Memoir
ലോഹിതദാസ് തിരക്കഥകളും, മുരളിയും
മുരളി എന്ന മഹാനടന്റെ അഭിനയത്തികവ് പല സിനിമകളിലൂടെയും നാം കണ്ടതാണ്. എന്നാല്‍ അദ്ദേഹത്തിന്റെ സിനിമാജീവിതത്തില്‍ ഏറ്റവും കൂടുതല്‍ തവണ മികച്ച കഥാപാത്രങ്ങള്‍ നല്‍കിയത് ലോഹിതദാസ് തിരക്കഥകളാണ്. അദ്ദേഹത്തിന്റെ ഭൂരിഭാഗം നല്ല കഥാപാത്രങ്ങളും ലോഹിയുടെ തൂലിക സൃഷ്ടിച്ചവയാണ്.
ലോഹിതദാസ് സൃഷ്ടിച്ച കലര്‍പ്പുകളില്ലാത്ത, പച്ച മനുഷ്യരായ പല കഥാപാത്രങ്ങള്‍ക്കും ജീവന്‍ കൊടുക്കാന്‍ മുരളിയുടെ അഭിനയ ശൈലിയും, ബോഡി ലാംഗ്വേജും, എന്ത് കൊണ്ടും അനുയോജ്യമായിരുന്നു. നായകനായും, സഹ നടനായും, എന്തിന് ഏതാനും ചില സീനുകളില്‍ മാത്രം വന്നുപോകുന്ന വേഷങ്ങളില്‍ പോലും മുരളി എന്ന നടനെ മാക്‌സിമം ഉപയോഗിക്കാന്‍ ലോഹി സൃഷ്ടിച്ച കഥാപാത്രങ്ങള്‍ക്ക് കഴിഞ്ഞു.
കിരീടത്തിലെ സന്മനസ്സിന്റെ ഉടമയായ സബ്ബ് ഇന്‍സ്‌പെക്ടര്‍, മുരളിക്ക് ആദ്യ സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത ആധാരത്തിലെ ബാപ്പൂട്ടി, അമരത്തിലെ കൊച്ചുരാമന്‍, കാരുണ്യത്തിലെ അച്ഛന്‍, ചകോരത്തിലെ ലാന്‍ഡ്സ് നായിക്ക് മുകുന്ദന്‍ മേനോന്‍, ധനത്തിലെ അബു, ഭരതത്തിലെ ഹരിദാസ് IAS അങ്ങിനെ എത്രയെത്ര ഗംഭീര കഥാപാത്രങ്ങള്‍. ഇവയില്‍ പലതും അദ്ദേഹം മുരളി എന്ന നടനെ മുന്നില്‍കണ്ട് സൃഷ്ടിച്ചവയാവില്ല.
എന്നാല്‍പോലും അവയൊക്കെ എങ്ങിനെയോ മുരളിയില്‍ വന്നെത്തി. ലോഹിയുടെ നാടകം ആധാരം എന്നപേരില്‍ സിനിമയാക്കിയപ്പോള്‍ മമ്മൂട്ടിയായിരുന്നു അദ്ദേഹത്തിന്റെ മനസ്സില്‍. അത് മുരളിയില്‍ എത്തപ്പെട്ടപ്പോള്‍ ആ കഥാപാത്രത്തിന് മറ്റൊരു മാനം കൈവന്നു. വളയത്തിലെ മുരളിയുടെയും, ഒടുവിലിന്റെയും ഗംഭീര അഭിനയ മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ ഒരു സീനില്‍ ലോഹിയുടെ സാനിദ്ധ്യമുണ്ട്.
അക്കാലത്ത് മറ്റുള്ള സിനിമകളില്‍ മുരളി ധാരാളം അവതരിപ്പിച്ച് പോന്ന വില്ലന്‍ കഥാപാത്രങ്ങള്‍ ലോഹി കഥാപാത്രങ്ങളില്‍ നന്നേ കുറവായിരുന്നു. ഓര്‍മ്മയില്‍ എഴുതാപ്പുറങ്ങളിലെയും, കുട്ടേട്ടനിലെയും, മുദ്രയിലെയും കഥാപാത്രങ്ങള്‍ക്കാണ് ഒരല്പം നെഗറ്റീവ് ഷെയ്ഡുള്ളത്.
സാധാരണക്കാരന്റെ മനുഷ്യജീവതത്തോട് അടുത്ത് നില്‍ക്കുന്ന കഥാപാത്രങ്ങള്‍ നല്‍കാന്‍ രണ്ട് പേരും ഇന്ന് നമ്മോടൊപ്പം ഇല്ല.
മുരളി വിടപറഞ്ഞിട്ട് ഇന്നേക്ക് 10 വര്‍ഷം തികയുന്നു…
ലോഹിയുടെ തൂലികയില്‍ പിറന്ന ചില ഇഷ്ട മുരളി കഥാപാത്രങ്ങള്‍:
കിരീടം – പോലീസ് ഇന്‍്‌പെക്ടര്‍
ദശരഥം – ചന്ദ്രദാസ്
മാലയോഗം – ചെത്ത്കാരന്‍ ദാമോദരന്‍
കനല്‍ക്കാറ്റ് – ഇടിയന്‍ രാമു
ഭരതം – ഹരികുമാര്‍
അമരം – കൊച്ചുരാമന്‍
ധനം – അബു
ആധാരം – ബാപ്പൂട്ടി
വളയം – ശ്രീധരന്‍
കമലദളം – മാധവനുണ്ണി
വെങ്കലം – ഗോപാലന്‍
ചകോരം – ലാന്‍സ് നായിക് മുകുന്ദന്‍ മേനോന്‍
തൂവല്‍ക്കൊട്ടാരം – ബലരാമന്‍
കാരുണ്യം – ഗോപി
ഷാജു സുരേന്ദ്രന്‍
ദുബായില്‍ ജോലി ചെയ്യുന്നു. സോഷ്യല്‍ മീഡിയയില് സിനിമ സംബന്ധിയായ കുറിപ്പുകള്‍ എഴുതുന്നു.