'അന്ന് ജോളിയുടെ മുഖത്തു ഗൂഢമായ സന്തോഷം ഞാന്‍ കണ്ടു'; കൂടത്തായി കേസില്‍ ഇനിയും വെളിപ്പെടുത്തല്‍ നടത്താനുണ്ടെന്ന് റെഞ്ചി തോമസ്
Koodathayi Murder
'അന്ന് ജോളിയുടെ മുഖത്തു ഗൂഢമായ സന്തോഷം ഞാന്‍ കണ്ടു'; കൂടത്തായി കേസില്‍ ഇനിയും വെളിപ്പെടുത്തല്‍ നടത്താനുണ്ടെന്ന് റെഞ്ചി തോമസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 7th October 2019, 5:25 pm

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ അറസ്റ്റ് ചെയ്യപ്പെട്ട ജോളിയെക്കുറിച്ച് വീണ്ടും വെളിപ്പെടുത്തലുമായി ജോളിയുടെ ആദ്യ ഭര്‍ത്താവിന്റെ സഹോദരി റെഞ്ചി തോമസ്. ഷാജുവിന്റെ ആദ്യ ഭാര്യയായ സിലി മരിക്കുന്നതിനു മുന്‍പേ ഷാജുവും ജോളിയും പ്രണയത്തിലായിരുന്നുവെന്നും സിലിയുടെ ശവസംസ്‌കാരച്ചടങ്ങിനിടെ ജോളിയുടെ മുഖത്തു ഗൂഢമായ സന്തോഷം താന്‍ കണ്ടിരുന്നെന്നും റെഞ്ചി മാതൃഭൂമി ന്യൂസിനോടു പറഞ്ഞു.

‘ഷാജുവിനു കൊലപാതകങ്ങളില്‍ പങ്കുണ്ടെന്നു ഞാന്‍ നേരത്തെയും പറഞ്ഞിരുന്നു. ജോളിയെ ഷാജു കല്യാണം കഴിച്ചതു മുതലാണ് എനിക്കു കൊലപാതകങ്ങളെക്കുറിച്ചു സംശയം തോന്നിത്തുടങ്ങിയത്.

സിലി മരിച്ചപ്പോള്‍ അവിടെ കാര്യങ്ങള്‍ ഓടിനടന്നു ചെയ്തതു ജോളിയായിരുന്നു. അന്നു ജോളിയുടെ മുഖത്തു ഗൂഢമായ സന്തോഷം ഞാന്‍ കണ്ടിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ ഇവരുടെ കല്യാണം കൂടേണ്ടിവരുമെന്നു സഹോദരനോട് അന്നു പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ജോളി എന്തോ മറയ്ക്കാന്‍ ശ്രമിക്കുന്നുവെന്നു തോന്നി. ഭാര്യ മരിച്ചതോടെ ഷാജു ഈ വീട്ടില്‍ നിത്യസന്ദര്‍ശകനായി. ജോളിയോടു പ്രണയമില്ലെന്നു ഷാജു പറഞ്ഞതു കളവായിരുന്നു. ഭാര്യ മരിച്ച് ഒരുവര്‍ഷത്തിനുള്ളില്‍ കല്യാണം കഴിച്ചതില്‍ അസ്വാഭാവികതയുണ്ടെന്നു തോന്നിയിരുന്നു.

ഈ സത്യങ്ങള്‍ പുറത്തുകൊണ്ടുവരാനാണു ഞാന്‍ പൊരുതിയത്. ഷാജുവിന്റെ പിതാവിന്റെ ആരോപണങ്ങള്‍ക്ക് ഇപ്പോള്‍ മറുപടി പറയുന്നില്ല. ഇതെല്ലാവര്‍ക്കും പാഠമാകട്ടെ. ഇനിയും ചില വെളിപ്പെടുത്തലുകള്‍ നടത്താനുണ്ട്. കേരളാ സര്‍ക്കാരിനും ക്രൈംബ്രാഞ്ചിനും പ്രത്യേകം നന്ദി പറയുന്നു.’- റെഞ്ചി പറഞ്ഞു.

കൂടത്തായി കൊലപാതക പരമ്പരയില്‍ ഷാജുവിനും പങ്കുണ്ടെന്ന റിപ്പോര്‍ട്ട് വന്നതിനുശേഷമാണ് റെഞ്ചി ഈ പ്രതികരണം നടത്തിയത്. ജോളി നടത്തിയ എല്ലാ കൊലപാതകങ്ങളെ കുറിച്ചും തനിക്ക് അറിയാമായിരുന്നെന്നു ഷാജു മൊഴി നല്‍കിയിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മകളുടേയും ഭാര്യയുടേയും മരണം കൊലപാതകമാണെന്ന് അറിഞ്ഞിരുന്നു. എന്നാല്‍ ജോളി തന്നേയും വധിക്കുമെന്ന് പേടിച്ചിരുന്നു. കൊലപാതകം പുറത്തുപറയാതിരുന്നത് പേടികൊണ്ടാണ്. ജോളിക്ക് വലിയ സ്വാധീനമുള്ള സുഹൃത്തുക്കള്‍ ഉണ്ടായിരുന്നെന്നും ഷാജു മൊഴി നല്‍കി.

എല്ലാ കാര്യങ്ങളും ജോളിയുടെ തലയില്‍ ചുമത്തിയ ശേഷം രക്ഷപ്പെടാനുള്ള ഷാജുവിന്റെ നീക്കമാണോ എന്നും ക്രൈംബ്രാഞ്ച് സംശയിക്കുന്നുണ്ട്.

ഷാജുവിന് സിലിയുടേയും മകളുടേയും കൊലപാതകത്തില്‍ പങ്കുണ്ടോയെന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി. എന്തുകൊണ്ട് ജോളിയെ തന്നെ വിവാഹം ചെയ്തുവെന്ന ചോദ്യത്തിന് ഷാജു മറുപടി നല്‍കിയിട്ടില്ല.