മലയാള സിനിമയില്‍ ഒരുപാട് പൊലീസ് വേഷങ്ങളിലെത്തിയിട്ടുള്ള താരമാണ് ഷാജോണ്‍. പലപ്പോഴും തുടര്‍ച്ചയായി അദ്ദേഹം പൊലീസ് വേഷങ്ങളിലാണ് എത്തിയിട്ടുള്ളത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിലാണ് ഷാജോണ്‍ ആദ്യമായി ഇത്തരമൊരു വേഷത്തിലെത്തിയത് അതിനുശേഷമാണ് താരത്തെ തേടി നിരന്തരം പൊലീസ് കഥാപാത്രങ്ങള്‍ വരുന്നത്.
തുടര്‍ച്ചയായി പൊലീസ് വേഷങ്ങള്‍ ചെയ്യുമ്പോള്‍ മടുപ്പ് അനുഭവപ്പെടാറുണ്ടൊ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയാണ് ഷാജോണ്‍. തന്റെ ഏറ്റവും പുതിയ സിനിമയായ തേരിന്റെ ഭാഗമായി നടത്തിയ പ്രസ് മീറ്റിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
വീണ്ടും വീണ്ടും പൊലീസ് കഥാപാത്രങ്ങള്‍ വരുമ്പോള്‍ അതില്‍ അഭിനയിക്കണമോ വേണ്ടയോ എന്ന് ചിന്തിക്കാറുണ്ടെന്നും, നിരന്തരം ഇതുതന്നെ ചെയ്യുമ്പോള്‍ ശരിക്കും മടുപ്പ് തോന്നിയിട്ടുണ്ടെന്നും ഷാജോണ്‍ പറഞ്ഞു. എന്നാല്‍ സിനിമയില്‍ തന്റെ കഥാപാത്രത്തിന് ലഭിക്കുന്ന പ്രാധാന്യം ഓര്‍ക്കുമ്പോള്‍ അറിയാതെ അത്തരം സിനിമകള്‍ ചെയ്ത് പോകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
‘വീണ്ടും വീണ്ടും പൊലീസ് കഥാപാത്രങ്ങള്‍ വരുമ്പോള്‍ എനിക്ക് തന്നെ മടുപ്പ് തോന്നിയിട്ടുണ്ട്. സത്യം പറഞ്ഞാല്‍ കാക്കി കാണുമ്പോള്‍ തന്നെ അത് വേണോ എന്ന തോന്നല്‍ എനിക്ക് വരാറുണ്ട്. പക്ഷെ നമ്മളിലേക്ക് ഒരു കഥ എത്തുമ്പോള്‍ അതിനെ കുറിച്ച് ഞാനൊന്ന് ആലോചിക്കും. സിനിമയിലെ നമ്മുടെ കഥാപാത്രത്തിന്റെ പ്രാധാന്യം മനസിലാകുമ്പോള്‍ അറിയാതെ ഞാന്‍ തന്നെ അത് ചെയ്ത് പോകും.
ഈ സിനിമയിലാണെങ്കിലും ഒരു പൊലീസ് കഥാപാത്രമാണ് ചെയ്യേണ്ടതെന്ന് സംവിധായകന്‍ വിളിച്ച് പറഞ്ഞപ്പോഴും ഞാന്‍ കഥ മാത്രമാണ് നോക്കിയത്. അതുകൊണ്ടാണ് ഇതും ചെയ്യാന്‍ ഞാന്‍ തയാറായത്. നമ്മള്‍ കേള്‍ക്കുന്ന കഥകളില്‍ കഥാപാത്രത്തിന്റെ പ്രാധാന്യമാണ് നോക്കുന്നത്. അത് മനസിലായി കഴിയുമ്പോള്‍ ഒരിക്കലും വേണ്ടായെന്ന് പറയാന്‍ കഴിയില്ല.
അങ്ങനെയുള്ള ഒരു സിനിമ തന്നെയാണ് തേരും. കണ്ട് കഴിയുമ്പോള്‍ നിങ്ങള്‍ക്കത് ഉറപ്പായും മനസിലാകും. അതുപോലെ തന്നെ ഈ ചോദ്യത്തിനുള്ള ഉത്തരവും കിട്ടും. ഞാന്‍ എന്തിനാണ് ഈ സിനിമയില്‍ പൊലീസ് കഥാപാത്രം ചെയ്തതെന്നും മനസിലാകും,’ ഷാജോണ്‍ പറഞ്ഞു.
അതേസമയം എസ്.ജെ സിനു സംവിധാനം ചെയ്യുന്ന സിനിമയാണ് തേര്. അമിത് ചക്കാലക്കല്‍, ബാബുരാജ്, വിജയരാഘവന്‍, സ്മിനു സിജോ തുടങ്ങിയവരാണ് സിനിമയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
content highlight: shajon talks about his police charactor