'എനിക്കു ഭയപ്പെടാനൊന്നുമില്ല, ജോളിയെ പൂര്‍ണമായി തള്ളിപ്പറയാറായിട്ടില്ല'; കൂടത്തായി കേസില്‍ ജോളിയുടെ ഭര്‍ത്താവ് ഷാജു
Koodathayi Murder
'എനിക്കു ഭയപ്പെടാനൊന്നുമില്ല, ജോളിയെ പൂര്‍ണമായി തള്ളിപ്പറയാറായിട്ടില്ല'; കൂടത്തായി കേസില്‍ ജോളിയുടെ ഭര്‍ത്താവ് ഷാജു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 7th October 2019, 9:57 pm

കോഴിക്കോട്: കൂടത്തായി കേസില്‍ അറസ്റ്റിലായ ജോളി കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണമെന്നും കേസില്‍ തനിക്കു ഭയപ്പെടാനൊന്നുമില്ലെന്നും ഭര്‍ത്താവ് ഷാജു സക്കറിയ. ഇന്നുനടന്ന ചോദ്യം ചെയ്യലില്‍ അന്വേഷണ സംഘം കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

‘ജോളി കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ ലഭിക്കണം. അതിനുവേണ്ടി എല്ലാ പിന്തുണയും നല്‍കും. എന്നാല്‍ ജോളിയെ പൂര്‍ണമായും തള്ളിപ്പറയാറായിട്ടില്ല. പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കട്ടെ.

ജോളി എനിക്കെതിരെ മൊഴി നല്‍കിയെന്ന വാര്‍ത്ത സത്യമാണെങ്കില്‍ അത് എന്നെയും കുരുക്കാനുള്ള ശ്രമമാണ്. സംഭവത്തില്‍ എനിക്കു പങ്കുണ്ടെന്നു പ്രചരിപ്പിച്ചു കുടുക്കാന്‍ നോക്കുകയാണ്. ജോളിയെ സഹായിച്ചു എന്നു മൊഴി ഞാന്‍ നല്‍കിയിട്ടില്ല. എനിക്കെതിരെ ചിലര്‍ കഥ മെനയുന്നുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ജീവിതത്തില്‍ എനിക്കു ജാഗ്രതക്കുറവുണ്ടായി. ജീവിതത്തില്‍ ജാഗ്രത കാണിക്കേണ്ടതിന്റെ ഉത്തമ ഉദാഹരണമാണ് ഈ സംഭവങ്ങള്‍. ജാഗ്രതക്കുറവുണ്ടായാല്‍ അതിന്റെ ഫലം നമ്മള്‍ തന്നെ അനുഭവിക്കണം.

മകളുടെ മരണത്തിനു കാരണം ചിക്കന്‍പോക്‌സോ ഭക്ഷണം നെറുകയില്‍ കയറിയതോ ആണെന്നാണു കരുതിയത്. കുഞ്ഞുശരീരം പോസ്റ്റ്‌മോര്‍ട്ടം ചെയ്യേണ്ടെന്നായിരുന്നു അന്നത്തെ തീരുമാനം.

എന്നാല്‍ നിലവിലെ സംഭവങ്ങള്‍ പരിഗണിക്കുമ്പോള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയാല്‍ മതിയായിരുന്നു എന്നു തോന്നുന്നുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച അന്വേഷണസംഘം വിളിച്ചുവരുത്തിയതു കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ ഒരവസരം കൂടിയ നല്‍കിയതാണ്. അന്വേഷണ ഉദ്യോഗസ്ഥര്‍ കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.’- അദ്ദേഹം പറഞ്ഞു.