സഹസംവിധായകനായി സിനിമയിലേക്ക് വന്ന് ഒരുപിടി നല്ല ചിത്രങ്ങള്‍ മലയാളികള്‍ക്ക് നല്‍കിയ സംവിധായകനാണ് ഷാജൂണ്‍ കാര്യാല്‍. 28 വര്‍ഷം നീണ്ടുനില്‍ക്കുന്ന കരിയറില്‍ ഒമ്പത് സിനിമകള്‍ മാത്രമേ സംവിധാനം ചെയ്തുള്ളുവെങ്കിലും എല്ലാം മികച്ചവയായിരുന്നു. പുതുമുഖങ്ങളെ വെച്ച് അണിയിച്ചൊരുക്കിയ മൃദു ഭാവേ ദൃഢ കൃത്യേയാണ് ഷാജൂണിന്റെ പുതിയ സിനിമ.
മലയാളികള്‍ എന്നും ഓര്‍ത്തിരിക്കുന്ന വടക്കുംനാഥന്‍ എന്ന സിനിമയുടെ ഓര്‍മകള്‍ ഷാജൂണ്‍ പങ്കുവെച്ചു. പുതിയ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് ഷാജൂണ്‍ മനസുതുറന്നത്. മലയാളികള്‍ അതുവരെ കണ്ടു പരിചയിച്ചിട്ടില്ലാത്ത ബോര്‍ഡര്‍ ലൈന്‍ ഡിസോര്‍ഡര്‍ എന്ന മാനസികാവസ്ഥയെപ്പറ്റി സംസാരിച്ച സിനിമയായിരുന്നു വടക്കുംനാഥന്‍. ഭരതപ്പിഷാരടി എന്ന കഥാപാത്രമായിട്ടായിരുന്നു ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തിയത്. സിനിമയുടെ ചിത്രീകരണസമയത്ത് ഏതെങ്കിലും ഒരു സീനില്‍ മോഹന്‍ലാല്‍ എന്ന നടന്‍ ഞെട്ടിച്ചിരുന്നോ എന്ന ചോദ്യത്തിന് സംവിധായകന്റെ മറുപടി ഇങ്ങനെയായിരുന്നു.
‘ആ രോഗാവസ്ഥയെപ്പറ്റി എല്ലാവരോടും തുറന്നുപറയുന്ന സീന്‍ ലാലേട്ടന്‍ ഗംഭീരമാക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. എന്നാല്‍ അദ്ദേഹം എന്നെ ഞെട്ടിച്ചത് വേറൊരു സീന്‍ എടുത്തപ്പോഴായിരുന്നു. കാശിയില്‍ നിന്ന് വീട്ടിലേക്കെത്തിയ ശേഷം ബാബുവേട്ടനോട് (ബാബു നമ്പൂതിരി) സംസാരിക്കുന്ന ഒരു സീനുണ്ട്. മനുഷ്യന്റെ ജീവിതത്തെപ്പറ്റി സംസാരിക്കുന്ന സീന്‍. അത് ശെരിക്കും നാലഞ്ച് ഷോട്ടുകളായിട്ട് എടുക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. പക്ഷേ ആ സീന്‍ എടുക്കുന്നതിന് മുന്നേ എനിക്ക് തോന്നി, ഇത് ഒറ്റഷോട്ടായിട്ട് എടുത്താലോ എന്ന്. അങ്ങനെ സിംഗിള്‍ ഷോട്ട് എടുക്കുന്നുണ്ടെങ്കില്‍ ആര്‍ട്ടിസ്റ്റിനോട് മുന്നേ പറയണം. എങ്കിലേ അവര്‍ക്ക് അതിന് തയ്യാറെടുക്കാന്‍ കഴിയൂ.
ലാലേട്ടനോട് ഈ അവസാനനിമിഷം ഇത് പറഞ്ഞാല്‍ പുള്ളി എങ്ങനെ റിയാക്ട് ചെയ്യുമെന്ന് അറിയില്ല. ഞാന്‍ അത് സിംഗിള്‍ ഷോട്ടായി തന്നെ എടുക്കാന്‍ തീരുമാനിച്ച് അതിന് വേണ്ട രീതിയില്‍ ലൈറ്റ് അറേഞ്ച് ചെയ്യാന്‍ പറഞ്ഞിട്ട് ഞാന്‍ ലാലേട്ടന്റെ അടുത്തേക്ക് പോയി. എന്നിട്ട് അദ്ദേഹത്തോട് പറഞ്ഞു, ലാലേട്ടാ ഈ സീന്‍ നമുക്ക് ഒറ്റ ഷോട്ടായി എടുത്താല്‍ നല്ലതാവില്ലേ, അതിന്റെ ഇംപാക്ട് കുറച്ചുകൂടി നന്നായി ആളുകളിലേക്കെത്തില്ലേ. അപ്പോള്‍ ലാലേട്ടന്‍, പിന്നെന്താ മോനെ ചെയ്യാലോ എന്ന് പറഞ്ഞ് സ്‌ക്രിപ്റ്റ് ഒന്നുകൂടെ വായിച്ചിട്ട് അത് ചെയ്തു. സത്യം പറഞ്ഞാല്‍ ഞാന്‍ അത് കണ്ട് ഞെട്ടിപ്പോയി. ഞാന്‍ വിചാരിച്ചതിലും മികച്ചതായിട്ട് അദ്ദേഹം അത് ചെയ്തു,’ ഷാജൂണ്‍ പറഞ്ഞു.
Content Highlight: Shajoon Kariyal share the experience with Mohanlal while the shooting of Vadakkumnathan