അഭ്യൂഹങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മുന്‍ ന്യൂസികാസില്‍ ഗോള്‍ കീപ്പര്‍ ഷാക്ക ഹിസ്‌ലോപ്.
ഫുട്‌ബോളില്‍ ദീര്‍ഘ കാലത്തെ അനുഭവ സമ്പത്തുള്ള താരമാണ് മെസിയെന്നും അദ്ദേഹത്തിന് ഇഷ്ടമുള്ള ക്ലബ്ബിലേക്ക് പോകട്ടെയെന്നുമാണ് ഹിസ്‌ലോപ് പറഞ്ഞത്. ആളുകള്‍ തങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും പ്രകടിപ്പിക്കുമെന്നും അദ്ദേഹത്തിന് താത്പര്യമുള്ള ക്ലബ്ബിലേക്ക് പോകുന്നതില്‍ പൂര്‍ണ പിന്തുണ അറിയിക്കുന്നുവെന്നും ഹിസ്‌ലോപ് പറഞ്ഞു. സ്റ്റാറ്റ്‌സ് പെര്‍ഫോമിനോട് സംസാരിക്കുമ്പോഴായിരുന്നു ഹിസ്‌ലോപ് ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.
‘കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഫുട്‌ബോളിന് വേണ്ടതെല്ലാം നല്‍കിയിട്ടുള്ള താരമാണ് മെസി. അദ്ദേഹത്തിന് ആഗ്രഹമുള്ളത് ചെയ്യട്ടെ എന്നാണ് എനിക്ക് പറയാനുള്ളത്. ഈ വിഷയത്തില്‍ നമ്മള്‍ വിലയിരുത്തലുകള്‍ നടത്തുകയും അഭിപ്രായങ്ങള്‍ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.
പക്ഷെ അദ്ദേഹം ജീവിതത്തില്‍ നിന്ന് പലതും ഫുട്‌ബോളിന് നല്‍കിയിട്ടുണ്ട്. അഭിനന്ദാനര്‍ഹമായ ഒരുപാട് കാര്യങ്ങള്‍ മെസി ഫുട്‌ബോള്‍ രംഗത്ത് ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന് എന്ത് ചെയ്യാനാണോ ആഗ്രഹം അതിന് വേണ്ടി എല്ലാ പിന്തുണയും നല്‍കുക എന്നതാണ് എനിക്ക് ചെയ്യാനുള്ളത്,’ ഹിസ്‌ലോപ് പറഞ്ഞു.
അതേസമയം, ലയണല്‍ മെസിയുടെ ട്രാന്‍സ്ഫര്‍ സംബന്ധിച്ച് പുതിയ അപ്ഡേഷനുമായി പ്രമുഖ സ്‌പോര്‍ട്‌സ് ജേണലിസ്റ്റും ട്രാന്‍സ്ഫര്‍ എക്‌സ്പര്‍ട്ടുമായ ഫാബ്രിസിയോ റൊമാനോ രംഗത്തെത്തിയിരുന്നു. പി.എസ്.ജി കോച്ച് ക്രിസ്റ്റഫ് ഗാള്‍ട്ടിയറുടെ വാക്കുകള്‍ ഉദ്ധരിച്ച് കൊണ്ട് റൊമാനോ ട്വീറ്റ് ചെയ്യുകയായിരുന്നു.
‘ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനെ പരിശീലിപ്പിക്കാനുള്ള അവസരം എനിക്കുണ്ടായി. ഈ വാരാന്ത്യത്തില്‍ പാര്‍ക് ഡെസ് പ്രിന്‍സസില്‍ ക്ലെര്‍മോണ്ടിനെതിരെ പി.എസ്.ജിയില്‍ മെസിയുടെ അവസാന മത്സരമായിരിക്കും,’ പി.എസ്.ജി കോച്ച് പറഞ്ഞതായി റൊമാനോ ട്വീറ്റ് ചെയ്തു.
ശനിയാഴ്ച നടക്കുന്ന മത്സരത്തില്‍ പി.എസ്.ജി ജേഴ്‌സിയില്‍ മെസി അവസാനമായി കളത്തിലിറങ്ങും. പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിച്ചതിന് ശേഷം മാത്രമെ ക്ലബ്ബ് ട്രാന്‍സ്ഫര്‍ വിഷയത്തില്‍ അന്തിമ തീരുമാനം അറിയിക്കുകയുള്ളൂ എന്നും ഈ സീസണില്‍ പാരീസിയന്‍ ക്ലബ്ബിനായി ലീഗ് വണ്‍ ടൈറ്റില്‍ നേടുക എന്നതാണ് മെസിയുടെ ലക്ഷ്യമെന്നും മെസിയുടെ പിതാവും ഏജന്റുമായ ജോര്‍ജ് മെസി നേരത്തെ അറിയിച്ചിരുന്നു.
Content Highlights: Shaka Hislop makes interesting claim on Lionel Messi’s club transfer