| Friday, 11th October 2019, 5:16 pm

'ഷാജുവിന് എല്ലാം അറിയാം, ഒരുതവണ മരുന്നില്‍ സയനൈഡ് വെയ്ക്കാന്‍ സഹായിച്ചു'; കൂടത്തായി കേസില്‍ നിര്‍ണായക മൊഴി നല്‍കി ജോളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കൂടത്തായി കേസില്‍ എല്ലാ കുറ്റങ്ങളും സമ്മതിച്ച് പ്രതി ജോളി. അതിനിടെ ഭര്‍ത്താവ് ഷാജുവിനെതിരെ നിര്‍ണായക മൊഴിയും ജോളി നല്‍കി. കൊലപാതകങ്ങളെക്കുറിച്ച് ഷാജുവിന് അറിയാമായിരുന്നെന്നും ഒരുതവണ മരുന്നില്‍ സയനൈഡ് വെയ്ക്കാന്‍ ഷാജു സഹായിച്ചെന്നും ജോളി മൊഴി നല്‍കി.

ആദ്യ ഭാര്യ സിലിയെ കൊല്ലാന്‍ ഷാജുവാണു തന്നെ സഹായിച്ചതെന്നും തെളിവെടുപ്പിനിടെ ജോളി പറഞ്ഞു.

അഞ്ച് കൊലപാതകങ്ങള്‍ക്കും സയനൈഡ് എത്തിച്ചത് മാത്യുവാണെന്നും ജോളി പറഞ്ഞു. മാത്യുവിന് പ്രജികുമാറുമായുണ്ടായിരുന്നത് ആറുവര്‍ഷത്തെ പരിചയം മാത്രമാണെന്നും ജോളി പറഞ്ഞു.

സയനൈഡ് കൈമാറിയത് പൊന്നാമറ്റം വീട്ടില്‍ വെച്ചാണെന്നും തെളിവെടുപ്പിനിടെ മാത്യുവും ജോളിയും സമ്മതിച്ചു. സയനൈഡ് രണ്ടുവട്ടം കുപ്പികളിലായി നല്‍കുകയായിരുന്നു. ഒരു കുപ്പി ഉപയോഗിച്ചു. രണ്ടാമത്തേത് ഒഴുക്കിക്കളഞ്ഞുവെന്നാണ് ജോളി മൊഴി നല്‍കിയത്.

തെളിവെടുപ്പിനിടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മാത്യുവിനെ ചോദ്യം ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി. എന്നാല്‍ ആദ്യ കൊലപാതകം നടത്താന്‍ സയനൈഡ് ലഭിച്ചതില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്.

കേസിന്റെ പുരോഗതി വിലയിരുത്താന്‍ നാളെ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ വടകരയിലെത്തും.

റോയിയുടെ അമ്മാവന്‍ മാത്യു മഞ്ചാടിയലിന് മദ്യത്തില്‍ കലര്‍ത്തിയാണ് സയനൈഡ് നല്‍കിയതെന്നും ജോളി മൊഴി നല്‍കിയിട്ടുണ്ട്. കൊല്ലപ്പെട്ട മാത്യു മഞ്ചാടിക്കലുമായി ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു. കൊല്ലപ്പെടുന്ന രണ്ട് ദിവസത്തിന് മുന്‍പ് പോലും മദ്യപിച്ചിരുന്നു.

തലേദിവസം മാത്യുവിനൊപ്പമിരുന്ന് മദ്യപിച്ചതിന് ശേഷം ബാക്കി വന്ന മദ്യത്തിലാണ് പിറ്റേ ദിവസം സയനൈഡ് കലക്കി നല്‍കിയതെന്നും ജോളി പറഞ്ഞു. മാത്യുവിന് ഭക്ഷണത്തില്‍ കലര്‍ത്തിയാണ് സയനൈഡ് നല്‍കിയതെന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഭര്‍ത്താവായ റോയി തോമസിന് ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി നല്‍കുകയായിരുന്നെന്നും ഭക്ഷണം കഴിച്ച ശേഷം അസ്വസ്ഥത തോന്നി ശുചിമുറിയിലേക്ക് പോകുംവഴി ഇടനാഴിയില്‍ വീണ ശേഷമായിരുന്നു റോയിയുടെ മരണമെന്നും ജോളി പറഞ്ഞു. ശുചിമുറിയ്ക്കുള്ളിലാണ് റോയി മരിച്ചുകിടന്നത് എന്ന രീതിയില്‍ നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ശുചിമുറിയുടെ കതക് അകത്തുനിന്ന് കുറ്റിയിട്ട നിലയിലാണെന്നായിരുന്നു സൂചനകള്‍.

എസ്.പി ചോദിക്കുന്ന എല്ലാ ചോദ്യങ്ങള്‍ക്കും ലാഘവത്തോടെ തന്നെയാണ് ജോളി ഉത്തരം പറഞ്ഞത്. മൂന്നോളം ബോട്ടിലുകള്‍ വീട്ടില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്നും തെളിവെടുപ്പിന് സാക്ഷിയായ ബാദുഷ വ്യക്തമാക്കി. ഫൊറന്‍സിക് വിദഗ്ധര്‍ കുപ്പി ശേഖരിച്ചിട്ടുണ്ട്. അത് എന്താണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡിഗ്രി ബിരുദം മാത്രമാണ് ഉള്ളതെന്ന് ജോളി പറഞ്ഞിട്ടുണ്ട്. എന്നാല്‍ തെളിവെടുപ്പിനിടെ വീട്ടില്‍ നിന്നും സര്‍ട്ടിഫിക്കറ്റുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും ബാദുഷ പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more