മിമിക്രിയിലൂടെ സിനിമ ജീവിതം ആരംഭിച്ച താരമാണ് ഷാജു ശ്രീധര്‍. തുടര്‍ന്ന് നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങളിലൂടെ അദ്ദേഹം പ്രേക്ഷക ശ്രദ്ധനേടി. അമല്‍ കെ ജോബി സംവിധാനം ചെയ്ത ഗുമസ്തനാണ് ഷാജു അഭിനയിച്ച ഏറ്റവും പുതിയ ചിത്രം.
തന്റെ സ്വപ്നത്തെ കുറിച്ച് സംസാരിക്കുകയാണ് ഷാജു ശ്രീധര്‍. മലയാള സിനിമയില്‍ ഒഴിവാക്കാന്‍ കഴിയാത്ത താരങ്ങളുടെ ലിസ്റ്റുണ്ടെന്നും അതില്‍ വരികയെന്നതാണ് തന്റെ സ്വപ്നമെന്നും ഷാജു പറയുന്നു. തിരക്കുള്ളൊരു നടന്‍ ആകുക എന്നതാണ് തന്റെ ഡ്രീം എന്നും അല്ലാതെ ഒരു ഹീറോ ആകണമെന്ന് തനിക്ക് താത്പര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എല്ലാ സിനിമകളിലും ഒഴിച്ചുകൂടാന്‍ കഴിയാത്തവരുടെ ഒരു ലിസ്റ്റുണ്ട് മലയാള സിനിമയില്‍. അതായത് എല്ലാ സിനിമകളുടെയും കാസ്റ്റിങ് നടക്കുമ്പോള്‍ ചര്‍ച്ചയില്‍ വരുന്ന താരങ്ങളുടെ ലിസ്റ്റ്. ആ ലിസ്റ്റില്‍ വരികയെന്നതാണ് എന്റെ ഡ്രീം.
അല്ലാതെ ഒരു ഹീറോ ആകണം എന്നൊന്നും എനിക്കില്ല. ഈ വേഷം ആരെ കാസ്റ്റ് ചെയ്യാം എന്ന് പറഞ്ഞ് നോക്കുന്ന നടന്‍മാരുടെ ലിസ്റ്റില്‍ വരണം, അവരില്‍ ഒരാളാകണം എന്നതാണ് എന്റെ സ്വപ്നം. ചുരുക്കി പറഞ്ഞാല്‍ തിരക്കുള്ള ഒരു നടനാകുക. അത് മാത്രമാണ് എന്റെ സ്വപ്നം,’ ഷാജു ശ്രീധര്‍ പറയുന്നു.
മമ്മൂട്ടിയും മോഹന്‍ലാലും അവരെ അനുകരിക്കുന്ന മിമിക്രികലാകാരന്മാരെ എങ്ങനെയാണ് സമീപിക്കുന്നതെന്നും ഷാജു പറയുന്നു. മോഹന്‍ലാലിന് അദ്ദേഹത്തെ അനുകരിക്കുന്നത് അധികം ഇഷ്ടമല്ലെന്ന് തോന്നിയിട്ടുണ്ടെന്നും എന്നാല്‍ മമ്മൂട്ടിക്ക് തന്നെ അനുകരിക്കുന്നവരെ കൂടുതല്‍ ഇഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ലാലേട്ടനെ അനുകരിക്കുന്നത് അദ്ദേഹം അധികം പ്രോത്സാഹിപ്പിക്കാറില്ല. അദ്ദേഹത്തിനത് അത്രക്ക് ഇഷ്ടമുണ്ടെന്ന് തോന്നുന്നില്ല. പറയുമ്പോള്‍ അദ്ദേഹം ചമ്മി ചിരിച്ച് ചുമ്മാ ഇരിക്കുകയെ ഉള്ളു. ദുബായില്‍ ശിക്കാര്‍ എന്ന സിനിമയുടെ ഫങ്ഷനില്‍ വെച്ച് ലാലേട്ടന്‍ ഇരിക്കുമ്പോള്‍ ഞാനും സുരാജും കൂടി അദ്ദേഹത്തെ അനുകരിച്ച് കാണിച്ചിരുന്നു. പക്ഷെ അദ്ദേഹം നന്നായി മോനെ എന്ന് മാത്രമാണ് പറഞ്ഞത്. അതിനപ്പുറത്തേക്ക് ലാലേട്ടന്‍ ഒന്നും പറഞ്ഞില്ല.
മമ്മൂക്കക്ക് മിമിക്രിയുമായി ബന്ധമുള്ളവരെ ഇഷ്ടമാണ്. അതുകൊണ്ടു തന്നെ അദ്ദേഹം അത്തരം കലാകാരന്മാരെ കൂടുതല്‍ അടുത്ത് നിര്‍ത്തുകയും അവരെക്കൊണ്ട് പെര്‍ഫോം ചെയ്യിപ്പിക്കുകയുമെല്ലാം ചെയ്യും. ലാലേട്ടന്‍ പക്ഷെ അങ്ങനെ ചെയ്യില്ല. എന്നോട് ഒരിക്കലും പറഞ്ഞിട്ടില്ല,’ ഷാജു ശ്രീധര്‍ പറയുന്നു.
Content Highlight: Shaju Sreedhar Talks About His Dream