| Wednesday, 31st January 2024, 11:45 am

'എനിക്ക് ഇപ്പോള്‍ പറ്റില്ല എന്ന് പറഞ്ഞപ്പോള്‍ മമ്മൂക്ക എന്നോട് ദേഷ്യപ്പെട്ടു': ഷാജൂണ്‍ കാര്യാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രശസ്ത സംവിധായകന്‍ ഐ.വി ശശിയുടെ അസിസ്റ്റന്റ് ആയിട്ടാണ് ഷാജൂണ്‍ കാര്യാല്‍ തന്റെ കരിയര്‍ ആരംഭിക്കുന്നത്. 1996ല്‍ റിലീസായ രജപുത്രന്‍ എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനുമായി. 28 വര്‍ഷത്തെ കരിയറില്‍ വെറും ഒമ്പത് സിനിമകള്‍ മാത്രം സംവിധാനം ചെയ്തിട്ടുള്ള ഷാജൂണിന്റെ പുതിയ സിനിമയായ മൃദു ഭാവേ ദൃഢ കൃത്യേ ഫെബ്രുവരി രണ്ടിന് റിലീസാകും. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടിയുമായുള്ള സൗഹൃദത്തെക്കുറിച്ചും തച്ചിലേടത്ത് ചുണ്ടന്‍ എന്ന സിനിമ ഉണ്ടായതിനെക്കുറിച്ചുമുള്ള അനുഭവം പങ്കുവെച്ചു.

ഇന്‍സ്‌പെക്ടര്‍ ബല്‍റാം എന്ന സിനിമയുടെ ഷൂട്ട് കണ്ണൂരില്‍ നടക്കുന്ന സമയം. താമസിക്കുന്ന ഹോട്ടലിന്റെ മുന്നില്‍ തന്നെയായിരുന്നു ഷൂട്ട്. ആ ദിവസം രാവിലെ മമ്മൂക്ക എന്നെ പുള്ളിയുടെ റൂമിലേക്ക് വിളിപ്പിച്ചു. അങ്ങനെ ആര്‍ട്ടിസ്റ്റുകളുടെ റൂമിലേക്ക് പോവുന്ന ആളല്ല ഞാന്‍. മമ്മൂക്ക വിളിച്ചതുകൊണ്ട് ഞാന്‍ പോയി. റൂമിലെത്തിയപ്പോള്‍ അദ്ദേഹം ഷൂട്ടിന് റെഡിയാവുകയായിരുന്നു. എന്നോട് ആ സമയത്ത് പറഞ്ഞു, എടാ രണ്ട് മാസം കഴിഞ്ഞ് ഞാന്‍ നിനക്ക് ഡേറ്റ് തരാം, നീ നല്ലൊരു സബ്ജക്ട് കണ്ടുപിടിക്ക് എന്ന്. ഞാന്‍ പറഞ്ഞു, അയ്യോ മമ്മൂക്കാ, എന്റെ കൈയില്‍ ഇപ്പോ ഇക്കയെ വെച്ച് ചെയ്യാനുള്ള സബ്ജക്ട് ഒന്നുമില്ല.

സബ്ജക്ട് ഇവിടെ ഇഷ്ടം പോലെ ഉണ്ട്. എത്രയോ റൈറ്റേഴസ് ഇവിടെയുണ്ട് എന്ന് മമ്മൂക്ക പറഞ്ഞു. ഞാന്‍ പറഞ്ഞു, മമ്മൂക്കാ, നിങ്ങള്‍ ഇതുവരെ ചെയ്തതിന്റെ മേലെ പെര്‍ഫോം ചെയ്യാന്‍ ഒരു സബ്ജക്ട് വേണം. അങ്ങനെ ഒരെണ്ണം കിട്ടിയാലേ ഞാന്‍ ചെയ്യുള്ളൂ. നിങ്ങളെ വെച്ച് വെറുമൊരു കൊമേഴ്‌സ്യല്‍ സിനിമ ചെയ്യാന്‍ എനിക്ക് ആഗ്രഹമില്ല. ഇത് കേട്ടിട്ട് പുള്ളി എന്നെ കുറെ ചീത്ത പറഞ്ഞു. വെളിയില്‍ ആളുകള്‍ ചാന്‍സ് കിട്ടാന്‍ വേണ്ടി ക്യൂ നിക്കുവാണെന്നും പറഞ്ഞ് പുള്ളി താഴെയിറങ്ങി ശശിയേട്ടനോട് പറഞ്ഞു, ‘നിങ്ങടെ പയ്യന്‍ എന്താ ഞാന്‍ ഡേറ്റ് കൊടുത്തിട്ടും വേണ്ടെന്ന് പറയുന്നേ’. എന്നും പറഞ്ഞ് മൂപ്പര് പോയി.

പിന്നീട് ബാബു ജനാര്‍ദ്ദനന്‍ എന്നോട് ഒരു ത്രെഡ് പറഞ്ഞു. അച്ഛന്റെ അഫയര്‍ കാരണം മകന് ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. അത് എനിക്ക് ഇഷ്ടമായി. ആ ത്രെഡ് പറഞ്ഞപ്പോ അച്ഛനായിരുന്നു മെയിന്‍. അതില്‍ മകനെ മെയിന്‍ കഥാപാത്രമാക്കി ആ ത്രെഡ് ഡെവലപ്പ് ചെയ്തു. അതിലേക്ക് വള്ളംകളി എന്ന ഫാക്ടര്‍ കൂടെ ചേര്‍ത്തപ്പോള്‍ കഥ വലുതായി. മമ്മൂക്കയോട് ഈ കഥ പറഞ്ഞപ്പോള്‍ അദ്ദേഹത്തിനും ഇഷ്ടമായി. തമ്പി കണ്ണന്താനം ഈ സിനിമ പ്രൊഡ്യൂസ് ചെയ്യാമെന്നേറ്റു. അങ്ങനെയാണ് തച്ചിലേടത്തു ചുണ്ടന്‍ എന്ന സിനിമ ഉണ്ടായത്’. ഷാജൂണ്‍ പറഞ്ഞു.

Content Highlight: Shajoon Kariyal explains how Thachiledathu Chundan movie happened

We use cookies to give you the best possible experience. Learn more