ദൃശ്യം സിനിമയിൽ സഹദേവൻ എന്ന പൊലീസുകാരനെയാണ് ഷാജോൺ എന്ന് പറയുമ്പോൾ എല്ലാവരുടെയും മനസിലേക്ക് ഓടിവരുക. എന്നാൽ തനിക്ക് വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യണമെന്നുണ്ടെന്ന് ഷാജോൺ പറഞ്ഞു.
ഒരു കഥാപാത്രത്തിന്റെ പേരിൽ അറിയപ്പെടുന്നത് ഭാഗ്യമാണെന്നും അതുപോലെ ഭാരമാണെന്നും ഷാജോൺ കൂട്ടിച്ചേർത്തു. താൻ ഏത് കഥാപാത്രം ചെയ്താലും ആളുകൾ തന്നെ സഹദേവനായിട്ടെ കാണുകയുള്ളുയെന്നും അതിൽ നിന്നും മറികടക്കണമെന്നും ഷാജോൺ പറയുന്നുണ്ട്. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു.
‘ഇതുവരെ ചെയ്യാത്ത കഥാപാത്രങ്ങൾ ചെയ്യണമെന്നാണ് ആഗ്രഹം. ആക്ടേഴ്‌സ് എന്ന് പറഞ്ഞാൽ അവർക്ക് വലിയൊരു ഭാഗ്യമാണ് ഒരു കഥാപാത്രത്തിന്റെ പേരിൽ അറിയപ്പെടുക എന്നത്. എന്നാൽ അതിന്റെ മുകളിലേക്ക് പോകാൻ വേണ്ടി നമ്മൾ സ്ട്രഗിൾ ചെയ്തുകൊണ്ടിരിക്കും.
മുൻപൊക്കെ നമ്മൾ ഒരു സിനിമ കണ്ടു കഴിഞ്ഞാൽ കുറെ പേര് വിളിക്കും. ‘ ആ സിനിമ കണ്ടിരുന്നു നന്നായിരുന്നു, അതുപോലെ നന്നായിട്ടില്ല കേട്ടോ’ അങ്ങനെ എന്തെങ്കിലും പറയും.
പക്ഷേ ഇപ്പോൾ സഹദേവൻ എന്ന ക്യാരക്ടർ ആയിട്ട് സെറ്റ് ചെയ്തു വെച്ചിരിക്കുകയാണ്. ഇനി അതിനപ്പുറത്ത് പെർഫോമൻസ് കാണിച്ചാൽ മാത്രമേ ആളുകൾ അംഗീകരിക്കുകയുള്ളൂ. അല്ലെങ്കിൽ അവര് പറയും ഷാജോൺ അത് ചെയ്തതല്ലേ അപ്പോൾ ഇതും ചെയ്യും എന്ന്. അങ്ങനെയുള്ള ചലഞ്ചിങ് ആയിട്ടുള്ള കഥാപാത്രങ്ങൾ വരുക എന്നതാണ്. അത് ഒരു വലിയ ടാസ്ക് ആണത്.
അതിനുവേണ്ടിയിട്ടാണ് നമ്മൾ കാത്തിരിക്കുന്നത്. അതിനെ മറികടക്കാൻ ഒരുപാട് കഥാപാത്രങ്ങൾക്ക് വേണ്ടി നമ്മൾ പ്രാർത്ഥിച്ച് ആഗ്രഹിച്ചിരിക്കുകയാണ്. നമ്മളിലേക്ക് വരണമല്ലോ. ഡയറക്ടറിനോടോ റൈറ്ററോടോ പോയിട്ട് ആ കഥാപാത്രം എനിക്ക് തരണം എന്ന് പറയാൻ പറ്റില്ലല്ലോ. അവർക്ക് തോന്നണം ആ കഥാപാത്രം എനിക്ക് കൊടുത്താൽ നന്നാവും എന്ന്. അതിനുവേണ്ടി വെയ്റ്റിങ് ആണ്. ഒരു മൈൽസ്റ്റോൺ സെറ്റ് ചെയ്തു കഴിഞ്ഞാൽ അതിനപ്പുറത്തേക്ക് കടക്കുക എന്ന് പറയുന്നത് ഒരു ടാസ്‌ക്കാണ്,’ ഷാജോൺ പറഞ്ഞു.
Content Highlight: Shajon wants to do different roles