നടന്മാരുടെ ശബ്ദം അനുകരിച്ച് മിമിക്രിയിലൂടെ സിനിമാ ജീവിതം ആരംഭിച്ച നടനാണ് ഷാജു ശ്രീധര്‍. മിമിക്‌സ് ആക്ഷന്‍ 500 എന്ന ചിത്രത്തിലൂടെയായിരുന്നു നടന്‍ സിനിമയിലേക്ക് എത്തുന്നത്. മോഹന്‍ലാലിന്റെ ശബ്ദം അനുകരിച്ച് കൊണ്ടായിരുന്നു ഷാജു കൂടുതല്‍ ശ്രദ്ധേയനായത്.
ഇപ്പോള്‍ മോഹന്‍ലാലിനെ കുറിച്ചും അദ്ദേഹത്തെ അനുകരിക്കുന്നതിനെ കുറിച്ചും പറയുകയാണ് ഷാജു ശ്രീധര്‍. മോഹന്‍ലാലിന്റെ മുന്നില്‍ ശബ്ദവും ചലനവുമായി നില്‍ക്കുമ്പോള്‍ അദ്ദേഹം അത് നന്നായി ആസ്വദിക്കാറുണ്ടെന്നും എന്നാല്‍ അഭിപ്രായ പ്രകടനങ്ങളൊന്നും ഉണ്ടാകാറില്ലെന്നും നടന്‍ പറഞ്ഞു.
എന്നാല്‍ മമ്മൂട്ടി അങ്ങനെയല്ലെന്നും മിമിക്രിയൊക്കെ കാണുമ്പോള്‍ ചിരിക്കുക മാത്രമല്ല, എന്തെങ്കിലും അഭിപ്രായങ്ങളും പറയുക പതിവാണെന്നും ഷാജു പറയുന്നു. മോഹന്‍ലാലിന്റെ കൂടെ അഭിനയിക്കാന്‍ കൂടുതല്‍ ചാന്‍സുകള്‍ കിട്ടാത്തത് നിര്‍ഭാഗ്യമായി കരുതാറുണ്ടെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.
‘അധികം സിനിമകളിലൊന്നും ഞാന്‍ ലാലേട്ടന്റെ ഒപ്പം അഭിനയിച്ചിട്ടില്ല. 1947 ബിയോണ്ട് ദി ബോഡേഴ്‌സ്, ശിക്കാര്‍, ബിഗ് ബ്രദര്‍ പോലെയുള്ള ചില സിനിമകളില്‍ മാത്രമാണ്. അദ്ദേഹത്തിന്റെ മുന്നില്‍ ശബ്ദവും ചലനവുമായി നില്‍ക്കുമ്പോള്‍ അദ്ദേഹം അത് നന്നായി ആസ്വദിക്കാറുണ്ട്.
ചിരിക്കും. പക്ഷേ അഭിപ്രായ പ്രകടനങ്ങളൊന്നും ഉണ്ടാകാറില്ല. എന്നാല്‍, മമ്മൂക്ക അങ്ങനെയല്ല, മിമിക്രിയൊക്കെ കാണുമ്പോള്‍ ചിരിക്കുക മാത്രമല്ല, എന്തെങ്കിലും അഭിപ്രായങ്ങളും പറയുക പതിവാണ്.
വ്യക്തിപരമായി പറഞ്ഞാല്‍ ലാലേട്ടന്റെ കൂടെ അഭിനയിക്കാന്‍ എനിക്ക് കൂടുതല്‍ ചാന്‍സുകള്‍ കിട്ടിയിട്ടില്ല. അതൊരു നിര്‍ഭാഗ്യമായി കരുതാറുണ്ട്. അഭിനയിച്ച സിനിമകളില്‍ അത്ര ഗംഭീരമായ കഥാപാത്രമൊന്നും ആയിരുന്നുമില്ല.
എന്നാല്‍, ലാലേട്ടന്റെ സിനിമകളെന്ന് പറയുന്നതില്‍ വലിയ എക്‌സൈറ്റ്‌മെന്റ് എനിക്കുണ്ട്. പൊതുവെ സൂപ്പര്‍സ്റ്റാറുകളുടെ സിനിമകള്‍ ഞാന്‍ വളരെ കുറവാണ് ചെയ്തിരിക്കുന്നത്,’ ഷാജു ശ്രീധര്‍ പറഞ്ഞു.
Content Highlight: Shaju Sreedhar Talks About Mohanlal And Mammootty