| Wednesday, 10th May 2023, 10:02 pm

കോമയില്‍ കിടക്കുന്ന സ്ത്രീക്ക് ലിപ്സ്റ്റികും ഐ ഷാഡോയും; അടുക്കളയിലെ ജോലിക്കാരിക്ക് കഴുത്ത് നിറയെ ആഭരണം; സീരിയലുകളെ കുറിച്ച് ഷാജു ശ്രീധര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പഴയകാലത്തെ സീരിയലുകള്‍ക്ക് നമ്മുടെയൊക്ക ജീവിതവുമായി എന്തെങ്കിലും തരത്തിലുള്ള ബന്ധങ്ങളുണ്ടായിരുന്നു എന്ന് നടന്‍ ഷാജു ശ്രീധര്‍. എന്നാല്‍ പുതിയ കാലത്തെ സീരിയലുകള്‍ അതില്‍ നിന്നും ഒരുപാട് മാറിയെന്നും അടുക്കളയിലെ ജോലിക്കാരിക്കും കോമയില്‍ കിടക്കുന്ന സ്ത്രീക്കും പുതിയ സീരിയലുകളില്‍ ലിപ്സ്റ്റിക്കും കഴുത്ത് നിറയെ ആഭരണങ്ങളുമുണ്ടാകുമെന്നും ഷാജു ശ്രീധര്‍ പറയുന്നു. കുടുംബത്തോടൊപ്പം ക്യാന്‍ചാനല്‍മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

കുറെ വര്‍ഷങ്ങളായി ഞാന്‍ ഇപ്പോള്‍ സീരിയലുകള്‍ ചെയ്യുന്നില്ല. ഒരു കാലത്ത് ഞാന്‍ എല്ലാ സീരിയലുകളിലും ഹീറോ ആയിരുന്നു. എനിക്ക് ലഭിച്ചിട്ടുള്ള ഒരു ഭാഗ്യമായിരുന്നു അത്. മധു, ശ്രീവിദ്യ, സീമ, മുരളി, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍, നെടുമുടി വേണു തുടങ്ങി മലയാളത്തിലെ ലെജന്‍ഡ്‌സിന്റെ കൂടെ അഭിനയിക്കാന്‍ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്.

ഈ അടുത്ത് വളരെ ഫെയ്മസായിട്ടുള്ള ഒരു ആര്‍ടിസ്റ്റിനെ ഞാന്‍ ട്രെയ്‌നില്‍ വെച്ച് കണ്ടിരുന്നു. സീരീയലില്‍ അഭിനയിച്ച് വരികയായിരുന്നു അവര്‍. തളര്‍ന്ന് അവശയായിട്ടുണ്ട്. എന്താ പറ്റിയതെന്ന് ചോദിച്ചപ്പോളാണ് അവര്‍ പറഞ്ഞത്, ഒരു ദിവസം പത്തും പതിനാലും സീനുകള്‍ വരെ എടുക്കുന്നണ്ട്. കൂടുതല്‍ എപ്പിസോഡ് എടുത്ത് കൂടുതല്‍ ലാഭമുണ്ടാക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ഒരു ആര്‍ടിസ്റ്റിന് കൊടുക്കുന്ന പണത്തിന് അവരെ പരമാവധി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. അതു കൊണ്ടു തന്നെ ആ ക്വാളിറ്റിയേ സീരിയലുകള്‍ക്കുണ്ടാകൂ.

പണ്ട് സീരിയല്‍ എന്നൊക്കെ പറഞ്ഞാല്‍ നമ്മള്‍ ടിവിക്ക് ഇരിക്കുമായിരുന്നു. കെ.കെ.രാജീവിന്റെയും സജി സുരേന്ദ്രന്റെയും സീരിയലുകളൊക്കെ സിനിമ പോലെയുണ്ടെന്ന് നമ്മള്‍ പറയുമായിരുന്നു. അതിനൊക്കെ നമ്മുടെ ജീവിതവുമായി എവിടെയോ ബന്ധങ്ങളുണ്ടായിരുന്നു. ഇന്നിപ്പോള്‍ അടുക്കളയില്‍ നില്‍ക്കുന്ന ജോലിക്കാരി പോലും ലിപ്സ്റ്റിക്കും കഴുത്ത് നിറയെ ആഭരണങ്ങളും ഇട്ടാണ് നില്‍ക്കുന്നത്. കോമ സ്‌റ്റേജില്‍ കിടക്കുന്ന സ്ത്രീയാണെങ്കിലും ലീപ്സ്റ്റിക്കിട്ടായിരിക്കും കിടക്കുന്നത്. ആരാണ് കോമ സ്‌റ്റേജിലൊക്കെ ലിപ്സ്റ്റിക്ക് ഇടുന്നത്.

ഞാന്‍ സീരിയലില്‍ അഭിനയിച്ച ആളാണ്. അത് കൊണ്ട് വരുമാനമുണ്ടാക്കിയ ആളാണ്. പക്ഷെ എന്റെ വീട്ടില്‍ എന്റെ കാറ് കാണുമ്പോഴേക്കും എല്ലാവരും സീരിയല്‍ ഓഫ് ചെയ്ത് ഓടിക്കളയും. കാരണം ഞാന്‍ അവരോട് പറഞ്ഞിട്ടുണ്ട്, സീരിയല്‍ കാണുന്നതൊക്കെ കൊള്ളാം, പക്ഷെ ഇതിലെ കാര്യങ്ങള്‍ എടുക്കരുതെന്ന്. പഴയകാലത്തെ വിഷയങ്ങളൊന്നുമല്ല ഇപ്പോള്‍ സീരിയലുകളില്‍ ഉള്ളത്’, ഷാജു ശ്രീധര്‍ പറഞ്ഞു.

CONTENT HIGHLIGHTS; Shaju Sreedhar talks about the changes in serials

We use cookies to give you the best possible experience. Learn more