അയ്യപ്പനും കോശിയിലെ ആ ഭാഗം എന്റെ കഥയാണ്; സച്ചിയേട്ടന്‍ എടുക്കട്ടേയെന്ന് ചോദിച്ചപ്പോള്‍ സമ്മതിച്ചു: ഷാജു ശ്രീധര്‍
Entertainment
അയ്യപ്പനും കോശിയിലെ ആ ഭാഗം എന്റെ കഥയാണ്; സച്ചിയേട്ടന്‍ എടുക്കട്ടേയെന്ന് ചോദിച്ചപ്പോള്‍ സമ്മതിച്ചു: ഷാജു ശ്രീധര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 20th October 2024, 12:27 pm

സച്ചി രചനയും സംവിധാനവും നിര്‍വഹിച്ച് പൃഥ്വിരാജും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് അയ്യപ്പനും കോശിയും. ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ വിജയമായി മാറുകയും നിരൂപക പ്രശംസ നേടുകയും ചെയ്തിരുന്നു. ദേശീയ-സംസ്ഥാന അവാര്‍ഡുകളും ചിത്രം നേടിയിരുന്നു. 2020ലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള ചിത്രങ്ങളില്‍ ഒന്നായിരുന്നു അയ്യപ്പനും കോശിയും. സച്ചിയുടെ അവസാന ചിത്രമായിരുന്നു ഇത്.

അയ്യപ്പനും കോശിയും സിനിമയിലെ മുണ്ടൂര്‍ കുമ്മാട്ടി എന്ന ഭാഗം തന്റെ കഥയാണെന്ന് പറയുകയാണ് ഷാജു ശ്രീധര്‍. സംവിധായകന്‍ സച്ചി തന്റെ അടുത്ത് വന്ന് അയ്യപ്പനും കോശിയും എന്ന ചിത്രത്തിലേക്ക് മുണ്ടൂര്‍ മാടനെ എടുത്തോട്ടെയെന്ന് ചോദിച്ചെന്നും അങ്ങനെയാണ് സിനിമയിലേക്ക് ആ ഭാഗം വന്നതെന്നും ഷാജു ശ്രീധര്‍ പറയുന്നു. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘അയ്യപ്പനും കോശിയും എന്ന സിനിമയിലെ മുണ്ടൂര്‍ കുമ്മാട്ടി എന്ന് പറയുന്നത് എന്റെ ഒരു കഥയാണ്. ആ ചിത്രത്തിലെ മുണ്ടൂര്‍ കുമ്മാട്ടി എന്ന കഥ മാത്രമാണ് എന്റേത്. എന്റെ നാടാണ് മുണ്ടൂര്‍. ഞാന്‍ അവിടുത്തുകാരനാണ്.

എന്റെ കയ്യില്‍ ആ ഒരു കഥയുണ്ടായിരുന്നു. സച്ചി ഏട്ടന്‍ എന്റെ അടുത്ത് പറഞ്ഞു, ‘അയ്യപ്പനും കോശിയും എന്ന് പറയുന്ന സിനിമയില്‍ അട്ടപ്പാടിയിലുള്ള ഒരു പൊലീസ് ഓഫീസറാണ് അയ്യപ്പന്‍ നായര്‍ എന്ന് പറയുന്നത്. മുണ്ടൂര്‍ കുമ്മാട്ടി എന്ന് പറയുന്നൊരു കഥയുണ്ട്. ആ പടം നമുക്ക് അടുത്തത് ചെയ്യാം, അതില്‍ നിന്ന് ഞാന്‍ ഈ മുണ്ടൂര്‍ എന്നത് മാത്രം എടുത്തോട്ടെയെന്ന്’ അദ്ദേഹം എന്നോട് ചോദിച്ചു.

അങ്ങനെയാണ് അയ്യപ്പന്‍ നായര്‍ മുണ്ടൂര്‍ മാടന്‍ എന്ന വിഷയത്തിലേക്ക് വരുന്നത്. നീ കുമ്മാട്ടി എന്ന് കേട്ടിട്ടുണ്ടോ എന്ന് ചോദിക്കുന്നതെല്ലാം ഞങ്ങളുടെ കഥയിലെ ഒരു ഭാഗമാണ്,’ ഷാജു ശ്രീധര്‍ പറയുന്നു.

Content Highlight: Shaju Sreedhar Talks about Ayyappanum Koshiyum Movie