| Tuesday, 8th October 2024, 9:23 am

ആ സിനിമയില്‍ ലാലേട്ടന്റെ അനിയന്റെ വേഷമായിരുന്നു എനിക്ക്, ഷൂട്ടിന്റെ തലേദിവസം എന്നെ മാറ്റി: ഷാജു ശ്രീധര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മിമിക്രിരംഗത്ത് നിന്ന് സിനിമയിലേക്കെത്തിയ നടനാണ് ഷാജു ശ്രീധര്‍. ആദ്യകാലങ്ങളില്‍ ചെറിയ വേഷങ്ങളില്‍ തിളങ്ങിയ ഷാജു പിന്നീട് സീരിയല്‍ രംഗത്തും ഒരുപാട് കാലം നിറഞ്ഞുനിന്നു. വീണ്ടും സിനിമയില്‍ സജീവമായി മാറിയ താരം ക്യാരക്ടര്‍ റോളുകളും തനിക്ക് ചേരുമെന്ന് പിന്നീട് തെളിയിച്ചു. അയ്യപ്പനും കോശിയിലെ സി.പി.ഓ വേഷം ഒരുപാട് ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ഷാജു പ്രധാനവേഷത്തിലെത്തിയ പുതിയ ചിത്രം ഗുമസ്തന്‍ മികച്ച പ്രതികരണങ്ങള്‍ നേടി തിയേറ്ററുകളില്‍ മുന്നേറുകയാണ്.

കരിയറിന്റെ തുടക്കത്തില്‍ ഒരുപാട് സിനിമകളില്‍ നിന്ന് അവസാനനിമിഷം മാറ്റിനിര്‍ത്തിയിട്ടുണ്ടെന്നും, ചില സിനിമകള്‍ ചെയ്യാന്‍ പറ്റാതെ പോയിട്ടുണ്ടെന്നും പറയുകയാണ് ഷാജു. തനിക്ക് ചെയ്യാന്‍ പറ്റാതെ പോയ വേഷങ്ങളില്‍ ചിലത് സൂപ്പര്‍ഹിറ്റായിട്ടുണ്ടായിരുന്നെന്നും ഷാജു പറഞ്ഞു. പുണ്യാളന്‍ അഗര്‍ബത്തീസില്‍ ശ്രീജിത് രവി ചെയ്ത വേഷം താന്‍ ചെയ്യാനിരുന്നതാണെന്നും ആംഗ്രീ ബേബീസ് എന്ന ചിത്രത്തിന്റെ തിരക്കിലായതിനാല്‍ തനിക്ക് അത് ചെയ്യാന്‍ പറ്റാതെ പോയെന്നും ഷാജു കൂട്ടിച്ചേര്‍ത്തു.

മാമ്പഴക്കാലം എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ അനിയന്മാരിലൊരാളായി ആദ്യം തന്നെ കാസ്റ്റ് ചെയ്തിരുന്നെന്നും എന്നാല്‍ ഷൂട്ടിന്റെ തലേദിവസം തന്നെ മാറ്റിയെന്നും ഷാജു പറഞ്ഞു. എന്തുകൊണ്ട് തന്നെ മാറ്റി എന്ന് ചോദിക്കാനുള്ള റൈറ്റ്‌സ് തനിക്ക് ഉണ്ടായിരുന്നില്ലെന്നും കരിയറിലെ ഏറ്റവും വലിയ നഷ്ടമായിട്ടാണ് താന്‍ അതിനെ കാണുന്നതെന്നും ഷാജു കൂട്ടിച്ചേര്‍ത്തു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് ഷാജു ഇക്കാര്യം പറഞ്ഞത്.

’29 വര്‍ഷത്തെ കരിയറില്‍ പല സിനിമകളും ചെയ്യാന്‍ പറ്റാതെ പോയിട്ടുണ്ട്, ചില സിനിമയില്‍ നിന്ന് അവസാനനിമിഷം മാറ്റിയിട്ടുണ്ട്. അതെല്ലാം ഈ യാത്രയുടെ ഭാഗമായിട്ടാണ് കാണുന്നത്. എനിക്ക് ചെയ്യാന്‍ പറ്റാതെ പോയ വേഷം വേറൊരാള്‍ ചെയ്ത് സൂപ്പര്‍ഹിറ്റായിട്ടുണ്ട്. അതിലൊന്നാണ് പുണ്യാളന്‍ അഗര്‍ബത്തീസില്‍ ശ്രീജിത് രവി ചെയ്ത വേഷം. തുത്തുരു എന്ന ക്യാരക്ടര്‍ ഞാനായിരുന്നു ചെയ്യേണ്ടിയിരുന്നത്. പക്ഷേ ആ സമയം ആംഗ്രീ ബേബീസ് എന്ന സിനിമയുടെ തിരക്ക് കാരണം പുണ്യാളന്‍ ചെയ്യാന്‍ പറ്റിയില്ല.

ചില സിനിമയില്‍ നിന്ന് അവസാനനിമിഷമൊക്കെ മാറ്റിയിട്ടുണ്ട്. മാമ്പഴക്കാലത്തില്‍ ലാലേട്ടന്റെ അനിയന്മാരില്‍ ഒരാള്‍ ഞാനായിരുന്നു. പക്ഷേ എന്നെ മാറ്റി എന്ന കാര്യം ഷൂട്ടിന്റെ തലേദിവസമാണ് ഞാന്‍ അറിയുന്നത്. എന്നാല്‍ എനിക്ക് പകരം ആരാണ് ആ ക്യാരക്ടര്‍ ചെയ്തതെന്ന് ഞാന്‍ ചോദിച്ചില്ല എന്തുകൊണ്ടാണ് എന്നെ മാറ്റിയതെന്ന് ചോദിക്കാനുള്ള റൈറ്റ്‌സും അന്നെനിക്ക് ഉണ്ടായിരുന്നില്ല. ജോഷി സാര്‍, ടി.എ. ഷാഹിദ്, ലാലേട്ടന്‍ കോമ്പോയിലെ സിനിമ ചെയ്യാന്‍ പറ്റാത്തത് കരിയറിലെ വലിയ നഷ്ടമായിട്ടാണ് കാണുന്നത്’ ഷാജു പറഞ്ഞു.

Content Highlight: Shaju Sreedhar saying that he was removed from Mambazhakkalam movie

Latest Stories

We use cookies to give you the best possible experience. Learn more