| Monday, 29th January 2024, 8:22 am

ആ ഹെവി ഷോട്ട് ഒറ്റ ടേക്കിൽ എടുക്കാമെന്ന് ലാലേട്ടനോട്‌ പറഞ്ഞു, പിന്നെ ഞാൻ ശരിക്കും ഞെട്ടിപോയി: ഷാജൂൺ കാര്യാൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹൻലാലിന്റെ മികച്ച പ്രകടനത്തിലൂടെ വലിയ രീതിയിൽ ശ്രദ്ധ നേടിയ ചിത്രമാണ് ഷാജൂൺ കാര്യാൽ സംവിധാനം ചെയ്ത വടക്കുംനാഥൻ.

ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരി തിരക്കഥാകൃത്തായ ചിത്രം ഏറെ നിരൂപക പ്രശംസയും നേടിയിരുന്നു. ഭരത പിഷാരടി എന്ന കഥാപാത്രമായി മോഹൻലാൽ ഗംഭീര പ്രകടനം നടത്തിയ ചിത്രത്തിലെ ഒരു സീനിനെ കുറിച്ച് പറയുകയാണ് സംവിധായകൻ. ചിത്രത്തിലെ ഒരു സീൻ ഒറ്റ ഷോട്ടിലാണ് എടുത്തിട്ടുള്ളത്.

പെട്ടെന്നാണ് അത് മോഹൻലാലിനോട് പറഞ്ഞതെന്നും എന്നാൽ മോഹൻലാൽ വളരെ അനായാസമായി ഒറ്റ ടേക്കിൽ തന്നെ ആ സീൻ ഓക്കെയാക്കിയെന്നും അദ്ദേഹം പറഞ്ഞു. സില്ലി മോങ്ക്സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു ഷാജൂൺ.

‘വടക്കുംനാഥനിൽ ഒരു ഹെവി ഷോട്ടുണ്ട്. ബാബു നമ്പൂതിരിയോട് അസുഖത്തിന്റെ കാര്യങ്ങൾ വിവരിക്കുന്നതാണ് ആ ഷോട്ട്. അതൊരു വലിയ ഡയലോഗാണ്. അത് വർക്ക് ഔട്ട്‌ ആവണമെങ്കിൽ ഒറ്റ ഷോട്ട് വെക്കാമെന്ന് ഞാൻ തീരുമാനിച്ചു.

ആരുടേയും റിയാക്ഷൻസ് ഒന്നും എടുക്കേണ്ട എന്ന് ഞാൻ തീരുമാനിച്ചു. കാരണം ലാലേട്ടന് പെർഫോം ചെയ്യാനുള്ള ഷോട്ട് ആണത്. കട്ട്‌ ഷോട്ടുകളിലേക്ക് പോവുകയാണെങ്കിൽ ആ സീനിന്റെ ഫ്ലോ അങ്ങ് പോവും.

ഇത്ര നീളമുള്ള ഡയലോഗ് വരുന്ന ഇമോഷണൽ സീനുകൾ ആണെങ്കിൽ സാധാരണ അഭിനയിക്കുന്നവർക്ക് അത് പഠിക്കാൻ നേരത്തെ തന്നെ കൊടുക്കാറുണ്ട്. എന്നാൽ ഇത് പെട്ടെന്ന് തീരുമാനിച്ചതാണ്. ഞാൻ ഈ കാര്യം ലാലേട്ടനോട്‌ നേരിട്ട് പറയാമെന്ന് കരുതി.

ഞാൻ ലാലേട്ടനോട്, ഇതൊരു ഒറ്റ ഷോട്ട് ചെയ്താൽ നന്നായിരിക്കുമെന്ന് പറഞ്ഞു. അതിനെന്താ മോനേ, നോക്കട്ടെയെന്ന് പറഞ്ഞ് അദ്ദേഹം എന്റെ കയ്യിൽ നിന്ന് സ്ക്രിപ്റ്റ് വാങ്ങി വായിച്ചു നോക്കി.

ഞാൻ ശരിക്കും ഞെട്ടി പോയി. പിന്നെ ലാലേട്ടൻ പെർഫോം ചെയ്യുകയാണ്. ഈ കുറഞ്ഞ സമയം കൊണ്ട് എങ്ങനെയാണ് ഈ വലിയ ഡയലോഗ് ഒരു വള്ളിയും പുള്ളിയും തെറ്റാതെ അദ്ദേഹം പറയുന്നത് എന്നോർക്കുമ്പോൾ അതിശയം തോന്നും. ഒറ്റ ഷോട്ട്, ഒറ്റ ടേക്ക് അത് അദ്ദേഹം ഓക്കേ ആക്കി. റീടേക്ക് ഇല്ല. അത് കണ്ട് സെറ്റിലെ എല്ലാവരും കയ്യടിക്കുകയും ചെയ്തു,’ഷാജൂൺ കാര്യാൽ പറയുന്നു.

Content Highlight: Shajoon  Kariyal Talk About Mohanlal

We use cookies to give you the best possible experience. Learn more